'പെൺകുട്ടികൾ സുഹൃത്തുക്കൾ മാത്രം കാണുന്ന രീതിയിൽ ഫോട്ടോ പോസ്റ്റ് ചെയ്യുക'; പൊലീസിന്‍റെ 'ഉപദേശ'ത്തിൽ വ്യാപക വിമർശനം
text_fieldsകോഴിക്കോട്: സമൂഹമാധ്യമങ്ങളിലെ പെൺകുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നത് ചൂണ്ടിക്കാട്ടി എഫ്.ബി പേജിലൂടെ കേരള പൊലീസ് നൽകിയ മുന്നറിയിപ്പിനെതിരെ വ്യാപക വിമർശനം. സുഹൃത്തുക്കൾ മാത്രം ഫോട്ടോ കാണുന്ന രീതിയിൽ സെറ്റിങ്സ് മാറ്റണമെന്നാണ് പൊലീസിന്‍റെ ഉപദേശം. എന്നാൽ, 'സ്ത്രീകൾ പുറത്തിറങ്ങുന്നത് കൊണ്ടാണ് പീഡനങ്ങളുണ്ടാകുന്നത്' എന്നതിന്‍റെ സമാനമായ അഭിപ്രായമാണ് ഇതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. പെൺകുട്ടികളെ ഉപദേശിക്കുന്നതിന് പകരം, ഫോട്ടോ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടിയെടുത്താണ് പൊലീസ് മാതൃകയാകേണ്ടതെന്നും അഭിപ്രായമുയരുന്നു.
സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന പെൺകുട്ടികളുടെ ഫോട്ടോകൾ അശ്ലീല സൈറ്റുകളുടെ പരസ്യങ്ങളിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്നായിരുന്നു പൊലീസിന്‍റെ മുന്നറിയിപ്പ്. എന്നാൽ, ഇത് തടയാനുള്ള മാർഗമായി പൊലീസ് ചൂണ്ടിക്കാട്ടിയ വഴിയാണ് വിമർശനമേറ്റുവാങ്ങുന്നത്.
'പ്രൊഫൈലിൽ സ്വന്തം ഫോട്ടോയോ വിഡിയോയോ പങ്കുവയ്ക്കുമ്പോൾ അവ അടുത്ത സുഹൃത്തുക്കൾക്ക് മാത്രം കാണാവുന്ന രീതിയിൽ സെറ്റിങ്സ് ക്രമീകരിക്കുക. ഇത്തരത്തിൽ നിങ്ങൾ ഇരയായാൽ ഉടൻ പൊലീസ് സഹായം തേടുക' -ഇതാണ് പോസ്റ്റിൽ പറഞ്ഞത്.
കേരള പൊലീസ് സദാചാര പൊലീസ് കളിക്കുകയാണെന്നാണ് പ്രധാന വിമർശനം. സ്ത്രീകൾ പുറത്തിറങ്ങരുത് എന്നതിന്‍റെ മറ്റൊരു വേർഷനാണ് സ്ത്രീകൾ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ ഫ്രണ്ട്‌സ് ഒൺലി ആക്കണമെന്ന് പറയുന്നതെന്ന് ഒരാൾ അഭിപ്രായപ്പെടുന്നു.
'ആരെങ്കിലും ഫോട്ടോ ദുരുപയോഗം ചെയ്താൽ നിയമ നടപടി സ്വീകരിക്കുകയാണ് പൊലീസിന്‍റെ ജോലി. ഫേസ്ബുക്കിൽ ഫോട്ടോ ഷെയർ ചെയ്യുക എന്നത് നിയമവിരുദ്ധമായ കാര്യമല്ല. സമൂഹ്യമായ ഇടപെടലുകളും തുറന്ന ചർച്ചകളും തുല്യനീതിയെക്കുറിച്ച് നടക്കുന്ന കാലത്താണ് സദാചാര പൊലീസ്.സൈബർ കുറ്റകൃത്യങ്ങളിൽ നടപടി സ്വീകരിക്കണം. അതാണ് നിങ്ങളുടെ ജോലി. അല്ലാതെ സദാചാര പൊലീസ് കളിക്കുകയല്ല.' -മറ്റൊരാൾ ചൂണ്ടിക്കാട്ടി.
'കേരള പൊലീസ് എന്നത് മാറ്റി കേരള സദാചാര പൊലീസ് എന്നാക്കിക്കൂടെ'യെന്ന് വേറൊരു കമന്‍റ്. 'ഇല വന്നു മുള്ളിൽ വീണാലും. മുള്ള് ചെന്ന് ഇലയിൽ വീണാലും' എന്ന വരി കൂടി ചേർക്കണമെന്നും കമന്‍റുകൾ വന്നു. പരാതിപ്പെട്ടിട്ടും പൊലീസ് കൃത്യമായി നടപടിയെടുക്കുന്നുണ്ടോയെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.
ഫോട്ടോ വിഷയത്തിൽ പൊലീസിനെ പിന്തുണച്ചും നിരവധി പേർ രംഗത്തുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ പൊലീസിനുള്ള പരിമിതികളും പലരും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.