'സ്വർണ ബിസ്കറ്റുകളല്ല, ആ വീട്ടിൽ ഒരു പാക്കറ്റ് വേഫർ ബിസ്കറ്റ് മാത്രമാണുണ്ടായിരുന്നത്'; അറ്റ് ലസ് രാമചന്ദ്രനെ കുറിച്ച് മാധ്യമപ്രവർത്തകന്റെ ഹൃദയസ്പർശിയായ കുറിപ്പ്
text_fieldsജയിൽ മോചിതനായ ദിവസവും തുടർന്നും അറ്റ് ലസ് രാമചന്ദ്രനെ സന്ദർശിച്ചതിന്റെ ഓർമകൾ പങ്കുവെച്ച് മാധ്യമപ്രവർത്തകന്റെ ഹൃദയസ്പർശിയായ കുറിപ്പ്. ദുബൈയിൽ 'മാധ്യമം' റിപ്പോർട്ടറായിരുന്ന സവാദ് റഹ്മാനാണ് 2018 ജൂണിൽ പെരുന്നാൾ പിറ്റേന്ന് മീഡിയ വൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ നാസർ, കാമറാമാൻ മുഈനുദ്ദീൻ റിയാലു എന്നിവർക്കൊപ്പം അറ്റ് ലസിന്റെ വീട്ടിലെത്തിയത്. ഒരുകാലത്ത് സന്ദർശകരും വ്യാപാരി സുഹൃത്തുക്കളും സാഹിത്യപ്രേമികളുമെല്ലാം തിങ്ങിനിറഞ്ഞിരുന്ന ആ ഫ്ലാറ്റിലന്ന് ആളും ബഹളവുമൊന്നുമുണ്ടായിരുന്നില്ലെന്നും എന്നാൽ, വർഷങ്ങൾക്ക് ശേഷം ഗൃഹനാഥൻ തിരിച്ചെത്തിയതിന്റെ സന്തോഷം ആ വീടാകെ നിറഞ്ഞു നിന്നിരുന്നെന്നും കുറിപ്പിൽ പറയുന്നു.
''പഴയ സുഹൃത്തുക്കൾ ആരെങ്കിലും വന്നാൽ അവരുടെ കൂടെനിർത്തി കുറച്ച് വിഷ്വലുകൾ എടുക്കണമെന്നും അറ്റ് ലസിന്റെ തിരിച്ചുവരവിനെക്കുറിച്ച് അഭിപ്രായമാരായണമെന്നും കരുതി മൂന്നു മണിക്കൂറോളം അവിടെ സംസാരിച്ചിരുന്നെങ്കിലും ആ സമയത്തിനിടയിൽ വെള്ളവും ഗ്യാസും ഡെലിവറി ചെയ്യാൻ വന്നവരല്ലാതെ ഒരാളും ആ വീടിന്റെ കോളിങ് ബെൽ അമർത്തിയില്ല. അറ്റ് ലസ് ജ്വല്ലറിയുടെ സുവർണകാലത്ത് എഴുത്തുകാരും മാധ്യമപ്രവർത്തകരും സംഗീതജ്ഞരുമെല്ലാം എം.എം. രാമചന്ദ്രന്റെ ആതിഥേയത്വവും സമ്മാനങ്ങളും സ്വീകരിക്കാൻ വരിനിന്നിരുന്ന വീടായിരുന്നു അത്. ചിലർ ഫോണിൽ വിളിച്ച് ഈദ് മുബാറക് പറയാൻ സൗമനസ്യം കാണിച്ചു, മറ്റു ചിലർ തിരക്കൊക്കെ ഒഴിഞ്ഞിട്ട് വരാമെന്നറിയിച്ച് ഫോൺ വെച്ചു. അവിടെ നിന്ന് മടങ്ങി രണ്ടു മാസങ്ങൾക്ക് ശേഷം പത്രത്തിന്റെ ബക്രീദ് പതിപ്പിലേക്ക് അദ്ദേഹത്തോട് സംസാരിച്ച് കുറിപ്പ് തയാറാക്കാൻ വീണ്ടും വീട്ടിലെത്തി. ബിഗ് ഷോപ്പറുകളിലാക്കി സ്വർണ ബിസ്കറ്റുകൾ സൂക്ഷിച്ചുവെച്ചിരിക്കുന്നെന്ന് പറഞ്ഞുകേട്ടിരുന്ന ആ വീട്ടിൽ ഒരു പാക്കറ്റ് വേഫർ ബിസ്കറ്റ് മാത്രമാണ് അന്നുണ്ടായിരുന്നത്. ആത്മകഥയുടെ കൈയെഴുത്ത് പ്രതി കാണിച്ചുതരാമെന്ന് പറഞ്ഞ് മറ്റൊരു ദിവസം വീട്ടിലേക്ക് വിളിച്ചു. ഒരു നോട്ടുപുസ്തകത്തിൽ എഴുതിയ തന്റെ ജീവിതത്തിന്റെ ഏടുകൾ അദ്ദേഹം വായിച്ചു കേൾപ്പിച്ചു. ജ്വല്ലറി വീണ്ടും തുടങ്ങുന്നത് പിന്നേക്ക് വെച്ച് ബെസ്റ്റ് സെല്ലർ ആവാൻ സകല സാധ്യതയുമുള്ള ആത്മകഥ പുറത്തിറകുകയാണ് ആദ്യം വേണ്ടതെന്ന് നിർദേശിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല. ആദ്യത്തെ ബ്രാഞ്ച് തുറക്കുന്ന ചടങ്ങിൽ വെച്ച് ആത്മകഥ പ്രകാശനം ചെയ്താൽ നല്ല ഒരു ബ്രാൻഡിങ് ആവുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ഏറ്റവും പ്രിയപ്പെട്ടവർ എന്ന് താൻ വിശ്വസിച്ചിരുന്ന പഴയ പല സുഹൃത്തുക്കളും ഒരു വാട്ട്സ്ആപ്പ് സന്ദേശംപോലുമയക്കാറില്ല എന്ന് ഇടക്ക് സങ്കടപ്പെടുമായിരുന്നു'', കുറിപ്പിൽ പറയുന്നു.
അതിനിടെ ദുബൈയിലെ സാംസ്കാരിക പ്രവർത്തകർ സംഘടിപ്പിച്ച 'അറ്റ്ലസിനൊപ്പം ഇഫ്താർ' എന്ന പേരിൽ നടത്തിയ കൂടിച്ചേരലും 2020 ജനുവരിയിൽ ഷാർജ എക്സ്പോ സെന്ററിൽ ഗൾഫ് മാധ്യമം സംഘടിപ്പിച്ച 'കമോൺ കേരള' വേദിയും അദ്ദേഹത്തിന് ഒരുപാട് ഊർജം പകർന്നുവെന്നും സവാദ് കുറിച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂർണരൂപം:
2018 ജൂണിൽ ചെറിയപെരുന്നാളിന്റെ പിറ്റേന്നാണ് അറ്റ്ലസിനെ ആദ്യമായി കാണുന്നത്. കൂടെ എം.സി.എ നാസർക്കയും മുഈനുദ്ദീൻ റിയാലുവും. ഒരുകാലത്ത് സന്ദർശകരും വ്യാപാരി സുഹൃത്തുക്കളും സാഹിത്യപ്രേമികളുമെല്ലാം തിങ്ങി നിറഞ്ഞിരുന്ന ആ ഫ്ലാറ്റിലന്ന് ആളും ബഹളവുമൊന്നുമില്ല, വീട്ടുകാർ മാത്രം. പക്ഷേ വർഷങ്ങൾക്ക് ശേഷം ഗൃഹനാഥൻ തിരിച്ചെത്തിയതിന്റെ സന്തോഷം ആ വീടാകെ നിറഞ്ഞു നിന്നിരുന്നു.
അതിഥികളും പഴയ പരിചയക്കാരുമൊക്കെ വന്നേക്കുമെന്ന പ്രതീക്ഷയിൽ കുറെ പലഹാരങ്ങൾ ഒരുക്കി വെച്ചിരുന്നു. പഴയ സുഹൃത്തുക്കൾ ആരെങ്കിലും വന്നാൽ അവരുടെ കൂടെ നിർത്തി കുറച്ച് വിഷ്വലുകൾ എടുക്കണമെന്നും അറ്റ്ലസിന്റെ തിരിച്ചുവരവിനെക്കുറിച്ച് അഭിപ്രായമാരായണമെന്നും ഞങ്ങളും കരുതി. മൂന്നു മണിക്കൂറോളം ഞങ്ങൾ അവിടെ വർത്തമാനം പറഞ്ഞിരുന്നു. ആ സമയത്തിനിടയിൽ വെള്ളവും ഗ്യാസും ഡെലിവറി ചെയ്യാൻ വന്നവരല്ലാതെ ഒരാളും ആ വീടിന്റെ കോളിങ് ബെൽ അമർത്തിയില്ല. അറ്റ്ലസ് ജ്വല്ലറിയുടെ സുവർണകാലത്ത് എഴുത്തുകാരും മാധ്യമപ്രവർത്തകരും സംഗീതജ്ഞരുമെല്ലാം എം.എം. രാമചന്ദ്രന്റെ ആതിഥേയത്വവും സമ്മാനങ്ങളും സ്വീകരിക്കാൻ വരിനിന്നിരുന്ന വീടായിരുന്നു അത്.
