Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightഉമ തോമസിന്റെ...

ഉമ തോമസിന്റെ അപകടവാർത്തക്ക് താഴെ പരിഹാസവും അധിക്ഷേപവും; നാളെ എനിക്കോ നിങ്ങൾക്കോ സംഭവിച്ചേക്കാമെന്ന് ഓർമിപ്പിച്ച് ബിനീഷ് കോടിയേരി

text_fields
bookmark_border
ഉമ തോമസിന്റെ അപകടവാർത്തക്ക് താഴെ പരിഹാസവും അധിക്ഷേപവും; നാളെ എനിക്കോ നിങ്ങൾക്കോ സംഭവിച്ചേക്കാമെന്ന് ഓർമിപ്പിച്ച് ബിനീഷ് കോടിയേരി
cancel

കോഴിക്കോട്: ഉമ തോമസ് എം.എൽ.എക്ക് വീണ് ഗുരുതര പരിക്കേറ്റുവെന്ന മാധ്യമവാർത്തകൾക്ക് താഴെ പരിഹാസ, അധിക്ഷേപ കമന്റുകളുമായി രാഷ്ട്രീയ എതിരാളികൾ. ഉമയുടെ രാഷ്ട്രീയ നിലപാടുകളെ അപകടവുമായി കൂട്ടിച്ചേർത്ത് പരിഹസിച്ചാണ് കമന്റുകൾ. എം.എൽ.എയെ വ്യക്തിഹത്യനടത്തുന്ന പരാമർശങ്ങളും ധാരാളമുണ്ട്. ‘മനുഷ്യരാകണം, മനുഷ്യരാകണം’ എന്ന് പാട്ടുപാടി നടന്നാൽ​ പോരെന്നും ഇത്തരം സന്ദർഭങ്ങളിലെങ്കിലും മനുഷ്യരാകാൻ ശ്രമിക്ക​ണമെന്നും ഇതിന് മറുപടിയായി ചിലർ കമന്റുചെയ്യുന്നുണ്ട്.

‘ധൃതി ഒന്നുമില്ല പതുക്കെ സുഖം പ്രാപിച്ചാൽ മതി.പ്രത്യേകിച്ചു കാര്യമൊന്നുമില്ല’ ‘വെറുതെ ധൃതി കാണിക്കേണ്ടായിരുന്നു അതല്ലേ വീണത്’ ‘ആവശ്യമില്ലതെ വെറുതെ വലിഞ്ഞുകയറെണമായിരുന്നേ എന്തിനാ ഇത്ര തിരക്ക് ആർക്കാണ് ഇത്ര തിരക്ക്’ ‘‘വെറുതെ ധൃതി കാണിക്കേണ്ടായിരുന്നു അതല്ലേ വീണത്’’, ‘എന്തായാലും സർക്കാർ #ധൃതിയിൽ തന്നെ ഉമാതോമസിന്റെ ചികിത്സ പുരോഗമിപ്പിക്കുന്നുണ്ട്’ ‘എത്രയും വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോ ഒരൽപ്പം ദ്യുതിയുണ്ട്.’ ‘തിരക്കൊന്നും കൂട്ടാതെ ആംബുലൻസിൽ സൈറൺ ഇടാതെ പതുക്കെ കൊണ്ടോയാൽ മതിലോ .?’ ‘സാവധാനം പോയാൽ മതിയായിരുന്നല്ലോ. എന്തിനാ ഇത്ര ധ്യതിയിൽ പോയാൽ മതിയായിരുന്നല്ല. മാപ്രകളെ കൂടെ കൂട്ടണ്ട. അതിൻറെ സ്ലോമോഷനിൽ റെക്കോർഡ് ചെയ്യാൻ.’ ‘പ്രായം ആയില്ലേ അമ്മച്ചി ശ്രദ്ധിക്കണ്ടേ, എന്തിനാ ഇത്രയും ധൃതി. ഏതായാലും പതുക്കെ ആണെങ്കിലും സുഖം പ്രാപിക്കട്ടെ..’ ‘മറ്റാർക്കും ധൃതിയില്ലെങ്കിലും ധൃതിയിൽ ആശുപത്രിയിലെത്തിക്കുക ധൃതിയിൽ ചികിത്സ നടത്തുക. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ ഇതൊക്കെ ആർക്കും സംഭവിക്കാവുന്നതാണെന്ന് ട്രോളന്മാർ തിരിച്ചറിയണം.’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. സി.പി.എം അനുകൂലികളാണ് ഇത്തരം കുറിപ്പുകൾ അധികവും എഴുതിയിരിക്കുന്നത്.

