Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightപാവപ്പെട്ടവരെ...

പാവപ്പെട്ടവരെ ഓച്ഛാനിപ്പിച്ചു നിര്‍ത്തുന്ന അധികാര ജീര്‍ണ്ണത; മാനന്തവാടി റീസര്‍വ്വേ ഓഫീസിലെ അനുഭവം പറഞ്ഞ് കുറിപ്പ്

text_fields
bookmark_border
പാവപ്പെട്ടവരെ ഓച്ഛാനിപ്പിച്ചു നിര്‍ത്തുന്ന അധികാര ജീര്‍ണ്ണത; മാനന്തവാടി റീസര്‍വ്വേ ഓഫീസിലെ അനുഭവം പറഞ്ഞ് കുറിപ്പ്
cancel

ഓരോ ഫയലിനും പിന്നില്‍ ഒരു ജീവിതമുണ്ടെന്നും അത് വെച്ചുനീട്ടി പൊതുജനത്തെ ഉപദ്രവിക്കരുതെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശമുള്ളപ്പോഴും, സാധാരണക്കാരായ മനുഷ്യരോട് ഒരുവിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വെച്ചുപുലര്‍ത്തുന്ന അടിമ ഉടമ മനോഭാവം വിവരിച്ച് ഫേസ്ബുക്ക് കുറിപ്പ്. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ ജുനൈദ് കൈപ്പാണിയാണ് തന്റെ അനുഭവം വിവരിക്കുന്നത്.

മധ്യവയസ്സ് പിന്നിട്ട മനുഷ്യനുമായി രണ്ടുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന ഒരു ഫയലിന്റെ കാര്യത്തിനായി മാനന്തവാടി താലൂക്ക് റീസര്‍വ്വേ ഓഫീസിലെത്തിയപ്പോള്‍ 'മുതിര്‍ന്ന' ഉദ്യോഗസ്ഥരിലൊരാള്‍ പെരുമാറിയ വിധമാണ് അദ്ദേഹം എഴുതിയത്. വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന, പൊതുജനം ദാനമായി നല്‍കിയ പദവിയിലിരിക്കുന്ന വ്യക്തി എന്നതുകൊണ്ടാവാം തന്നോട് മാന്യമായി പെരുമാറിയെന്നും എന്നാല്‍, പിതാവിനെക്കാളും പ്രായം വരുന്ന ആ നിസ്വനായ മനുഷ്യനു നല്‍കിയ സ്വീകരണം തീര്‍ത്തും അസ്വസ്ഥജനകമായിരുന്നെന്നും ജുനൈദ് പറയുന്നു.

ഫ്യൂഡല്‍ മാടമ്പിത്തരത്തിന്റെ അഭിനവ പ്രതിനിധാനമാണു അവിടെ കാണാനായത്. സര്‍ക്കാര്‍ കാര്യാലയത്തില്‍ പരാതിയുമായെത്തുന്ന പാവപ്പെട്ട പൗരന്മാരെ, ജന്മിമാരെപ്പോലും നാണിപ്പിക്കുന്ന അധികാരഗര്‍വ്വിന്റെ ശരീരഭാഷയോടെ ഓച്ഛാനിപ്പിച്ചു നിര്‍ത്തുകയും, പരാതികള്‍ കളിപ്പന്ത് പോലെ അങ്ങോട്ടുമിങ്ങോട്ടും തട്ടുകയും ചെയ്യുന്ന അധികാര ജീര്‍ണ്ണതയുടെ പ്രതീകങ്ങളിലൊന്ന് എന്ന നിലയ്ക്ക് ആ കാഴ്ചയുടെ ചിത്രം ഇവിടെ പോസ്റ്റ് ചെയ്യുകയാണെന്നും ജുനൈദ് വിവരിക്കുന്നു.

ജുനൈദ് കൈപ്പാണിയുടെ ഫേസ്ബുക്ക് കുറിപ്പ്:

#ദുരധികാരത്തിന്റെ_ദുർമേദസ്സുകൾ

ഈ നാട്ടിലെ ഏറ്റവും പാവപ്പെട്ടവരും സാധാരണക്കാരുമായ മനുഷ്യരോട്‌ നമ്മുടെ ഒരുവിഭാഗം സർക്കാർ ഉദ്യോഗസ്ഥർ വച്ചുപുലർത്തുന്ന അടിമ ഉടമ മനോഭാവത്തിന്റെ അറപ്പുളവാക്കുന്ന ദൃശ്യങ്ങളിലൊന്നിനു സാക്ഷ്യം വഹിക്കേണ്ടി വന്ന വേദനയിലാണു ഈ കുറിപ്പെഴുതുന്നത്‌. (ഒരു വിഭാഗം എന്ന് അടിവരയിട്ട്‌ പറയുകയാണു; അങ്ങേയറ്റം ത്യാഗപൂർണ്ണമായി നാടിനെ സേവിക്കുന്ന നിരവധി സർക്കാർ ജീവനക്കാരെ എനിക്ക്‌ നേരിട്ടുതന്നെ അറിയാം).

