Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_right'ഓർക്കുമ്പോൾ...

'ഓർക്കുമ്പോൾ പേടിപ്പെടുത്തുന്ന ഡൽഹിയിലെ ആശുപത്രി ദിനങ്ങൾ'

text_fields
bookmark_border
ഓർക്കുമ്പോൾ പേടിപ്പെടുത്തുന്ന ഡൽഹിയിലെ ആശുപത്രി ദിനങ്ങൾ
cancel
camera_alt

Representational Image

കോവിഡ് അതിരൂക്ഷമായി തുടരുകയാണ് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ. ഓക്സിജൻ ലഭിക്കാതെ ആളുകൾ മരിച്ചുവീഴുന്ന വാർത്തകൾ ഉൾപ്പെടെ ഡൽഹിയിൽ നിന്നും വന്നിരുന്നു. കോവിഡ് ബാധിച്ച് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ദിനങ്ങളെ കുറിച്ച് മലയാളിയായ രാഹുൽ ചൂരൽ എഴുതിയ കുറിപ്പ് ഡൽഹിയിലെ കോവിഡ് ഭീകരതയുടെ നേർക്കാഴ്ചയാവുകയാണ്.

സി.പി.എം നേതാവും എം.പിയുമായ എളമരം കരീമിന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗമാണ് രാഹുൽ ചൂരൽ. ഡൽഹിയിലെ ആശുപത്രിയിൽ അനുദിനം ആരോഗ്യാവസ്ഥ വഷളായിക്കൊണ്ടിരിക്കെ എയർ ആംബുലൻസ് വഴി ഇദ്ദേഹത്തെ കേരളത്തിലെത്തിക്കുകയായിരുന്നു. ഡൽഹിയിലെ സാഹചര്യം വിവരിക്കുന്നതോടൊപ്പം കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ ആത്മാർഥതയെ പ്രകീർത്തിക്കുന്നുമുണ്ട് ഇദ്ദേഹം.

രാഹുൽ ചൂരൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം...

മൂന്നുപേർ കണ്മുന്നിൽ വച്ചു വേണ്ടത്ര ചികിത്സയോ ശ്രദ്ധയോ കിട്ടാത്തതുകൊണ്ട് മാത്രം മരിച്ചുവീഴുന്നത് കാണേണ്ടിവരിക, കൃത്യമായി ജോലി ചെയ്യാൻ താല്പര്യമില്ലാത്ത ആരോഗ്യപ്രവർത്തകർ കാരണം മലമൂത്ര വിസർജനം പോലും ശരിയായി നടത്താൻ പറ്റാതെ ഒരു സമയത്ത് സ്വന്തം വിസർജ്യത്തിനുമേൽ രണ്ടു ദിവസത്തോളം കിടക്കേണ്ടിവരിക; കോവിഡ് ബാധിച്ചു ഡൽഹിയിൽ അഡ്മിറ്റ്‌ ആയ ദിവസങ്ങളിൽ അനുഭവിക്കേണ്ടിവന്ന കാര്യങ്ങൾ ഓർക്കുമ്പോൾ ഇപ്പോഴും ഉള്ള് കാളും. അവിടെ നിന്ന് എങ്ങനെയോ രക്ഷപ്പെട്ടു കേരളത്തിൽ എത്തിയതുകൊണ്ടുമാത്രം ജീവൻ തിരിച്ചുകിട്ടിയ എന്റെ അനുഭവം രണ്ട് ആരോഗ്യ സംസ്കാരങ്ങളുടെയും സർക്കാർ മേഖലയിലെ ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ കാര്യക്ഷമതയുടെയും ആരോഗ്യ പ്രവർത്തകരുടെ പരിചരണത്തിലെയും പെരുമാറ്റത്തിലെയും വ്യത്യാസത്തിന്റെയും നേർ സാക്ഷ്യമാണ്. ഇന്ന് ഇവിടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ കിടന്നു മൂന്നാഴ്ചക്കാലം കോവിഡ് എനിക്കും ഉറ്റവർക്കും ഉണ്ടാക്കിയ പൊല്ലാപ്പുകൾ വീണ്ടും ഓർക്കുമ്പോൾ അതിലെ ഡൽഹി എപ്പിസോഡ് ഭീതിയുളവാക്കുന്ന ഒന്നായി മനസ്സിൽ തങ്ങിനിൽക്കുന്നു.

ഏപ്രിൽ 16ന് രാത്രി മുതലാണ് കൊറോണ വൈറസ് എന്റെ ശരീരത്തിലും കടന്നുകൂടിയതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഡൽഹിയിലെ അടുത്ത സുഹൃത്തുക്കൾക്കും കുടുംബത്തിനുമെല്ലാം ഒന്നുരണ്ടു ദിവസം മുന്നേ പനിയും തൊണ്ടവേദനയും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു. എല്ലാ ദിവസവും ഒന്നിച്ചുണ്ടാകുന്നവരിൽ എനിക്ക് മാത്രമാണ് അത്തരം പ്രശ്നങ്ങൾ ഒന്നും അതുവരെ ഇല്ലാതിരുന്നത്. എന്നാൽ 16ന് രാത്രി മുതൽ കാര്യങ്ങൾ പെട്ടെന്ന് മാറിമറിഞ്ഞു.

ശരീരമാസകലം വേദനയും വിറയലും. തലവേദന കൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല. കയ്യിലുണ്ടായിരുന്ന ഗുളിക കഴിച്ചെങ്കിലും പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടായില്ല. അങ്ങനെ ഞാനും വീണു. ഡൽഹിയിൽ ഞാൻ താമസിക്കുന്ന വീട്ടിൽ തന്നെയാണ് വിജുവേട്ടനും (Vijoo Krishnan) കുടുംബവും താമസിക്കുന്നത്. അന്ന് രാത്രി വിജുവേട്ടൻ സ്ഥലത്തില്ല. രാത്രി പനിയും തലവേദനയും കൂടി വന്നെങ്കിലും ആരെയും വിളിച്ചു ബുദ്ദിമുട്ടിക്കാൻ തോന്നിയില്ല. രാവിലെ 7 മണിവരെ എങ്ങനെയൊക്കെയോ തള്ളിനീക്കി. പിന്നെ സമതേച്ചിയെ (വിജുവേട്ടന്റെ ഭാര്യ) വിളിച്ചു കാര്യം പറഞ്ഞു. ഒരു ടൈഗർ ബാംമും കുറച്ചു ഗുളികകളും സംഘടിപ്പിച്ചു. അന്നുമുതൽ മുറി വിട്ട് പുറത്തിറങ്ങുന്നില്ല എന്നും തീരുമാനിച്ചു. ടൈഗർ ബാം കട്ടിക്ക് തടകി വീണ്ടും ഉറങ്ങാൻ ഒരു ശ്രമം നടത്തിനോക്കി. ഒരു കാര്യവുമുണ്ടായില്ല.

