'ഒന്നാം വാർഷികമായിരുന്നു'; മോദി-ഷി ജിൻപിങ് മഹാബലിപുരം ഉച്ചകോടി ഓർമിപ്പിച്ച് സമൂഹമാധ്യമങ്ങൾ
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും തമിഴ്നാട്ടിലെ മഹാബലിപുരത്തുവെച്ച് നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയുടെ ഒന്നാം വാർഷികമായിരുന്നു കഴിഞ്ഞത്. 2019 ഒക്ടോബർ 12, 13 തിയതികളിലായിരുന്നു കൂടിക്കാഴ്ച നടന്നത്. ഇന്ത്യാ-ചൈന ബന്ധത്തില്‍ പുതിയ അധ്യായമെന്ന് മോദിയും, സന്തോഷവാനെന്ന് ഷി ജിന്‍പിങ്ങും പറഞ്ഞ് കൈകൊടുത്ത് പിരിഞ്ഞതിന് പിന്നാലെ ഇന്ത്യ-ചൈന ബന്ധം വഷളാവുകയാണുണ്ടായത്.
ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം എക്കാലത്തെയും മോശം അവസ്ഥയിൽ എത്തിയ ഇന്നത്തെ സാഹചര്യത്തിൽ മഹാബലിപുരത്തെ കൂടിക്കാഴ്ച ഓർക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ കേന്ദ്ര സർക്കാറിനോ താൽപര്യമുണ്ടാവില്ലെങ്കിലും സമൂഹമാധ്യമങ്ങൾ വിടുമോ.
പഴയ ചിത്രങ്ങൾ കുത്തിപ്പൊക്കിയെടുത്ത് നിരർഥകമായി മാറിയ ഒരു ചർച്ചയുടെ വാർഷികം ആഘോഷിക്കുകയായിരുന്നു സമൂഹമാധ്യമങ്ങളിൽ ചില വിരുതന്മാർ. ഷർട്ടും മുണ്ടുമുടുത്ത് മോദിയും കോട്ടും സ്യൂട്ടും ഒഴിവാക്കി ഷി ജിൻ പിങ്ങും മഹാബലിപുരത്തെ ഷോർ ക്ഷേത്രം സന്ദർശിച്ചതും കൂറ്റൻ വെണ്ണക്കല്ലിന് മുന്നിൽ നിന്ന് ചിരിച്ച് ഫോട്ടോയെടുത്തതും ആരും മറന്നിരുന്നില്ല.
50 മിനിറ്റ് നീണ്ടുനിന്ന ചർച്ച ഇന്ത്യ–ചൈന ഉഭയകക്ഷി ബന്ധത്തിൽ യുഗപിറവി ആണെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. ഇന്ത്യയുടെ ആതിഥ്യത്തെ പുകഴ്ത്തിയ ഷി ജിന്‍പിങ്ങ് ഇന്ത്യ-ചൈന ബന്ധത്തിന്‍റെ 70ാം വാര്‍ഷികമായ 2020 വിശാലവും ആഴമേറിയതുമായ സാംസ്‌കാരിക കൈമാറ്റത്തിനായി വിനിയോഗിക്കണമെന്നു കൂടി പറഞ്ഞു. അതേസമയം, അനൗപചാരിക ചർച്ചയായതിനാൽ വിവാദ വിഷയങ്ങളിലേക്കൊന്നും ഇരുവരും കടന്നിരുന്നില്ല.
ഇതിന് പിന്നാലെയാണ് അരുണാചൽ പ്രദേശിന്‍റെയും ലഡാക്കിന്‍റെയും പേരിൽ അതിർത്തി മേഖല സംഘർഷഭരിതമാകുന്നത്. കിഴക്കൻ ലഡാക്കിലെ ചൈനയുടെ കടന്നുകയറ്റവും ഇന്ത്യൻ സൈനികരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതും അയൽക്കാർ തമ്മിലുള്ള ബന്ധത്തെ യുദ്ധത്തിന്‍റെ വക്കോളമെത്തിക്കുകയായിരുന്നു. പിന്നാലെ ചൈനീസ് ആപ്പുകൾ നിരോധിച്ചും മറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ഇന്ത്യ തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയത് അംഗീകരിക്കില്ലെന്ന് പറഞ്ഞ ചൈനക്ക് ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടതില്ലെന്ന മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യ.
മോദിയുടെ സ്ഥിരം വിമർശകനും നവമാധ്യമ ആക്ടിവിസ്റ്റുമായ ധ്രുവ് രതി മോദിയും ഷി ജിൻപിങ്ങും ചിരിച്ചു നിൽക്കുന്ന ഫോട്ടോ പങ്കുവെച്ച് 'ഇന്നാണ് ആ ചരിത്ര നിമിഷത്തിന്‍റെ വാർഷികം' എന്ന് ഓർമിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.