അർമേനിയയിൽ അർമാദിക്കാൻ നിൽക്കേണ്ട- ഈ കുറിപ്പൊന്ന് വായിക്കൂ
text_fieldsഇന്ത്യയിൽനിന്നുള്ളവർക്ക് യു.എ.ഇയിലേക്കു പോകാനുള്ള വഴി എന്ന നിലയിൽ മലയാളി പ്രവാസികളുടെ ഇഷ്ടകേന്ദ്രമാകുകയാണ് അർമേനിയ. ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് യു.എ.ഇ അനിശ്ചിതകാല വിലക്ക് പ്രഖ്യാപിച്ചതോടെ അർമേനിയ വഴി മടങ്ങുന്നവരുടെ എണ്ണം ഏറിവരികയാണ്. പഴയ സോവിയറ്റ് യൂണിയനിൽ നിന്ന് വേർപെട്ടുണ്ടായ അർമേനിയയിൽ കോവിഡ് കേസുകൾ കുറവായതിനാൽ മാസ്ക് ധരിക്കാതെയാണ് ആളുകൾ പുറത്തിറങ്ങുന്നത്. ഇതുമൂലം അവിടെ എത്തുന്നവർ ക്വാറന്‍റീനിൽ ഇരിക്കാതെ കറങ്ങി നടക്കുകയും ചെയ്യുന്നു.
മനോഹര കാഴ്ചകളൊരുക്കുന്ന അർമേനിയയും ഹൃദ്യമായ പെരുമാറ്റം സമ്മാനിക്കുന്ന അർമേനിയക്കാരുമുള്ള ഇവിടം ഭൂമിയിലെ സ്വർഗമാണെന്ന് വിശേഷിപ്പിച്ച് നിരവധി പ്രവാസി മലയാളികളാണ് ഫേസ്ബുക്കിൽ കുറിപ്പുകൾ പങ്കുവെച്ചത്. സന്ദർശകരുടെ ഹൃദയം കവരുന്ന നാടാണിതെന്ന് സമ്മതിക്കുേമ്പാഴും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ അർമേനിയയിൽ അർമാദിച്ച് നടന്നാൽ പണി പാളുമെന്ന മുന്നറിയിപ്പുകളും ഇപ്പോൾ പലരും നൽകുന്നുണ്ട്. അർമേനിയയിൽ ക്വറന്‍റീൻ കഴിഞ്ഞ് ദുബൈയിൽ തിരികെയെത്തിയ മുഹമ്മദ് ഷാഫി എന്നയാൾ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇത്തരമൊരു മുന്നറിയിപ്പുള്ളത്. അദ്ദേഹത്തിനൊപ്പം അർമേനിയയിൽ ഉണ്ടായിരുന്ന മൂന്നുപേർ ദുബൈയിലേക്ക് പോകാനായി എയർപോർട്ടിലെത്തിയപ്പോൾ ആർ.ടി-പി.സി.ആർ ടെസ്റ്റിൽ പോസിറ്റീവ് ആയി എന്നാണ് കുറിപ്പിലുള്ളത്.
മുഹമ്മദ് ഷാഫിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം-
ഞാൻ അൽപം മുമ്പ് അർമേനിയയിൽനിന്നും ക്വാറന്‍റീൻ കഴിഞ്ഞ് ദുബൈയിലെത്തി. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന മൂന്നുപേർക്ക് തിരിച്ചുവരാനായ് എയർപോർട്ടിൽ എത്തിയപ്പോൾ പി.സി.ആർ ടെസ്റ്റ് പോസിറ്റീവായിരിക്കുന്നു. നിങ്ങളുടെ പരിചയത്തിലുള്ള ഇപ്പോൾ അർമേനിയയിൽ ക്വാറന്‍റീനിൽ കഴിയുന്നവരോട് കോവിഡ് പ്രോട്ടോക്കോൾ നിസ്സാരമായി കാണാതെ പ്രത്യേകം ശ്രദ്ധിക്കാൻ ഓർമ്മപ്പെടുത്തണം. അർമേനിയയിൽ കോവിഡ് കേസുകൾ കുറവാണെന്ന് കരുതി ശ്രദ്ധിക്കാതെയിരിക്കരുത്. ഇല്ലെങ്കിൽ തിരിച്ചുവരാൻ നേരത്ത് ഇതുപോലെ പണികിട്ടും. തലസ്ഥാനമായ യെരവാനിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.