കുറച്ചു കഴിഞ്ഞ് ഗോകുലിനെ വിളിച്ചു സംഭവം പറഞ്ഞു. അവൻ കൊവിഡിന്റെ ചികിത്സയ്ക്ക് ഉപയോഗിച്ചുവരുന്ന മരുന്നുകളുടെ ലിസ്റ്റ് അയച്ചുതന്നു. ഡ്രൈവറെ വിട്ട് അതെല്ലാം വാങ്ങി. കരീമിക്കയെയും (Elamaram Kareem) അറിയിച്ചു. ഉച്ചയോടെ വിജുവേട്ടൻ എത്തി. ഓക്സിജൻ സാച്ചുറേഷൻ കുറഞ്ഞുവരുന്നുണ്ട്. എന്നാലും പേടിക്കാനുള്ള അളവിൽ എത്തീട്ടില്ല. വീട്ടിൽ തന്നെ ഇരിക്കാം എന്ന് തീരുമാനിച്ചു. ഡോക്ടർ വീട്ടിൽ തന്നെ ഉള്ളതുകൊണ്ട് ഓരോ സമയത്തും ഗോകുലിനെ വിളിച്ചു കാര്യങ്ങൾ തീരുമാനിക്കുകയും ചെയ്യാമല്ലോ.

പക്ഷെ പ്രതീക്ഷിച്ചപോലെ ചില്ലറക്കാരനായിരുന്നില്ല എന്റെ ഉള്ളിൽ കയറിയ വൈറസ് എന്ന് പതിയെ മനസിലായി. ഇന്നലെയും മിനിയാന്നുമായി പനിയും മറ്റും വന്ന ശരണും, പ്രവീണും, ദിലീപേട്ടനുമെല്ലാം വലിയ പ്രശ്നങ്ങൾ ഇല്ലാതെ പുറത്തിറങ്ങിയപ്പോൾ; 17ന് ഒരു ദിവസം കൊണ്ടുതന്നെ എന്റെ ശരീരം ആകെ തളർന്നു. ഭക്ഷണം കഴിക്കാനോ നേരാംവണ്ണം കിടന്നുറങ്ങാനൊപോലും പറ്റുന്നില്ല. എല്ലാവരും വിളിച്ചു ധൈര്യം തരുന്നുണ്ടെങ്കിലും ശരീരം തളരുന്നത് എന്നെ പേടിപ്പിച്ചിരുന്നു. ഓഫീസിൽ വിളിച്ചു കാര്യം പറഞ്ഞു. എനിക്ക് ആശുപത്രിയിലേക്ക് മാറണം എന്ന് അറിയിച്ചു.

ഡൽഹിയിലെ ഞങ്ങളുടെ കമ്പനിയുടെ (ആദിത്യ ബിർള ഗ്രൂപ്പ്) എംപ്ലോയീസിന്റെ കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് മാക്സ് ഹെൽത് കെയറുമായി ചേർന്ന് കാര്യങ്ങൾ നീക്കിയത് ഞാനായിരുന്നു. അതുകൊണ്ട് മാക്സിന്റെ പ്രധാനപ്പെട്ട ആൾക്കാരുടെ നമ്പർ കയ്യിലുണ്ട്. അത് ഓഫീസിൽ കൊടുത്ത് കാര്യങ്ങൾ അറേഞ്ച് ചെയ്യാൻ പറഞ്ഞു. കുറച്ചുസമയത്തിനുള്ളിൽ തന്നെ മറുപടി: ഡൽഹിയിലെ ഒരു മാക്സ് ഹോസ്പിറ്റലിലും അഡ്മിറ്റ്‌ ആവാൻ ബെഡ് ഇല്ല. പിന്നെ വേറെ എവിടെയും നോക്കീല. വീട്ടിൽ തന്നെ കിടക്കാം എന്ന് ഉറപ്പിച്ചു.18ന് കോവിഡ് ടെസ്റ്റ്‌ ചെയ്തു. വീട്ടിൽ വന്ന് സാമ്പിൾ എടുത്ത ലാബുകാരൻ റിസൾട്ട്‌ വരാൻ രണ്ട് ദിവസം എടുക്കും എന്ന് അറിയിച്ചു. അത്ര കൂടുതലാണ് ഇപ്പോൾ അവർക്ക്‌ ചെയ്യേണ്ടിവരുന്ന ടെസ്റ്റുകളുടെ എണ്ണം. ഇവരുടെ ലാബിൽ മാത്രം ദിവസേന അമ്പതിനായിരത്തോളം സാമ്പിളുകളാണ് വരുന്നത്. അതിൽ മഹാ ഭൂരിപക്ഷവും പോസിറ്റിവും.

18ന് രാത്രിയാണ് കാര്യങ്ങൾ ആകെ മാറുന്നത്. രാത്രി പെട്ടന്ന് ശ്വാസം എടുക്കാൻ പറ്റാത്ത അവസ്ഥ വന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും പൂർണമായി ശ്വാസം എടുക്കാൻ പറ്റുന്നില്ല. വിജുവേട്ടൻ പോയി ഒരു പോർട്ടബിൾ ഓക്സിജൻ സിലിണ്ടർ വാങ്ങിക്കൊണ്ടുവന്നു. അത് ഉപയോഗിച്ചപ്പോൾ ചെറിയ ആശ്വാസം വന്നു. ഗോകുലിനെ വിളിച്ചപ്പോൾ നെബുലൈസേഷൻ ചെയ്യാൻ പറഞ്ഞു. നേബുലൈസറും വാങ്ങി ഉപയോഗിച്ചു. വീണ്ടും കുറച്ച് ആശ്വാസം കിട്ടി. പിറ്റേ ദിവസം സ്കാനിംഗ്, എക്സ് റേ, ബ്ലഡ്‌ ടെസ്റ്റ്‌ എല്ലാം ചെയ്തു. സ്കാനിംഗിൽ ന്യൂമോണിയയുടെ ചെറിയ തുടക്കം കണ്ടെത്തി. എങ്കിലും പേടിക്കേണ്ട അവസ്ഥയിൽ എത്തീട്ടില്ല. മരുന്ന് കഴിച്ചു വീട്ടിൽ തന്നെ റസ്റ്റ്‌ എടുത്താൽ ശരിയാകാവുന്നതേ ഉള്ളു.

