‘സ്വാമി വിദ്യാനന്ദ് നെഹ്‌റുവിന്റെ മുഖത്തടിച്ചു, ഫോട്ടോഗ്രാഫര്‍ പ്രയാസപ്പെട്ട് എടുത്ത അപൂര്‍വഫോട്ടോ’ -സംഘ്പരിവാർ പ്രചരിപ്പിക്കുന്ന ചിത്രത്തിന്റെ വസ്തുതയെന്ത്?
text_fieldsസംഘ്പരിവാർ നേതാക്കളും പ്രവർത്തകരും കുടുംബഗ്രൂപ്പുകളില്‍ മുതല്‍ ലേഖനങ്ങളില്‍ വരെ പ്രചരിപ്പിക്കുന്ന നെഹ്‌റുവിന്റെ ഒരു ചിത്രത്തിന്റെ വസ്തുത വെളിപ്പെടുത്തുകയാണ് എഴുത്തുകാരിയായ സുധാമേനോൻ. ‘‘ഇന്ത്യയിലെ ഹിന്ദുക്കൾ അഭയാർഥികളാണ് എന്ന് നെഹ്‌റു പറഞ്ഞപ്പോള്‍, അതിനു സാക്ഷിയായിരുന്ന സ്വാമി വിദ്യാനന്ദ് വിദെഹ്, വേദിയിൽ വെച്ച് തന്നെ നെഹ്‌റുവിന്റെ മുഖത്ത് അടിക്കുകയും മൈക്ക് തട്ടിയെടുക്കുകയും ചെയ്തു. ഫോട്ടോഗ്രാഫര്‍ വളരെ പ്രയാസപ്പെട്ട് എടുത്ത അപൂര്‍വഫോട്ടോ ആണിത്’’ എന്ന പേരിലാണ് ചിത്രം സംഘ്പരിവാറുകാർ ഷെയര്‍ ചെയ്യുന്നത്. എന്നാൽ, യഥാർത്ഥത്തിൽ എന്താണ് സംഭവം?
സുധാ മേനോന്റെ കുറിപ്പ് വായിക്കാം:
സ്വാമി വിദ്യാനന്ദ് വിദെഹ് നെഹ്‌റുവിനെ മര്‍ദ്ദിച്ച ശേഷമുള്ള ഫോട്ടോ എന്ന് പറഞ്ഞുകൊണ്ട് കുറെക്കാലമായി സംഘികൾ വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു വ്യാജ ചിത്രമാണിത്. ലക്ഷക്കണക്കിന് ആളുകള്‍ ഷെയര്‍ ചെയ്തത്. പച്ചക്കള്ളമാണെന്ന് പല തവണ പലരും പറഞ്ഞിട്ടും ഇപ്പോഴും വ്യാപകമായി ഈ ഫോട്ടോ കുടുംബഗ്രൂപ്പുകളില്‍ മുതല്‍ ലേഖനങ്ങളില്‍ വരെ പ്രചരിപ്പിക്കപ്പെടുന്നു. ഒരു ചടങ്ങിൽ "ഇന്ത്യയിലെ ഹിന്ദുക്കൾ അഭയാർത്ഥികളാണ് എന്ന് നെഹ്‌റു പറഞ്ഞപ്പോള്‍, അതിനു സാക്ഷിയായിരുന്ന സ്വാമി വിദ്യാനന്ദ് വിദെഹ്, വേദിയിൽ വെച്ച് തന്നെ നെഹ്‌റുവിന്റെ മുഖത്ത് അടിക്കുകയും മൈക്ക് തട്ടിയെടുക്കുകയും ചെയ്തുകൊണ്ട്, ‘ഹിന്ദുക്കൾ അഭയാർത്ഥികളല്ല, അവർ നമ്മുടെ പൂർവ്വികരും ഈ രാജ്യത്തിൻ്റെ ആദിമ നിവാസികളുമാണ്’ എന്ന് പറഞ്ഞുവത്രേ. ഫോട്ടോഗ്രാഫര്‍ വളരെ പ്രയാസപ്പെട്ട് എടുത്ത അപൂര്‍വഫോട്ടോ ആണെന്നും പറഞ്ഞാണ് ഷെയര്‍ ചെയ്യുന്നത്.