പ്രവർത്തകരുടെ ഇത്തരം മോശം കമന്റുകളിൽ സഹികെട്ട് സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി അടക്കമുള്ളവർ പരസ്യമായി രംഗത്തെത്തി. ‘ശ്രീമതി ഉമ തോമസിന് ഒരു അപകടം സംഭവിച്ചിരിക്കുന്നു, നാളെ എനിക്കോ നിങ്ങൾക്കൊ സംഭവിക്കാവുന്ന ഒന്ന്. അങ്ങനെയുള്ള അവസരങ്ങളിൽ അവരുടെ മുൻ അഭിപ്രായപ്രകടനങ്ങൾ എടുത്തുവെച്ച് ചർച്ചചെയ്യുക എന്നുള്ളത് ആധുനിക സമൂഹത്തിലെ മനുഷ്യർക്ക് യോജിക്കാത്തതാണ്. അഭിപ്രായവ്യത്യാസങ്ങൾ നിലനിർത്തികൊണ്ട് തന്നെ ഇത്തരം അവസരങ്ങളിൽ കൂടെ നിൽക്കുക എന്നതാണ് പുരോഗമന രാഷ്രീയത്തിന്റെ വക്താക്കൾ ചെയ്യേണ്ടുന്നത്.. എത്രയും പെട്ടെന്ന് ആരോഗ്യവതിയായി അവർ അവരുടെ കർമമണ്ഡലത്തിൽ വ്യാപ്രിതയാവട്ടെ’ -എന്നായിരുന്നു ബിനീഷിന്റെ പ്രതികരണം.

കലൂർ നെഹ്റു സ്​റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് ആറുമണിയോ​ടെയായിരുന്നു ദാരുണ അപകടം. 20 അടിയോളം ഉയരത്തിൽനിന്ന് താ​ഴേക്ക്​ വീണ ഉമ തോമസ്​ എം.എൽ.എക്ക്​ തലക്കും ശ്വാസകോശത്തിനും പരിക്കേറ്റിട്ടുണ്ട്. എം.എൽ.എയുടെ നില ഗുരുതരമായി തുടരുകയാണ്. നട്ടെല്ലിനും മുഖത്തും ചെറിയ പൊട്ടലുകളുണ്ട്​. പാലാരിവട്ടത്തെ റിനൈ മെഡിസിറ്റി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്‍റിലേറ്ററിലാണ്​. വാരിയെല്ലിലെ പൊട്ടൽമൂലം ശ്വാസകോശത്തിലേക്ക്​ രക്തസ്രാവമുണ്ടായിട്ടുണ്ട്​. രക്തം കട്ടപിടിച്ച നിലയിലാണ്​. അടിയന്തര ശസ്​ത്രക്രിയകൾ ആവശ്യമില്ലെങ്കിലും അപകടനില തരണം ചെയ്​തെന്ന്​ പറയാനാകില്ലെന്ന്​ ഡോക്ടർമാർ അറിയിച്ചു. 24 മണിക്കൂറിനുശേഷം മാത്രമേ തുടർചികിത്സകൾ സാധ്യമാകൂവെന്നാണ്​ അധികൃതർ അറിയിച്ചത്​. ആശുപത്രിയിലെത്തിക്കുമ്പോൾ ബോധമുണ്ടായിരുന്നെങ്കിലും പിന്നീട്​ അബോധാവസ്ഥയിലായി. തലച്ചോറിന്​ പരിക്കുള്ളതായാണ്​ സി.ടി സ്കാനിങ്ങിൽ കണ്ടെത്തിയത്​.