അങ്ങനെ ഒന്നുരണ്ട് ദിവസം കൂടി തള്ളിനീക്കി. 20ന് കോവിഡ് റിസൾട്ട്‌ വന്നു. പോസിറ്റീവ് തന്നെ. സിടി വാല്യൂ 17 (വെരി ഹൈ വൈറൽ ലോഡ്). പനിയിൽ നിന്നും തലവേദനയിൽ നിന്നും ചെറിയ ആശ്വാസം വന്നപ്പോൾ ഇനി പേടിക്കാനില്ലെന്നോർത്ത് കിടന്നു. പക്ഷെ കാര്യങ്ങൾ വീണ്ടും മോശമാകാൻ തുടങ്ങി. രണ്ട് ദിവസത്തിനുള്ളിൽ ശ്വാസതടസം കൂടിവന്നു. പോർട്ടബിൾ ഓക്സിജൻ കൊണ്ട് കാര്യം ഉണ്ടായില്ല. അവസ്ഥ മോശമാണ് എന്നറിഞ്ഞപ്പോൾ ഗോകുൽ ഡെൽഹീലേക്ക് വന്നു. വന്നപാടെ ഒന്നുരണ്ട് ഇൻജെക്ഷൻ തന്നു. തലവേദനയും പ്രശ്നങ്ങളും താൽക്കാലികമായി മാറി. പക്ഷെ ഇൻജെക്ഷൻ എഫക്ട് കഴിഞ്ഞപ്പോൾ പൂർവാധികം ശക്തിയോടെ തിരിച്ചുവന്നു. ഓക്സിജൻ സാച്ചുറേഷൻ വല്ലാതെ കുറഞ്ഞുവന്നു. ഇനി വീട്ടിൽ കിടത്തുന്നത് അപകടമാണെന്നും എത്രയും പെട്ടെന്ന് ഐസിയു വിലേക്കു മാറ്റണമെന്നും ഡോക്ടറനിയൻ വിധിയെഴുതി. പിന്നെ അതിനു വേണ്ടി മറ്റുള്ളവരുടെ ഭഗീരധ പ്രയത്നം. അപ്പോഴേക്കും ഞാൻ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്കെത്തിയിരുന്നു.

ഡൽഹിയിലെ കോവിഡ് വ്യാപനത്തിന്റ ഭീകരാവസ്‌ഥ ശരിക്കും മനസിലാക്കിയ ദിവസങ്ങളായിരുന്നു പിന്നീട്. എത്ര വലിയ ഇടപെടൽ നടത്തിയിട്ടും ഒരു ഓക്സിജൻ ബെഡ് പോലും കിട്ടാത്ത സാഹചര്യം. മുഖ്യമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും എംപിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഓഫീസിൽ നിന്നും നിരന്തരം ശ്രമിച്ചിട്ടും ഒരു ആശുപത്രിയിലും ബെഡ് ഇല്ല എന്ന മറുപടി മാത്രം. ഓക്സിജൻ സപ്പോർട് ഇല്ലാതെ ഒരു നിമിഷം പോലും ജീവൻ നിലനിർത്താൻ പറ്റില്ല എന്ന സാഹചര്യം വന്നു. ഡൽഹിയിൽ കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ആർ.എം.എൽ ആശുപത്രിയിൽ ജോലിചെയ്യുന്ന ബന്ധുവിനെ വിളിച്ചു. അവരുടെ വാർഡിൽ ഒരുദിവസം ഓക്സിജൻ സപ്പോർട്ടോടെ കിടക്കാൻ സൗകര്യം ചെയ്തു.

23ന് രാത്രി ആർഎംഎൽ ഹോസ്പിറ്റലിൽ എത്തി. എസ്.ആർ.പി യും, ബ്രിന്താ കാരാട്ടും, യൂസഫ് തരിഗാമിയും, എ.കെ.പി യും കരീമിക്കയും, ശ്രീമതി ടീച്ചറും, കെ. കെ. രാഗേഷും, വി. ശിവദാസനും, എം. ബി. രാജേഷും, സോമപ്രസാദും, വി. പി. സാനുവും, അനീഷേട്ടനും, സത്യപാലേട്ടനും, കബീറിക്കയും ഉൾപ്പെടെ ഒരുപറ്റം പാർട്ടി സഖാക്കൾ നിരന്തരം ഗോകുലിനെയും വിജുവേട്ടനെയും ബന്ധപ്പെടുന്നുണ്ട്. ആശുപത്രിയിൽ ബെഡ് കിട്ടാനും അത്യാവശ്യമായ റെംഡിസിവർ മരുന്ന് ഏർപ്പാടാക്കാനും എല്ലാവരും ശ്രമിച്ചുകൊണ്ടിരുന്നു. അന്ന് രാത്രിയാണ് ശിവദാസേട്ടൻ (Dr. V Sivadasan ) വിളിച്ചു നാട്ടിലേക്ക് വരാൻ പറയുന്നത്. എയർആംബുലൻസ് നോക്കാമെന്നും ഡൽഹിയിൽ നിൽക്കണ്ട എന്നും കക്ഷി പറഞ്ഞു. എയർ ആംബുലൻസിന് ഏകദേശം 27 ലക്ഷം രൂപ ആകും. അത്രയും പൈസ മുടക്കി നാട്ടിലേക്ക് ഓടണോ എന്ന കൺഫ്യൂഷൻ എനിക്കും. ഏതായാലും ഒന്നുരണ്ടു ദിവസം നോക്കീട്ടു തീരുമാനിക്കാം എന്നുവെച്ചു.

പിറ്റേ ദിവസം ആർ.എം.എല്ലിൽ കോവിഡ് വാർഡിൽ ഒരു ബെഡ് റെഡിയായി. അവിടുത്തെ ചികിത്സയുടെ മഹത്വത്തെപ്പറ്റി അറിയുന്നതുകൊണ്ടുതന്നെ എനിക്ക് വലിയ താല്പര്യം ഉണ്ടായില്ല. പക്ഷെ മുന്നിൽ വേറെ വഴികളുമില്ല. ഓക്സിജൻ സപ്പോർട് ഇല്ലാതെ ഒരു മിനുട്ട് പോലും പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് ഞാൻ എത്തിയിരുന്നു. അങ്ങനെ 24ന് ആർഎംഎൽ ആശുപത്രിയിലെ കോവിഡ് വാർഡിൽ അഡ്മിറ്റ്‌ ആവുന്നു.