എന്താണ് സത്യം ? ഈ ഫോട്ടോ 1962 ജനുവരി 4 ന് ബീഹാറിലെ പട്നയില്‍ നടന്ന എഐസിസി സബ്ജക്റ്റ് കമ്മിറ്റി മീറ്റിങ്ങില്‍ നിന്നുള്ളതാണ്. അന്ന് എന്‍. സഞ്ജീവ റെഡി ആയിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍. തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രമേയം യു.എന്‍ ധേബാര്‍ അവതരിപ്പിച്ചതിന് ശേഷം, ജവാഹര്‍ലാല്‍ നെഹ്‌റു പതിവുപോലെ നീണ്ട പ്രസംഗം നടത്തുകയായിരുന്നു. പക്ഷെ, നെഹ്രുവിന്റെ പ്രസംഗം അവസാനിച്ച ഉടന്‍ സബ്ജക്റ്റ് കമ്മിറ്റി യോഗം നിര്‍ത്തിവേക്കേണ്ടി വന്നു. കാരണം, പുറത്ത് പന്തലില്‍ നെഹ്‌റു നെഹ്‌റു എന്ന് വിളിച്ചുകൊണ്ട് ആര്‍ത്തിരമ്പുന്ന ജനക്കൂട്ടം അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ വേണ്ടി ബാരിക്കേഡുകള്‍ തകര്‍ത്ത് വേദിക്കരികിലേക്ക് വരികയും, സാഹചര്യം നിയന്ത്രണാതീതമാവുകയും ചെയ്തു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു സബ്ജക്റ്റ് കമ്മിറ്റി യോഗം തുടരാനാകാതെ നിര്‍ത്തി വെക്കുന്നത്. അത് അന്നത്തെ മിനിട്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷയില്‍ ആകുലനായ നെഹ്‌റു സംഘാടകരോട് ദേഷ്യപ്പെട്ടു. തിക്കിലും തിരക്കിലും ജീവാപായം സംഭവിക്കാതിരിക്കാന്‍ വേണ്ടി മുന്നോട്ട് വന്ന് പ്രവര്‍ത്തകരോട് സമാധാനം പാലിക്കാന്‍ ആവര്‍ത്തിച്ചു പറഞ്ഞു. എന്നിട്ടും ഫലമില്ലാതായപ്പോള്‍, കുഞ്ഞുങ്ങളും, സ്ത്രീകളും അപകടത്തില്‍പ്പെടുമെന്ന് വേവലാതിയോടെ പറഞ്ഞുകൊണ്ട് വൃദ്ധനും ക്ഷീണിതനുമായ നെഹ്‌റു ജനക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ തുനിഞ്ഞു. അപ്പോള്‍ അപകടം മനസിലാക്കിയ സഹപ്രവര്‍ത്തകരും വളണ്ടിയര്‍മാരും അദ്ദേഹത്തെ പിന്നില്‍ നിന്നും ബലമായി തടഞ്ഞു നിര്‍ത്തി. ആ പോസിലുള്ള ഫോട്ടോ ആണിത്.
പിറ്റേ ദിവസം പത്രങ്ങളിലെ പ്രധാന വാര്‍ത്ത( ജനുവരി 5, 1962) നെഹ്രുവിന്റെ അഭ്യര്‍ത്ഥന പോലും കേള്‍ക്കാതെ ജനക്കൂട്ടം വേദിയിലേക്ക് ഇരമ്പിക്കയറാന്‍ ശ്രമിച്ചതായിരുന്നു. ആനന്ദബസാര്‍ പത്രിക, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങള്‍ ഒക്കെ ഫോട്ടോ സഹിതം ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചില വാർത്തകൾ കമന്റിൽ ഉണ്ട്. ഇതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്.. അല്ലാതെ വേദപണ്ഡിതനായ സ്വാമി വിദ്യാനന്ദ് വിദേഹിന് ഇതിലൊരു പങ്കുമില്ല.
ഓര്‍ക്കണം, 1947ലെ വര്‍ഗീയലഹളയില്‍ ദില്ലിനഗരം കൊലക്കളമായപ്പോള്‍, വെറുമൊരു വടിയുമായി ജീപ്പില്‍ പട്ടണം ചുറ്റി അക്രമകാരികളെ മതം നോക്കാതെ അടിച്ചോടിച്ച ധീരന്റെ പേരാണ് ജവാഹര്‍ലാല്‍ നെഹ്‌റു. സ്വന്തം ഔദ്യോഗിക വസതിയില്‍ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും താമസിപ്പിക്കുകയും അവര്‍ക്ക് വേണ്ടി അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കുകയും ചെയ്ത പ്രധാനമന്ത്രി! അദ്ദേഹം ഒരിക്കലും ഹിന്ദുക്കളെ അവഹേളിച്ചിട്ടില്ല. ഹിന്ദുക്കളെ രാഷ്ട്രീയ നേട്ടത്തിന് ഉപകരണമാക്കുന്ന ഭീരുക്കളെ മാത്രമേ അദ്ദേഹം പരിഹസിക്കാറുള്ളൂ. ഈ ഫോട്ടോ വ്യാജവാര്‍ത്ത പരത്താനും നെഹ്രുവിനെ അപമാനിക്കാനും ഉപയോഗിക്കുന്ന വിചിത്ര മനുഷ്യരോട് സഹതാപം മാത്രമേ ഉള്ളൂ. ഇത്രേം തരം താഴരുത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.