തകർന്നുപോയവർക്കും നഷ്ടപ്പെട്ടവർക്കും കൂടിയുള്ളതാണ് ഇസ്‌ലാം; ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി സാനിയ
text_fieldsപാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. വ്യക്തിപരമായ കാര്യങ്ങൾ പങ്കുവെക്കുന്നതിൽ നിന്നും വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്ന സാനിയ, ശുഭാപ്തിവിശ്വാസവും ഊർജവും പകർന്നുനൽകുന്ന സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ നൽകാറ്. വിവാഹമോചനത്തെ തുടർന്നും, ശുഐബ് മാലിക്കിന്‍റെ പുനർവിവാഹത്തെ തുടർന്നും നിരവധി അഭ്യൂഹങ്ങളും വിവാദങ്ങളുമുണ്ടായെങ്കിലും അവയിലൊന്നും സാനിയ ഇടപെട്ടിരുന്നില്ല. ജീവിതത്തിലെ ഏറ്റവും കഠിനമായ ഒരു കാലഘട്ടത്തെ സാനിയ നേരിടുന്ന രീതിയെ നിരവധി പേർ അഭിനന്ദിച്ചിട്ടുണ്ട്.
അടുത്തിടെ സാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറി ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ഇസ്‌ലാം മതത്തെ പ്രകീർത്തിച്ചുകൊണ്ടുള്ള പോസ്റ്റായിരുന്നു സാനിയയുടേത്. 'കടുത്ത വിശ്വാസികൾക്ക് മാത്രമായുള്ളതല്ല ഇസ്‌ലാം. പ്രാർഥിക്കുന്നവർക്കും നോമ്പെടുക്കുന്നവർക്കും ദാനംചെയ്യുന്നവർക്കും മാത്രമുള്ളതല്ല. ഒരു മുസ്‌ലിം എങ്ങനെയായിരിക്കണം എന്ന് നിർബന്ധം പിടിക്കുന്നവർക്ക് മാത്രമുള്ളതല്ല. ഇസ്‌ലാം തകർക്കപ്പെട്ടവർക്ക് കൂടിയുള്ളതാണ്. പാപികൾക്കും നഷ്ടപ്പെട്ടവർക്കുമുള്ളതാണ്. കണ്ടെത്തപ്പെടാൻ കാത്തിരിക്കുന്നവർക്കുള്ളതാണ്. നിരാശയിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി തേടുന്ന ഓരോ മനുഷ്യാത്മാവിനും വേണ്ടിയാണിത്. സ്വയം കണ്ടെത്താനും വിശ്വാസം തേടാനും ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇതൊരു തുറന്ന ഭവനമായിരിക്കേ, നീതിമാന്മാർക്ക് മാത്രമായി ഈ മതത്തെ ചുരുക്കരുത്' -സാനിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞു.
നേരത്തെ, മകനോടൊപ്പവും കുടുംബത്തോടൊപ്പവും ഈദ് ആഘോഷത്തിന്‍റെ ചിത്രങ്ങൾ സാനിയ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
2010ലാണ് സാനിയയും ശുഐബ് മാലിക്കും വിവാഹിതരായത്. മാലിക്കിന്‍റെ രണ്ടാം വിവാഹമായിരുന്നു സാനിയയുമായി നടന്നത്. ഇന്ത്യക്കാരിയായ അയേഷ സിദ്ദീഖിയായിരുന്നു ശുഐബിന്‍റെ ആദ്യ ഭാര്യ. 2022ലാണ് സാനിയയും ശുഐബും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്‍റെ വക്കിലാണെന്നും അഭ്യൂഹങ്ങൾ വന്നത്. ഇക്കാര്യം ഇരുവരും അന്ന് നിഷേധിച്ചിരുന്നു.
താൻ വീണ്ടും വിവാഹിതനായ വിവരം ജനുവരി 20ന് ശുഐബ് മാലിക് അറിയിച്ചതോടെയാണ് ഇരുവരും വേർപിരിഞ്ഞ വിവരം പുറത്തറിഞ്ഞത്. സാനിയയും മാലിക്കും മാസങ്ങൾക്ക് മുമ്പേ വിവാഹമോചിതരായിട്ടുണ്ടെന്ന കാര്യം ഇതിന് പിന്നാലെ സാനിയയുടെ കുടുംബം തന്നെ വെളിപ്പെടുത്തിയിരുന്നു.
മാലിക്കിന്‍റെ മൂന്നാം വിവാഹമാണ് നടന്നത്. പാക് നടി സന ജാവേദുമൊത്താണ് പാക് മുൻ ക്യാപ്റ്റൻ കൂടിയായ മാലിക്ക് പുതിയ ജീവിതം തുടങ്ങിയത്. അതേസമയം, സന ജാവേദുമായുള്ള വിവാഹത്തിന് മാലിക്കിന്‍റെ കുടുംബാംഗങ്ങൾക്ക് പൂർണസമ്മതമുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. വിവാഹചടങ്ങിൽ കുടുംബാംഗങ്ങൾ പങ്കെടുത്തിട്ടുമുണ്ടായിരുന്നില്ല. മാലിക്കിന്‍റെ വിവാഹേതര ബന്ധങ്ങൾ കാരണം സാനിയ മിർസ പൊറുതിമുട്ടിയിരുന്നുവെന്ന് മാലിക്കിന്‍റെ സഹോദരി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.