ഒന്നാം ദിവസം തന്നെ ഇവിടെ കിടന്നാൽ അധികനാൾ ആയിസുണ്ടാകില്ല എന്ന് ഉറപ്പായിരുന്നു. ഒരു വലിയ ഹോളിൽ നൂറുകണക്കിന് രോഗികൾ. തീരെ ആവതില്ലാത്തവർ മുതൽ ചെറിയ ശ്വാസ തടസവും പ്രശ്നങ്ങളും മാത്രം ഉള്ളവർ വരെ അതിലുണ്ട്. പുറത്തുനിന്നും ആർക്കും പ്രവേശനമില്ല. ഡോക്ടർ, നേഴ്സ്, അറ്റണ്ടർ അങ്ങനെ ആരും സ്ഥിരമായി അതിനകത്തില്ലതാനും. രാവിലെയും ഉച്ചക്കും രാത്രിയിലും വന്ന് ഇൻജെക്ഷനും മരുന്നുകളും തന്ന് അവർ പോകും. അതിനിടയിൽ ആർക്ക് എന്ത് പറ്റിയാലും ആരും അറിയില്ല. നടക്കാൻ ആവതുള്ളവർ പുറത്തു വാതിലിനടുത്ത് പോയി കാര്യം പറഞ്ഞാൽ അര മണിക്കൂർ കഴിയുമ്പോൾ ആരെങ്കിലും വന്ന് നോക്കും. ഒന്നിനും പറ്റാത്ത ഒരാളാണെങ്കിൽ അവിടെ കിടന്നു ചക്രശ്വാസം വലിക്കും. ഇതാണ് അവസ്ഥ.

ഞങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണം കട്ടിലിന്റെ മുകളിൽ സമയമാകുമ്പോൾ കൊണ്ടുവെക്കും. കഴിച്ചാലും കഴിച്ചില്ലെങ്കിലും അവർക്ക് പ്രശ്നമല്ല. അവർ തങ്ങളെ ഏൽപ്പിച്ച ജോലി ചെയ്യുന്നു. അത്രമാത്രം. എന്റെ കട്ടിലിന്റെ തൊട്ട് മുകളിലാണ് എ.സി വെന്റ്. നല്ല തണുപ്പോടെ അതിൽ നിന്നും ശക്തിയായി കാറ്റ് വരുന്നു. രോഗികൾക് പുതയ്ക്കാൻ പുതപ്പ് ഇല്ല. തണുത്തു വിറയ്ക്കാൻ തുടങ്ങി. കട്ടിൽ അവിടെ നിന്ന് നീക്കാൻ ആരെങ്കിലും വരുന്നതും നോക്കി നിന്നു. ആരും വന്നില്ല. തീരെ അവശനായിരുന്നെങ്കിലും ആദ്യ ദിവസം തന്നെ തണുത്തു മരവിച്ചു ജീവൻ വിടാതിരിക്കാൻ കട്ടിലിൽ നിന്ന് ഇറങ്ങി അത് തള്ളിനീക്കാൻ ഞാൻ തന്നെ ശ്രമം നടത്തി. ശരീരം തളർന്നു തല കറങ്ങി കട്ടിലിലേക്കുതന്നെ വീണു. ആ ശ്രമം വിഫലമായി.

ഗോകുലിനു മെസ്സേജ് അയച്ചു. എത്രയും വേഗം ഒരു പുതപ്പ് എത്തിക്കണം. അവനും വിജുവേട്ടനും വീട്ടിൽ നിന്നും പുതപ്പുമായി വന്ന് അത് താഴെ ഏൽപ്പിച്ചു. അത് നാലാം നിലയിൽ ഞാൻ കിടക്കുന്ന വാർഡിൽ എത്തിയപ്പോഴേക്കും തണുത്തു മരവിച്ചു ബോധം മായുന്ന അവസ്ഥയിൽ എത്തിയിരുന്നു ഞാൻ. പുതപ്പുമായി വന്ന അറ്റണ്ടറോട് എസി ഓഫ് ചെയ്യാൻ കരഞ്ഞുപറഞ്ഞു. ഒപ്പം എന്റെ കട്ടിൽ കുറച്ചു നീക്കാനും. അതിനു അയാൾ പറഞ്ഞ മറുപടി; 'യെ സബ് മേരാ കാം നഹി ഹേ' (ഇതൊന്നും എന്റെ ജോലിയല്ല) എന്നാണ്. ഈ മറുപടി ആദ്യം കേട്ടപ്പോൾ ഒന്ന് ഞെട്ടിയെങ്കിലും ആർഎംഎല്ലിൽ കിടന്ന ഒരാഴ്ചക്കാലം എല്ലാ ദിവസവും കേട്ട് കേട്ട് അതിന് പുതുമ നഷ്ടപ്പെടുകയും പിന്നീടങ്ങോട്ട് ഈ വാചകം കേൾക്കുമ്പോൾ ഒരു നിർവികാരത മാത്രം അനുഭവപ്പെടുകയും ചെയ്തു.

തണുത്തു വിറച്ചു ബോധം പോകുന്നതിന് മുൻപ് എന്തോ ഭാഗ്യത്തിന് ഒരു മാലാഖയെപ്പോലെ നേഴ്സ് വന്നു. അവരോട് കാര്യം പറഞ്ഞു. പെട്ടെന്നുതന്നെ പനിക്കുള്ള ഒരു ഇൻജെക്ഷൻ തന്നു. അവർതന്നെ ഓടിപ്പോയി എസി ഓഫ് ചെയ്യിച്ചു. ഞാൻ തളർന്നുറങ്ങിപ്പോയി. രാത്രി ഏറെ വൈകി എഴുന്നേറ്റ് സ്വയം തന്നെ കട്ടിൽ നീക്കിവെച്ചു. വീണ്ടും ഉറങ്ങാൻ ശ്രമിച്ചു. പറ്റിയില്ല. ആ ആശുപത്രിയിൽ കിടന്ന ഏഴു ദിവസവും എനിക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ല. കണ്ണ് തുറന്നു ചുറ്റും നോക്കി കിടക്കും. തിരിയാനോ മറിയാനോ പറ്റുന്നില്ല. അത്ര ഭീകരമാണ് ശ്വാസ തടസം. ഓക്സിജൻ മാസ്ക് മുഴുവൻ സമയവും മുഖത്തുണ്ട്. അതുകൊണ്ട്, അതുകൊണ്ട് മാത്രം ശരീരത്തിൽ ജീവനും.

