ഇൻസ്റ്റഗ്രാം പോസ്റ്റ്: കിം കർദാഷിയാന് 10 കോടി പിഴ
text_fieldsന്യൂയോർക്ക്: ക്രിപ്റ്റോ കറൻസിയുടെ പ്രചാരണത്തിനായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടതിന്, നടിയും റിയാലിറ്റി ഷോ താരവും സംരംഭകയുമായ കിം കർദാഷിയാന് 12.6 ലക്ഷം ഡോളർ (10 കോടിയിലേറെ രൂപ) പിഴ. ഇൻസ്റ്റഗ്രാം പോസ്റ്റിന് ഇവർ രണ്ടര ലക്ഷം ഡോളർ പ്രതിഫലം പറ്റിയെന്ന് വെളിപ്പെടുത്താതിരുന്നതിനാണ് അമേരിക്കയിലെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷൻ (എസ്.ഇ.സി) വൻതുക പിഴ ചുമത്തിയത്. മൂന്ന് വർഷത്തേക്ക് ക്രിപ്റ്റോ കറൻസി പ്രചാരണത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. കർദാഷിയാന് ഇൻസ്റ്റഗ്രാമിൽ 330 ദശലക്ഷം ഫോളോവേഴ്സുണ്ട്.
ക്രിപ്റ്റോ കറൻസി കമ്പനിയായ എഥീറിയം മാക്സിന്റെ എമാക്സ് ടോക്കൺ പ്രമോട്ട് ചെയ്തായിരുന്നു പോസ്റ്റ്. ഇതിന്റെ വെബ്സൈറ്റിലേക്ക് ലിങ്കും നൽകിയിരുന്നു. നിക്ഷേപകരെ ആകർഷിക്കാനുള്ള മാർഗനിർദേശങ്ങൾ വെബ്സൈറ്റിൽ ഉണ്ടായിരുന്നെന്നും എസ്.ഇ.സി കണ്ടെത്തി. ക്രിപ്റ്റോ ഇനത്തിലെ നിക്ഷേപ ഉൽപന്നങ്ങൾ പ്രചരിപ്പിച്ചാൽ അതിന്റെ സ്വഭാവം, ഉറവിടം, പ്രതിഫലം എന്നിവ വെളിപ്പെടുത്തിയിരിക്കണമെന്നാണ് യു.എസിലെ നിയമം. എസ്.ഇ.സി എടുത്ത കേസ് വൻ തുക നൽകി ഒത്തുതീർപ്പാക്കാൻ കിം കർദാഷിയാൻ സമ്മതിക്കുകയായിരുന്നു. വസ്ത്ര–ഫാഷൻ–കോസ്മെറ്റിക് രംഗത്തൊക്കെ വൻ സംരംഭകരിൽ ഒരാളാണ് കിം കർദാഷിയാൻ.
2020ൽ നടൻ സ്റ്റീവൻ സെഗാൽ സമാന കേസിൽ മൂന്ന് ലക്ഷം ഡോളർ പിഴയടക്കേണ്ടി വന്നിരുന്നു. ഡിജിറ്റൽ കറൻസിയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ലഭിച്ച പ്രതിഫലം വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിന് പ്രശസ്ത ബോക്‌സർ ഫ്ലോയ്ഡ് മെയ്‌വെതർ ജൂനിയറിനും സംഗീതജ്ഞൻ ഡി.ജെ ഖാലിദിനുമെതിരെ 2018ൽ പിഴയിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.