ചിലർ ഫോണിൽ വിളിച്ച് ഈദ് മുബാറക്ക് പറയാൻ സൗമനസ്യം കാണിച്ചു, മറ്റു ചിലർ തിരക്കൊക്കെ ഒഴിഞ്ഞിട്ട് വരാമെന്നറിയിച്ച് തിരക്കിട്ട് ഫോൺ വെച്ചു. പേരക്കുട്ടിയെ അദ്ദേഹം പേർത്തും പേർത്തും ഉമ്മ വെച്ചു. ഇതു തന്നെയാണ് എന്റെ പെരുന്നാൾ എന്ന് പലവുരു ആവർത്തിച്ചു. ചെറിയ പെരുന്നാളിന് ശേഷമുള്ള ഷവ്വാൽ നോമ്പിലായിരുന്നതിനാൽ ഞാൻ അവിടെ നിന്ന് ഒന്നും കഴിച്ചില്ല. അതദ്ദേഹത്തിന് അൽപം വിഷമമായി, ഇനി നോമ്പില്ലാത്ത ദിവസം മാത്രമേ ഇവിടെ വരൂ എന്ന് പറഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചു. മൂന്നു മണിക്കൂർ അവിടെ ഇരുന്നിട്ടും ഞങ്ങൾക്കൊട്ടും മുഷിപ്പ് തോന്നിയില്ല, അദ്ദേഹത്തിനും ഒട്ടും പറഞ്ഞ് മതിയായിട്ടുണ്ടായിരുന്നില്ല. വീണ്ടും വരാമെന്നു പറഞ്ഞ് യാത്രപറഞ്ഞിറങ്ങി. പിന്നീട് അദ്ദേഹം നിരന്തരം വിളിച്ചു, വീട്ടിലേക്ക് വരൂ എന്ന് ക്ഷണിച്ചു.
രണ്ടു മാസങ്ങൾക്ക് ശേഷം പത്രത്തിന്റെ ബക്രീദ് പതിപ്പിലേക്ക് അദ്ദേഹത്തോട് സംസാരിച്ച് ഒരു കുറിപ്പ് തയ്യാറാക്കാൻ ആ വീട്ടിൽ ചെന്നു. ഞാൻ ഭക്ഷണം കഴിച്ചാണ് വന്നതെന്നും ചായയും കാപ്പിയും കുടിക്കാറില്ലെന്നും പറഞ്ഞപ്പോൾ അദ്ദേഹം ആശ്വസിച്ചിട്ടുണ്ടാവണം. ബിഗ് ഷോപ്പറുകളിലാക്കി സ്വർണ ബിസ്കറ്റുകൾ സൂക്ഷിച്ചുവെച്ചിരിക്കുന്നു എന്ന് പറഞ്ഞുകേട്ടിരുന്ന ആ വീട്ടിൽ ഒരു പാക്കറ്റ് വേഫർ ബിസ്കറ്റ് മാത്രമാണ് അന്നുണ്ടായിരുന്നത്. കുറിപ്പ് പത്രത്തിൽ അടിച്ചു വന്നപ്പോൾ അതീവ സന്തോഷത്തോടെ അദ്ദേഹം പലതവണ വിളിച്ചു. ജയിൽ എന്ന വാക്ക് ആ കുറിപ്പിൽ എവിടെയും ഇല്ലാ എന്നതായിരുന്നു ആഹ്ലാദത്തിന്റെ മുഖ്യഹേതു. അതിൽ പിന്നെ വിളിയുടെ നൈരന്തര്യം വർധിച്ചു. പല സങ്കടങ്ങളും ചെറിയ ചെറിയ സന്തോഷങ്ങളും വിളിച്ചറിയിച്ചു.