ഞാൻ ആ കോവിഡ് വാർഡിലേക്ക് കയറിയപ്പോൾ എതിർവശത്തെ കട്ടിലുകളിൽ ഉള്ള രണ്ടുപേരെ ശ്രദ്ദിച്ചിരുന്നു. ഒരാൾ ഒരു 45 വയസ് പ്രായം വരും. മറ്റെയാൾ കുറച്ച് കൂടുതൽ പ്രായമുള്ള ആളാണ്. രണ്ടുപേരും കാഴ്ചയിൽ അത്ര വലിയ പ്രശ്നങ്ങൾ ഉള്ളവരല്ല. എന്നേക്കാൾ നന്നായി സംസാരിക്കാനും ഒക്കെ പറ്റുന്നുണ്ട്. ഒരാൾ സ്വയം നടന്ന് ബാത്‌റൂമിലേക്കെല്ലാം പോകുന്നുണ്ട്. പ്രായമുള്ളയാൾക്ക് നടക്കാൻ ബുദ്ദിമുട്ട് ഉള്ളതുകൊണ്ട് ഡയപ്പർ കെട്ടിക്കൊടുത്തിട്ടുണ്ട്. ഈ രണ്ടുപേരുടെയും പിന്നെ എന്റെ ഇടതുവശത്തു കിടന്നിരുന്ന ആളുടെയും മരണം നേരിൽ കാണേണ്ടിവന്നതാണ് ഇപ്പോഴും മനസിനെ ഉലയ്ക്കുന്ന സംഭവം.

കാര്യമായ പ്രശ്നങ്ങൾ ഇല്ലാതിരുന്ന ആ നാൽപതിയഞ്ചുകാരന് ഒരു ദിവസം ചെറിയ തളർച്ചപോലെ കാണപ്പെട്ടു. ഡോക്ടർ വന്നപ്പോൾ ആയാൾ തന്റെ ബുദ്ധിമുട്ടുകൾ പറയുന്നത് കേൾക്കാമായിരുന്നു. പക്ഷെ ജോലി തീർക്കാൻ മാത്രമായി രോഗികളെ സന്ദർശിക്കുന്ന അവിടെയുള്ള ആരോഗ്യപ്രവർത്തർക്ക് അതൊന്നും വലിയ കാര്യമായി തോന്നീട്ടുണ്ടാകില്ല. രണ്ടുദിവസത്തിനുള്ളിൽ ആ മനുഷ്യൻ അന്ത്യശ്വാസം വലിച്ചു. എന്റെ കണ്മുന്നിൽ. ശ്വാസം കിട്ടാതെ പിടഞ്ഞ് ഒരു മനുഷ്യജീവൻ ഇല്ലാതാവുന്നത് നിസ്സഹായനായി നോക്കി ഞാൻ കട്ടിലിൽ കിടന്നു. അന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ അയാൾ മരിച്ചിരുന്നു.

അഞ്ചുമണിക്ക് ശേഷമേ വാർഡിലേക്ക് ആരെങ്കിലും വരൂ. അഞ്ചുമണിക്ക് വന്ന നേഴ്സ് ഇൻജെക്ഷൻ നൽകാൻ പോയപ്പോളാണ് ഇയാൾ മരിച്ചതായി കാണുന്നത്. ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അയാളുടെ ഓക്സിജൻ മാസ്കും കയ്യിലെ കാനുലയും മാറ്റി ബാക്കി രോഗികൾക്ക് ഇൻജെക്ഷനും നൽകി തന്റെ പണി തീർത്തു അവർ പോയി. വൈകുന്നേരം ഏകദേശം 7 മണിവരെ ആ മൃതദേഹം അവിടെ അതുപോലെ കിടന്നു. 7 മണിക്ക് ശേഷമാണ് ചിലർ വന്ന് അത് പൊതിഞ്ഞുകെട്ടുന്നത്. പൊതിഞ്ഞുകെട്ടുന്ന പണിയുള്ളവർ അത് തീർത്തു പോയി. പിന്നെ മൃതദേഹം കൊണ്ടുപോകാൻ ചുമതലപ്പെട്ടവർ വന്ന് അത് അവിടുന്ന് മാറ്റിയപ്പോൾ രാത്രി 8 മണി. അഞ്ചു മണിക്കൂറിൽ കൂടുതലാണ് ഒരു മനുഷ്യ ശരീരം അവിടെ കിടന്നത്. അതായിരുന്നു എനിക്ക് കിട്ടിയ ആദ്യത്തെ ഷോക്ക്.

രണ്ടാമത് മരിച്ചത് എന്റെ ഇടതുവശം കിടന്നയാളാണ്. അയാളുടെ ദേഹമാസകലം പൊള്ളി ബാൻഡെജ് ഇട്ടിരിക്കുകയായിരുന്നു. അതിനോടൊപ്പം കോവിഡ് കൂടി ഉള്ളതുകൊണ്ട് അയാൾ കൂടുതൽ ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചിരുന്നു. ഇടയ്ക്ക് ഉച്ചത്തിൽ കരയും. ആ കരച്ചിൽ ആരും കേൾക്കില്ല. ജോലി സമയം ആകുമ്പോൾ വരുന്നവരോട് അയാൾ ബുദ്ദിമുട്ടുകൾ പറയും. ചിലർ അത് കേൾക്കും. ചിലർ കേട്ട് തഴമ്പിച്ച മറുപടി പറയും: 'യേ മേരാ കാം നഹി ഹേ'. അയാളുടെ വേദനയ്ക്കോ ബുദ്ധിമുട്ടിനോ ഒരു പരിഹാരവും ആരും കണ്ടെത്തിയില്ല. ഒരു ദിവസം രാത്രി ഏറെ വൈകി, ഞാൻ പതിവുപോലെ ഉറക്കമില്ലാതെ മുകളിലോട്ട് നോക്കി കിടക്കുന്നു. ഇടതുവശത്തുനിന്ന് ഒരു ശബ്ദം കേട്ട് നോക്കിയപ്പോൾ ആ മനുഷ്യൻ ഉരുണ്ട് താഴെ വീണിരിക്കുന്നു. എന്നിട്ട് ഉറക്കെ കരയുകയാണ്. ആര് കേൾക്കാൻ? കുറച്ചുകഴിഞ്ഞപ്പോൾ കരച്ചിൽ നിന്നു. അങ്ങനെ അതും കഴിഞ്ഞു. രാവിലെ 'ജോലി' തീർക്കാൻ വന്നവർ അത് കണ്ടു. മരണം ഉറപ്പിച്ചു. കട്ടിലിൽ എടുത്തു കിടത്തി. ഇപ്രാവശ്യം ആരെങ്കിലും കണ്ടുകഴിഞ്ഞു രണ്ടു മണിക്കൂർ നേരമേ ആ മൃതദ്ദേഹത്തിന് അനാഥമായി കട്ടിലിൽ കിടക്കേണ്ടിവന്നുള്ളു. രണ്ടുമണിക്കൂർ കൊണ്ട് അവർ ബോഡി മാറ്റി.