മൃദംഗ വിഷൻ എന്ന സംഘടനയുടെ നേതൃത്വത്തില്‍ 12,000 നര്‍ത്തകരുടെ ഭരതനാട്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഉടനെയാണ്​ വി.ഐ.പി ഗാലറിയിൽനിന്ന്​ എം.എൽ.എ 20 അടിയോളം താഴേക്ക്​ വീണത്​. കോൺക്രീറ്റ്​ പാളിയിലേക്കാണ്​ തലയടിച്ച്​ വീണത്​. തല പൊട്ടി രക്തപ്രവാഹമുണ്ടായിരുന്നു. മൂക്കിലൂടെയും രക്തം വന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. പരിപാടിയുമായി ബന്ധപ്പെട്ട്​ സ്ഥലത്തുണ്ടായിരുന്ന​ ഡോക്ടറും മറ്റും ഓടിയെത്തി തൊട്ടടുത്ത പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

സ്​​റ്റേഡിയത്തിൽ ഗ്രൗണ്ടിനോട്​ ചേർന്ന ഗാലറിയുടെ ആദ്യനിരയിൽ തയാറാക്കിയ സ്​റ്റേജിലാണ്​ വി.ഐ.പി ലോഞ്ച്​ ഒരുക്കിയത്​. ഗാലറിയിൽ നിലവിലുള്ള കസേരകൾക്ക്​ മുകളിൽ തട്ടടിച്ചാണ്​ സ്​റ്റേജ്​ ഒരുക്കിയത്​. എം.എൽ.എ താഴത്തുനിന്ന്​ നടന്നുകയറി വി.ഐ.പി ഗാലറി ഭാഗത്ത്​ എത്തിയശേഷം വിശിഷ്ഠാതിഥികളെ അഭിവാദ്യം ചെയ്ത്​ നടന്നുനീങ്ങാൻ ഒരുങ്ങുന്നതി​നിടെയാണ്​ വീണത്​. ബാരിക്കേഡിന്​ പകരം കെട്ടിയിരുന്ന റിബണിൽ പിടിക്കവേ​ കമ്പിയടക്കം താഴേക്ക്​ പതിക്കുകയായിരുന്നെന്ന്​ ദൃക്സാക്ഷികൾ പറഞ്ഞു. ഓക്സിജൻ നൽകിയാണ്​ ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിച്ചത്​.

ഓര്‍ത്തോ, ഇ.എന്‍.ടി, ന്യൂറോ വിഭാഗം ഡോക്ടർമാരെത്തി അടിയന്തര പരിശോധനക്ക്​ വിധേയയാക്കുകയും സി.ടി സ്കാനും എക്​​സ്​റേയു​മടക്കം എടുത്ത്​ പരിശോധിക്കുകയും ചെയ്തു. അപകടത്തിന് ശേഷം പരിപാടി തുടര്‍ന്നിരുന്നെങ്കിലും കുറച്ച് സമയത്തിനുശേഷം പരിപാടി പൂര്‍ത്തിയാക്കുന്നതായി സംഘാടകര്‍ അറിയിച്ചു. മന്ത്രി സജി ചെറിയാനും എ.ഡി.ജി.പി ശ്രീജിത്തും രാഷ്ട്രീയ നേതാക്കളുമടക്കം ആശുപത്രിയിൽ എത്തിയിരുന്നു. ഉമ തോമസിനെ പരി​ശോധിക്കുന്നതിനായി പ്രത്യേക മെഡിക്കൽ ബോർഡ്​ രൂപവത്​കരിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hate Commentuma thomas
News Summary - hate comments against Thrikkakara Congress MLA Uma Thomas after falling from stadium gallery
Next Story