ആത്മകഥയുടെ കൈയെഴുത്ത് പ്രതി കാണിച്ചുതരാമെന്ന് പറഞ്ഞ് ഒരു ദിവസം വീട്ടിലേക്ക് വിളിച്ചു. ഒരു നോട്ടുപുസ്തകത്തിൽ വടിവൊത്ത അക്ഷരത്തിൽ എഴുതിയ തന്റെ ജീവിതത്തിന്റെ ഏടുകൾ അദ്ദേഹം വായിച്ചു കേൾപ്പിച്ചു, ഭാര്യയെ ആദ്യമായി കണ്ട ദിവസത്തെക്കുറിച്ചുള്ള ഭാഗം ഞാൻ ഫോണിൽ പകർത്തി. ജ്വല്ലറി വീണ്ടും തുടങ്ങുന്നത് പിന്നേക്ക് വെച്ച് ബെസ്റ്റ് സെല്ലർ ആവാൻ സകല സാധ്യതയുമുള്ള ആത്മകഥ പുറത്തിറകുകയാണ് ആദ്യം വേണ്ടതെന്ന് നിർദേശിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല. ആദ്യത്തെ ബ്രാഞ്ച് തുറക്കുന്ന ചടങ്ങിൽ വെച്ച് ആത്മകഥ പ്രകാശനം ചെയ്താൽ നല്ല ഒരു ബ്രാൻഡിങ് ആവുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.
പലരും അറ്റ്ലസിൽ പങ്കാളികളാവാമെന്നറിയിച്ച് രാമചന്ദ്രനെ സമീപിച്ചിരുന്നുവെങ്കിലും അതൊന്നും പ്രാവർത്തികമായില്ല. ഏറ്റവും പ്രിയപ്പെട്ടവർ എന്ന് താൻ വിശ്വസിച്ചിരുന്ന പഴയ പല സുഹൃത്തുക്കളും ഒരു വാട്ട്സ്ആപ്പ് സന്ദേശംപോലുമയക്കാറില്ല എന്ന് ഇടക്ക് സങ്കടപ്പെടുമായിരുന്നു. ആൾതിരക്കുകൾക്കിടയിലെ ആഘോഷ മനുഷ്യനായിരുന്ന അയാൾ ഈ ഒറ്റപ്പെടൽ വേദനയോടെ സഹിച്ചു.
അതിനിടെ ദുബൈയിലെ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ ബഷീർ തിക്കോടി മുൻകൈയെടുത്ത് 'അറ്റ്ലസിനൊപ്പം ഇഫ്താർ' എന്ന പേരിൽ ഒരു കൂടിച്ചേരലൊരുക്കി. അത് രാമചന്ദ്രന് ഒരുപാട് ഊർജം പകർന്നുവെന്ന് പറയാതിരിക്കാനാവില്ല. പല വേദികളിലും അദ്ദേഹം ക്ഷണിതാവും മുഖ്യാതിഥിയും ഉദ്ഘാടകനുമെല്ലാമായി. 2020 ജനുവരിയിൽ ഷാർജ എക്സ്പോ സെന്ററിൽ ഗൾഫ് മാധ്യമം സംഘടിപ്പിച്ച 'കമോൺ കേരള'യിലെ താരവേദിയിലേക്ക് വിളിച്ചു കയറ്റിയപ്പോഴും ആ മനുഷ്യൻ സമ്മാനം കിട്ടിയ കുട്ടികളെപ്പോലെ സന്തോഷിച്ചു.
ബിസിനസ് ചർച്ചകൾ വീണ്ടും സജീവമാക്കാനാകുമെന്ന് കരുതി നിൽക്കെയാണ് കോവിഡ് മഹാമാരി പടരുന്നതും ലോകം അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നതും. ഇപ്പോഴിതാ വിട്ടുപോയെന്ന് തോന്നിപ്പിച്ചൊരു കാലത്ത് കോവിഡ് പതുങ്ങി നിന്ന് ആ മനുഷ്യനെ കവർന്ന് കൊണ്ടുപോയിരിക്കുന്നു. നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുക്കാനാകുമെന്ന് മോഹിച്ച് ഇറങ്ങി വന്ന അറ്റ്ലസ് രാമചന്ദ്രൻ തന്റെ ചങ്ങാതിമാരും തിരിച്ചുവരുമെന്ന് തെറ്റിദ്ധരിച്ചിരുന്നു. കവിതയിലും സാഹിത്യത്തിലുമെല്ലാം അപാര വ്യൂൽപ്പത്തിയുണ്ടായിരുന്ന അയാൾ സുഭാഷിത രത്നാകരത്തിലെ
''സുഖത്തിലുണ്ടാം സഖിമാരനേകം
ദുഃഖം വരുമ്പോൾ പുനരാരുമില്ലാ,
ഖഗങ്ങൾ മാവിൽ പെരുകും വസന്തേ,
വരാ ശരത്തിങ്കലതൊന്നുപോലും'' എന്ന വരികൾ വായിക്കാനോ വിശ്വസിക്കാനോ വിട്ടുപോയിട്ടുണ്ടാവണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.