ഏറ്റവും ഭീകര അനുഭവം മൂന്നാമത്തെ മരണമാണ്. എന്റെ എതിർ വശത്തു കിടന്നിരുന്ന കുറച്ചു പ്രായമുള്ള മനുഷ്യന്റെ മരണം. തുടക്കം തൊട്ടേ അദ്ദേഹം അവശനായിരുന്നു എങ്കിലും നന്നായി ഭക്ഷണം കഴിക്കുകയും വീട്ടിലേക്ക് എല്ലാ ദിവസവും വിളിച്ചു സംസാരിക്കുകയും ചെയ്യുമായിരുന്നു. ഒരു ദിവസം രാത്രി ഉറക്കത്തിനിടയിൽ അദ്ദേഹത്തിന്റെ ഓക്സിജൻ മാസ്ക് മുഖത്തുനിന്നും മാറി. ഒരു രാത്രി മുഴുവൻ ഓക്സിജൻ ഇല്ലാതെ കിടന്നതുകൊണ്ടാവണം പിറ്റേ ദിവസം മുതൽ അദ്ദേഹം അബോധാവസ്ഥയിലായി. അപ്പോഴും പതിവുപോലെ 3 നേരം ഭക്ഷണം കൊടുക്കുന്ന ജോലിയുള്ളവർ ഭക്ഷണവും (കട്ടിലിനു മുകളിൽ കൊണ്ടുവച്ച് പോകും. കഴിച്ചാലും കഴിച്ചില്ലെങ്കിലും ക്‌ളീനിംഗിന് വരുന്നവർ അവരുടെ സമയം ആവുമ്പോൾ കൃത്യമായി അത് അവിടുന്ന് മാറ്റും) ഇൻജെക്ഷൻ കൊടുക്കുന്ന ജോലിയുള്ളവർ ഇൻജെക്ഷനും നൽകിക്കൊണ്ടിരുന്നു.

ഒരു ദിവസം രണ്ടു ഡോക്ടർമാർ വന്ന് അദ്ദേഹത്തെ പരിശോധിച്ചു. എന്തൊക്കെയോ ചെയ്തു. ബോധം വന്നില്ല. കുറേ കഴിഞ്ഞ് അവർ അവരുടെ പാട്ടിനു പോയി. അബോധാവസ്ഥയിൽ കിടക്കുന്ന ആ മനുഷ്യന് ഓക്സിജൻ മാസ്ക് ശരിയായി വച്ചുകൊടുക്കാൻ പോലും ആരും മനസുകാണിച്ചില്ല. അങ്ങനെ മൂന്ന് ദിവസത്തോളം അബോധാവസ്ഥയിൽ കിടന്ന് ആയുസ്സിനുവേണ്ടി പോരാടിയ ആ മനുഷ്യനെയും ഒരു ദിവസം വൈകുന്നേരം അവർ പൊതിഞ്ഞുകെട്ടി. ശവങ്ങൾ മാറ്റി അര മണിക്കൂറിനുള്ളിൽ തന്നെ പുതിയ രോഗികൾ ഓരോ കട്ടിലിലും ഇടം പിടിക്കുന്നുണ്ട്. പുതിയ രോഗികൾ വരുന്നതിന് മുൻപ് ആ കട്ടിലുകൾ ഒന്ന് വൃത്തിയാക്കുകപോലും ചെയ്യുന്നില്ല.

ഓക്സിജൻ സപ്പോർട്ട് ഇല്ലാതെ ഒരു നിമിഷം പോലും ഇരിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ ഉണ്ടായിരുന്നത്. സംസാരിക്കാനോ ഒച്ചയെടുത് ആരെയെങ്കിലും സഹായത്തിനു വിളിക്കാനോ കട്ടിലിൽ നിന്ന് അനങ്ങാനോ പറ്റാത്ത അവസ്ഥ. മൂത്രമൊഴിക്കാൻ യൂറിൻ ഫ്ലാസ്ക് ഉണ്ട്. രാവിലെ മൂത്രമൊഴിച്ചാൽ വൈകുന്നേരം വരെ അത് ആ ഫ്ലാസ്കിൽ കിടക്കും. ആരും എടുത്തു കളയില്ല. ഇടയിൽ വരുന്ന ആരോടെങ്കിലും കളയാൻ പറഞ്ഞാൽ ഇത് തന്റെ പണിയല്ല എന്നും അതിനുള്ള ആള് വരുമ്പോൾ പറയാനും പറയും. രാവിലെ മൂത്രമൊഴിച്ചു ഫ്ലാസ്ക് നിറഞ്ഞാൽ വൈകുന്നേരം അത് കളയുന്നത് വരെ മൊത്രമൊഴിക്കാൻ നിർവാഹമില്ല.

സ്വയം എഴുന്നേറ്റ് ബാത്‌റൂമിൽ പോകാൻ പറ്റാത്തതുകൊണ്ടും ഓക്സിജൻ സപ്പോർട്ട് ഇല്ലാതെ പോകുന്നത് അപകടമായതുകൊണ്ടും എനിക്ക് അഡൾട്ട് ഡയപ്പർ കെട്ടിത്തരാൻ ഡോക്ടർമാർ ആദ്യ ദിവസം തന്നെ ആ 'ജോലി' ഉള്ളവർക്ക് നിർദ്ദേശം കൊടുത്തിരുന്നു. ആദ്യ ദിവസം രാവിലെ അവർ കെട്ടിത്തന്നു. രാത്രി അത് അഴിച്ച് പുതിയത് കെട്ടിത്തരാം എന്ന് പറഞ്ഞെങ്കിലും രാത്രി ആരും വന്നില്ല. പിറ്റേ ദിവസം രാവിലെ വന്ന അറ്റണ്ടർമാരോടും നേഴ്സ്മാരോടും കാര്യം പറഞ്ഞെങ്കിലും അവർ ഇത് തങ്ങളുടെ പണിയല്ല എന്ന് പറഞ്ഞു കൈ മലർത്തി. അടുത്ത ദിവസം രാവിലെയാണ് അതിന്റ ജോലിക്കാർ വന്നു എന്റെ ഡയപ്പർ മാറ്റുന്നത്. രണ്ടു ദിവസം സ്വന്തം വിസർജ്യത്തിനുമേൽ കിടക്കേണ്ടിവന്ന ആ അവസ്ഥ ഈ നിമിഷവും മനസിനെ അലട്ടുന്നുണ്ട്.

