വ്യക്തിവിവരങ്ങൾ അനുമതി കൂടാതെ ഉപയോഗിച്ചു; ഇറ്റലിയിൽ ഫേസ്ബുക്കിന് 70 ലക്ഷം യൂറോ പിഴ
text_fieldsറോം: ഉപയോക്താക്കളെ അറിയിക്കാതെ വ്യക്തിവിവരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതിന് സമൂഹമാധ്യമ ഭീമനായ ഫേസ്ബുക്കിന് ഇറ്റലിയിൽ 70 ലക്ഷം യൂറോ (61.31 കോടി രൂപ) പിഴ ചുമത്തി. നേരത്തെ 2018ൽ ഇക്കാര്യത്തിൽ പിഴ ചുമത്തിയ ഇറ്റലി വ്യക്തിവിവരങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇത് പാലിക്കാത്തതിനെ തുടർന്നാണ് വീണ്ടും വൻ തുക പിഴ ചുമത്തിയത്.
2018ൽ ഒരു കോടി യൂറോയാണ് ഫേസ്ബുക്കിന് ഇറ്റലിയിൽ പിഴ ലഭിച്ചത്. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഉപഭോക്തൃ അവകാശത്തിന് വിരുദ്ധമായി ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. വ്യക്തിവിവരങ്ങൾ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്ന് സൈൻ അപ് ഘട്ടത്തിൽ തന്നെ ഉപയോക്താക്കളെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് പിഴയിട്ടത്. മൂന്നാംകക്ഷിക്ക് വിവരങ്ങൾ കൈമാറിയതിന്‍റെ പേരിൽ 2018ൽ തന്നെ വീണ്ടും പിഴയിട്ടിരുന്നു.
മുൻ നിർദേശ പ്രകാരം ഫേസ്ബുക് തിരുത്തൽ പ്രസ്താവന പ്രസിദ്ധീകരിച്ചില്ലെന്നും അന്യായമായ വിവര ഉപയോഗം അവസാനിപ്പിച്ചില്ലെന്നും അധികൃതർ വ്യക്തമാക്കി. വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിലും ഉപയോഗിക്കുന്നതിലും അടിയന്തരവും വ്യക്തവുമായ വിവരങ്ങൾ ഇതുവരെ നൽകിയിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.