സവാളയുടെ പുറത്തെ കറുത്ത പാളി ബ്ലാക്ക് ഫംഗസിന് കാരണമാകുമോ? വാസ്തവം അറിയാം
text_fieldsന്യൂഡൽഹി: കൊറോണ വൈറസിനൊപ്പം പേടിപ്പെടുത്തുന്ന ഒന്നാണ് ബ്ലാക്ക് ഫംഗസ്. രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ടുചെയ്യുന്നതിനേക്കാളേറെ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത് ഇതുമായി ബന്ധപ്പെട്ട വ്യാജവാർത്തകളാണ്. ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട ഏറ്റവും അവസാനത്തെ ഇര സവാളയും ഫ്രിഡ്ജുമാണ്.
സവാളയും ഫ്രിഡ്ജുമാണ് ബ്ലാക്ക് ഫംഗസിന് കാരണമെന്ന തരത്തിൽ ഹിന്ദിയിൽ എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചുകഴിഞ്ഞു. 'ആഭ്യന്തര ബ്ലാക്ക് ഫംഗസിനെതിരെ ജാഗ്രത പാലിക്കാം. അടുത്ത തവണ നിങ്ങൾ സവാള വാങ്ങുേമ്പാൾ, അതിെൻറ പുറത്തെ കറുത്ത പാളി ശ്രദ്ധിക്കണം. ശരിക്കും, അതാണ് ബ്ലാക്ക് ഫംഗസ്. റഫ്രിജറേറ്ററിനകെത്ത റബ്ബറിൽ കാണുന്ന കറുത്ത ഫിലിമും ബ്ലാക്ക് ഫംഗസിന് കാരണമാകും. ഇത് അവഗണിച്ചാൽ, ഫ്രിഡ്ജിലും മറ്റും സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ പദാർഥങ്ങളിലൂടെ ബ്ലാക്ക് ഫംഗസ് നിങ്ങളുടെ ശരീരത്തിലെത്തും' -ഇതാണ് ഫേസ്ബുക്കിൽ പടർന്നുപിടിക്കുന്ന സന്ദേശം.
തുടർന്ന്, ഇന്ത്യ ടുഡെ നടത്തിയ വിവരശേഖരത്തിൽ ഇവ ബ്ലാക്ക് ഫംഗസിന് കാരണമാകില്ലെന്ന് കണ്ടെത്തി. റഫ്രിജറേറ്റിനുള്ളിലെ തണുത്ത പ്രതലത്തിൽ ചില ബാക്ടീരിയകളും സൂക്ഷ്മാണുക്കളുമുണ്ടാകും. ഇവ ബ്ലാക്ക് ഫംഗസിന് കാരണമാകില്ല. എങ്കിലും ചില രോഗങ്ങൾക്ക് കാരണക്കാരായേക്കാം. അതിനാൽ ഇത് നീക്കം ചെയ്യുന്നതാണ് ഉത്തമമെന്ന് ന്യൂഡൽഹി ഇൻറർനാഷനൽ സെൻറർ ഫോർ ജെനറ്റിക് എൻജിനീയറിങ് ആൻഡ് ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞനായ നസീം ഗൗർ പറയുന്നു.
മണ്ണിലുണ്ടാകുന്ന ചില ഫംഗസുകൾ കാരണമാണ് ഉള്ളിയുടെ പുറമെ കറുത്ത പാളിയുണ്ടാകുന്നത്. അപൂർവ സന്ദർഭങ്ങളിൽ ഇത് ചില ഫംഗസ് അണുബാധക്ക് കാരണമാകും. ബ്ലാക്ക് ഫംഗസിന് കാരണമാകില്ലെങ്കിലും ഉപയോഗിക്കുന്നതിന് മുമ്പ് സവാള നന്നായി കഴുകണമെന്ന് ശാസ്ത്രജ്ഞനായ ഡോ. ശേഷ് ആർ. നവാംഗെ പറഞ്ഞു.
പരിസ്ഥിതിയിൽ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകൾ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകളാണ് ബ്ലാക്ക് ഫംഗസിന് കാരണം. പ്രമേഹം, രോഗപ്രതലിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയവരിലാണ് ഇത് പ്രധാനമായും ബാധിക്കുക. ഇത്തരം വ്യക്തികളുടെ സൈനസുകളിൽ അല്ലെങ്കിൽ ശ്വാസകോശത്തിൽ ഫംഗസ് പ്രവേശിക്കുന്നതുവഴി രോഗബാധയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.