ഇത്രയും കാണുകയും അനുഭവിക്കുകയും ചെയ്തപ്പോൾ തന്നെ മാനസികമായി ഏറെ തളർന്നിരുന്നു ഞാൻ. കൃത്യമായ പരിചരണം കിട്ടാത്തതുകാരണം ശരീരം ക്ഷീണിച്ചുകൊണ്ടേയിരുന്നു. മെസ്സേജ് അയച്ചു ഗോകുലിനെയും മറ്റും കാര്യങ്ങൾ അറിയിക്കാൻ പറ്റിയതുകൊണ്ട് ഓരോ സമയത്തും ഗോകുലും, വിജുവേട്ടനും, സുനീഷേട്ടനും, ലീനേച്ചിയുമെല്ലാം താഴെ വന്ന് ബഹളം വെക്കുമ്പോൾ ആരെങ്കിലും വന്ന് നോക്കും. എന്നിട്ട് അവർ താഴെ വന്നതിന് എന്നെ ശകാരിച്ചിട്ട് തിരിച്ചുപോകും. പതിവുപോലെ അവരുടെ സമയമാകുമ്പോൾ വന്ന് ഇൻജെക്ഷനും മരുന്നുകളും തന്ന് ഓക്സിജൻ ലെവലും നോക്കി തിരിച്ചുപോകും. എനിക്കാണെങ്കിൽ ആരോഗ്യത്തിൽ കാര്യമായ പുരോഗതി ഉണ്ടാകുന്നില്ല എന്നുമാത്രമല്ല ഓക്സിജൻ ഫ്ലോ 15 ലിറ്റർ വരെ എത്തിയിട്ടും ശ്വാസതടസം മാറുന്നില്ല. ഇടയിൽ നടത്തിയ കോവിഡ് ടെസ്റ്റ്‌ പോസിറ്റീവ് ആയി തുടരുകയും ചെയ്തു. അങ്ങനെയാണ് എങ്ങനെയെങ്കിലും നാട്ടിലേക്ക് എത്താനുള്ള ആലോചന വരുന്നത്.

എയർ ആംബുലൻസിനുവേണ്ടി ഞാൻ ആശുപത്രിയിൽ എത്തിയ ദിവസം മുതൽ തന്നെ എല്ലാവരും ശ്രമം നടത്തുന്നുണ്ടായിരുന്നു. പക്ഷെ പല പ്രശ്നങ്ങൾ കൊണ്ട് നടന്നില്ല. നാലഞ്ച് ദിവസത്തെ ശ്രമത്തിന് ശേഷം ഒരു എയർ ആംബുലൻസ് റെഡി ആയി. അങ്ങനെ മെയ്‌ 1ന് കാലത്ത് ഞാൻ ആർഎംഎൽ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു. നേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്‌. കോഴിക്കോട് എയർപോർട്ടിൽ ലാൻഡ് ചെയ്തതുമുതൽ കേരളത്തിന്റെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ കാര്യക്ഷമതയും ആരോഗ്യപ്രവർത്തകരുടെ അനുകമ്പയും സ്നേഹവും മനസിന് വല്ലാത്ത ബലം നൽകി. എന്ത് പറഞ്ഞാലും 'യേ മേരാ കാം നഹീ ഹേ' എന്നു പറഞ്ഞു കൈ മലർത്തുന്ന, ഒരു 'ജോലി' തീർക്കാൻ മാത്രമായി രോഗികളുടെ അടുത്തേക്ക് വരുന്ന ഒരു പറ്റം ആൾക്കാരുടെ ഇടയിൽ നിന്നും വന്ന എനിക്ക് ഇവിടം സ്വർഗ്ഗമായിരുന്നു. എയർ ആംബുലബിസിൽ നിന്ന് എടുത്ത് മെഡിക്കൽ കോളേജിന്റെ ആംബുലസിലേക്ക് മാറ്റുന്ന സമയം മുതൽ 'എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണം കേട്ടോ' എന്ന് സ്നേഹത്തോടെ പറഞ്ഞു അടുത്തിരുന്ന നഴ്സുമാരും എന്റെ ഒരാഴ്ചത്തെ ദുരിതപർവ്വത്തിനുശേഷം കൈവന്ന ഏറ്റവും സന്തോഷം തന്ന അനുഭവമായിരുന്നു.

മെഡിക്കൽ കോളേജിൽ നേരെ എംഐസിയു വിലേക്ക് മാറ്റി. മുഴുവൻ സമയവും ഡോക്ടർമാരും നഴ്സുമാരും അറ്റൻഡർമാരും രോഗികളെ ശുഷ്രൂഷിക്കാൻ അവിടെയുണ്ട്. ഓരോ സമയത്തും എന്തെകിലും ബുദ്ദിമുട്ടുണ്ടോ എന്ന് അടുത്ത് വന്ന് ചോദിക്കും. സ്നേഹത്തോടെ ഭക്ഷണം തരും. ഡോക്ടർമാർ കൃത്യമായി കാര്യങ്ങൾ അന്വേഷിക്കും, ടെസ്റ്റുകൾ നടത്തും, അതിന് ശേഷം മരുന്നും ഇൻജെക്ഷനും ആവശ്യമായ മാറ്റങ്ങൾ വരുത്തും. എല്ലാ ആരോഗ്യ വിവരങ്ങളും കൃത്യമായി ഗോകുലിനെയും കരീമിക്കയേയും വിളിച്ചറിയിക്കും. എല്ലാം കൊണ്ടും ഇപ്പോൾ ഇത്രയെങ്കിലും ആരോഗ്യം വീണ്ടെടുക്കാൻ എനിക്ക് സാധിച്ചത് ആ ആരോഗ്യപ്രവർത്തകരുടെ സ്നേഹവും പരിചരണവും ഒന്നുകൊണ്ടു മാത്രമാണ്.

