വാട്സ്ആപ്പ് സ്വകാര്യതാ നയം; മെറ്റക്ക് 213 കോടി പിഴയിട്ട് കോംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ
text_fieldsന്യൂഡൽഹി: വാട്സ്ആപ്പിന്‍റെയും ഫേസ്ബുക്കിന്‍റെയും ഇൻസ്റ്റഗ്രാമിന്‍റെയും മാതൃകമ്പനിയായ മെറ്റക്ക് 213.14 കോടിയുടെ വൻ പിഴയിട്ട് ഇന്ത്യയുടെ മത്സരക്കമീഷൻ (കോംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ-സി.സി.ഐ). വാട്‌സാപ്പ് 2021ല്‍ കൊണ്ടുവന്ന സ്വകാര്യത നയവുമായി ബന്ധപ്പെട്ടാണ് പിഴ ഈടാക്കിയത്.
ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ മെറ്റയുടെ ഉപ കമ്പനികളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുമായി പങ്കുവെക്കുന്നതിനായി സ്വകാര്യത നയം 2021ല്‍ വാട്‌സാപ്പ് പുതുക്കിയിരുന്നു. 2021 ജനുവരിയിലാണ് വാട്സ്ആപ്പ് അതിന്റെ നിബന്ധനകളിലും സ്വകാര്യത നയത്തിലും മാറ്റം വരുത്തിയത്. 2021 ഫെബ്രുവരി എട്ടിന് ശേഷം ഉപയോക്താക്കളുടെ വിവരം മെറ്റയുമായി പങ്കുവെക്കണമെന്നത് നിർബന്ധമാക്കുകയായിരുന്നു. ഈ നയം അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പ് സേവനം ലഭ്യമാക്കില്ലെന്നും നിലപാടെടുത്തു.
എന്നാൽ, ഇതിനെ കോംപറ്റീഷൻ കമീഷൻ എതിർക്കുകയായിരുന്നു. വാട്സ്ആപ്പ് സേവനം നൽകുന്നത് ഒഴികെ ഉപയോക്താക്കളുടെ വ്യക്തിവിവരം മറ്റ് പ്ലാറ്റ്‌ഫോമുകളുമായി പങ്കുവെക്കുന്നതിന് വ്യവസ്ഥയില്ലെന്ന് സി.സി.ഐ ചൂണ്ടിക്കാട്ടി.
213.14 കോടി പിഴയിട്ടതിനൊപ്പം 2029 വരെ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ മെറ്റയുടെ മറ്റ് സ്ഥാപനങ്ങളുമായി പങ്കുവെക്കരുതെന്ന് കോംപറ്റീഷൻ കമീഷൻ നിർദേശിച്ചിരിക്കുകയാണ്. പരസ്യ ഇതര ആവശ്യങ്ങള്‍ക്കായി വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ടെങ്കില്‍ അത് എന്തിനെല്ലാം എന്ന് വ്യക്തമാക്കി വിശദീകരണം നല്‍കണം. ഡിജിറ്റൽ വിപണിയിലെ കുത്തക നിലനിർത്താനുള്ള നിയമവിരുദ്ധ ശ്രമങ്ങളിൽനിന്ന് വിട്ടുനിൽക്കണം. വാട്സ്ആപ്പ് ഉപയോക്താക്കളുടെ വിവരം മെറ്റയുടെ ആഭ്യന്തര കമ്പനികളുമായി പങ്കിടുന്നത് മറ്റ് സോഷ്യൽ മീഡിയ കമ്പനികളുടെ ബിസിനസ്സിനെ അന്യായമായി ബാധിക്കുമെന്നതും കോംപറ്റീഷൻ കമീഷൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.