അഞ്ച് ദിവസം മെഡിക്കൽ കോളേജ് ഐസിയു വിൽ കിടന്ന് നല്ല പരിചരണം കിട്ടിയതോടെ ആരോഗ്യം നന്നായി മെച്ചപ്പെട്ടു. ഓക്സിജൻ സപ്പോർട്ട് വേണമെങ്കിലും ഫ്ലോ കുറച്ചുകൊണ്ടുവന്നു. ശ്വാസ തടസം മാറി. കോവിഡ് പരിശോധന നെഗറ്റീവ് ആയപ്പോൾ ഐസിയു വിൽ നിന്ന് മാറ്റി. മെഡിക്കൽ കോളേജിൽ പ്രൈവറ്റ് റൂം ഇല്ലാത്തതുകൊണ്ട് കോഴിക്കോട് ബേബി മെമോറിയാൽ ആശുപത്രിയിലേക്ക് വന്നു. ഇനി ഓക്സിജൻ സപ്പോർട്ടോടുകൂടി കുറച്ചുനാൾ കൂടി ഇവിടെ. ഡൽഹിയിലെ ആശുപത്രിയിൽ കഴിച്ചുകൂട്ടേണ്ടിവന്ന ഭീതിജനകമായ ദിവസങ്ങൾ ഇപ്പോഴും മനസിൻ നിന്ന് മാഞ്ഞിട്ടില്ല. മെഡിക്കൽ കോളേജ് ഐസിയു വിലും ഞാൻ വന്നതിനു ശേഷം രണ്ടു മരണം നടന്നിരുന്നു. തീരെ അവശരായ, പ്രായമായ രണ്ടുപേർ. അത് തടയാൻ അവിടെ ആരോഗ്യപ്രവർത്തകർ നടത്തിയ ശ്രമങ്ങളും രണ്ടു മിനുട്ടിനുള്ളിൽ അവിടെ ഓടിക്കൂടിയ ഡോക്ടർമാരും നഴ്സുമാരും കാണിച്ച വെപ്രാളവും ഒരു മനുഷ്യജീവൻ ഇവരെ സംബന്ധിച്ചിടത്തോളം എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന് വെളിവാക്കുന്നു.

ഡൽഹിയിലെ ചികിത്സയുടെ (ചികിത്സ നൽകായ്മയുടെ) ഭീകര മുഖം വെളിവായത് മെഡിക്കൽ കോളേജിൽ നിന്നും സിടി സ്കാൻ ചെയ്തപ്പോഴാണ്. ന്യൂമോണിയ വല്ലാതെ കൂടി രണ്ടു ശ്വാസകോശത്തെയും കാര്യമായി ബാധിച്ചിരുന്നു. ഗോകുൽ ആ സിടി റിപ്പോർട്ടും ഫിലിംമും കണ്ട് തമാശയ്ക്ക് പറഞ്ഞത് 'സ്പോഞ്ച് പോലുള്ള നിന്റെ ശ്വാസകോശങ്ങൾ ഇപ്പോൾ അരിപ്പപോലെ ആയി' എന്നാണ്. ഡൽഹിയിൽ വച്ച് കൃത്യമായ കെയർ കിട്ടാത്തതുകൊണ്ട് മാത്രം സംഭവിച്ചത്. കേരളത്തിലേക്ക് വരുന്നത് ഇതിലും വൈകിയിരുന്നെങ്കിൽ ജീവൻ പോലും നഷ്ടപ്പെടുമായിരുന്നു.

കേരളവും ഡൽഹിയും ആരോഗ്യ പരിപാലനത്തിൽ രണ്ടു ധ്രുവങ്ങളിലാണ്. മനുഷ്യജീവനുകൾക്ക്‌ ഒരു വിലയും കൽപ്പിക്കാത്ത ആരോഗ്യ സംവിധാനവും ആരോഗ്യ പ്രവർത്തകരുമാണ് ഡൽഹിയുടെ ശാപം. ഇതാകട്ടെ സർക്കാർ ആരോഗ്യ മേഖലയിൽ ഇടപെടുന്നതിന്റെയും ഒരു നല്ല ആരോഗ്യ സംസ്കാരം രൂപപ്പെടുത്തുന്നതിന്റെയും കുറവുകാരണം മാത്രം ഉണ്ടാകുന്നതും. എന്നെ രക്ഷിച്ചത് കേരളമാണ്. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജിലെ പരിചരണമാണ്. ഇവിടെ ബേബി മെമോറിയൽ എന്ന സ്വകാര്യ ആശുപത്രിയിൽ പോലും പ്രതിഫലിക്കുന്നത് കേരളത്തിന്റെ ഈ ആരോഗ്യ സംസ്കാരമാണ്. ദീനാനുകമ്പയും സഹജീവിസ്നേഹവുമാണ് ആ സംസ്കാരത്തിന്റെ മുഖമുദ്ര.

മനസിന്റെ ബലമാണ് കോവിഡിനെ പ്രതിരോധിക്കാൻ ഏറ്റവും അത്യാവശ്യം. എന്റെ ശാരീരികാവസ്ഥയെക്കാൾ ഡൽഹിയിലെ ആശുപത്രിയിൽ കിടക്കുമ്പോൾ കാണുകയും അനുഭവിക്കുകയും ചെയ്ത സംഭവങ്ങളാണ് മനസിനെ തളർത്തിയത്. ദിവസേനയെന്നോണം ആശ്വസിപ്പിക്കാൻ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തവർ, ഓരോ സമയത്തും ഞാൻ പ്രയാസങ്ങൾ അറിയിക്കുമ്പോൾ ഓടി വന്ന ഗോകുലും, വിജുവേട്ടനും, സുനീഷേട്ടനും, ലീനേച്ചിയും, നിധീഷേട്ടനും; കുടുംബത്തോടെ കോവിഡ് പിടിച്ചു കിടക്കുമ്പോഴും എനിക്ക് ധൈര്യം തരാൻ ശ്രമിച്ച ഡൽഹിയിലെ പ്രിയപ്പെട്ട സുഹൃത്തുക്കൾ; വിജുവേട്ടനെയും ഗോകുലിനെയും നിരന്തരം വിളിച്ചു ഓരോ നിമിഷവും കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്ന പ്രിയ സഖാക്കൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, ഡൽഹിയിലെയും കേരളത്തിലെയും ഓഫീസിലെ പ്രിയപ്പെട്ട സഹപ്രവർത്തകർ; എല്ലാവരും തന്ന പിന്തുണയും സ്നേഹവും കൊണ്ടാണ് ഇപ്പോൾ ആരോഗ്യം ഇത്രയും മെച്ചപ്പെട്ടത്. ഏറ്റവും പ്രധാനമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകരുടെ പരിചരണവും ശ്രദ്ധയും. എല്ലാവരോടും തീർത്താൽ തീരാത്ത നന്ദിയും സ്നേഹവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Rahul Chooral
News Summary - ‘Hospital days in Delhi scary to remember’
Next Story