മധ്യവയസ്സ്‌ പിന്നിട്ട ഒരു പാവം മനുഷ്യൻ കനത്ത മഴ വകവെക്കാതെ ഇന്ന് രാവിലെ എന്നെ തേടി വീട്ടിലെത്തിയിരുന്നു. രണ്ടുവർഷമായി മുടങ്ങിക്കിടക്കുന്ന ഒരു ഫയലിന്റെ കാര്യം വിവരിച്ചുകൊണ്ട്‌, പ്രസ്തുത വിഷയത്തിൽ എന്തെങ്കിലും സഹായം ചെയ്തു തരണമെന്ന അപേക്ഷയുമായാണു അദ്ദേഹം വന്നത്‌.

അദ്ദേഹം അനുഭവിച്ച പ്രയാസങ്ങളുടെ കഥകൾ കേട്ട്‌ പ്രശ്നപരിഹാരത്തിനായി എന്നെക്കൊണ്ട്‌ ചെയ്യാവുന്ന സഹായങ്ങൾ ചെയ്യാമെന്നു കരുതി ഞങ്ങളിരുവരും അപ്പോൾ തന്നെ മാനന്തവാടി താലൂക്ക് റീസർവ്വേ ഓഫീസിലേക്ക്‌ തിരിച്ചു.

വയനാട്‌ ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ എന്ന, പൊതുജനം ദാനമായി നൽകിയ പദവിയിലിരിക്കുന്ന വ്യക്തി എന്നതുകൊണ്ടാവാം എന്നോട്‌ തികച്ചും മാന്യമായി പെരുമാറിയ അവിടുത്തെ 'മുതിർന്ന' ഉദ്യോഗസ്ഥരിലൊരാൾ, എന്റെ പിതാവിനെക്കാളും പ്രായം വരുന്ന ആ നിസ്വനായ മനുഷ്യനു നൽകിയ സ്വീകരണം തീർത്തും അസ്വസ്ഥജനകമായിരുന്നു. പതിറ്റാണ്ടുകൾക്ക്‌ മുൻപേ നിരവധി ജനകീയ മുന്നേറ്റങ്ങളും ത്യാഗോജ്വല സമരപരമ്പരകളും വഴി നാം നാടുകടത്തിയ ഫ്യൂഡൽ മാടമ്പിത്തരത്തിന്റെ അഭിനവ പ്രതിനിധാനമാണു എനിക്കവിടെ കാണാനായത്.

സർക്കാർ കാര്യാലയത്തിനുള്ളിൽ പരാതിയുമായെത്തുന്ന പാവപ്പെട്ട പൗരന്മാരെ, ജന്മിമാരെപ്പോലും നാണിപ്പിക്കുന്ന അധികാരഗർവ്വിന്റെ ശരീരഭാഷയോടെ ഓച്ഛാനിപ്പിച്ചു നിർത്തുകയും പരാതികൾ കളിപ്പന്ത്‌ പോലെ അങ്ങോട്ടുമിങ്ങോട്ടും തട്ടുകയും ചെയ്യുന്ന അധികാര ജീർണ്ണതയുടെ പ്രതീകങ്ങളിലൊന്ന് എന്ന നിലയ്ക്ക്‌ ആ കാഴ്ചയുടെ ഒരു ചിത്രം ഇവിടെ പോസ്റ്റ്‌ ചെയ്യുകയാണു.

ഓരോ ഫയലിനും പിന്നിൽ ഒരു ജീവിതമുണ്ട്; അതു വെച്ചു നീട്ടി, കാലതാമസം വരുത്തി, പൊതുജനങ്ങളെ ഉപദ്രവിക്കരുത് എന്ന മുഖ്യമന്ത്രിയുടെ വിഖ്യാതമായ നിർദ്ദേശത്തോട് അനുബന്ധമായി പറയെട്ടെ, പരാതിയുമായെത്തുന്ന ഓരോ പൗരന്മാർക്കും തങ്ങളുടെതായ വ്യക്തിത്വവും അന്തസ്സും ആത്മാഭിമാനവുമുണ്ട്‌. ഈ സാധു മനുഷ്യരുടെ വിയർപ്പിനും കണ്ണീരിനും മീതെയാണു നമ്മുടെ എല്ലാ വ്യാജഗർവങ്ങളും അഹങ്കാര സൗധങ്ങളും കെട്ടിയുയർത്തപ്പെടുന്നത്‌.

അവരോട്‌ കരുണ കാണിക്കുക; അവരുടെ പ്രായത്തെയെങ്കിലും മാനിക്കുക; അവരുടെ നിസ്സഹയാതകൾക്ക്‌ മേൽ കുതിര കയറാതിരിക്കുക. ഇത്‌ ഒരു ജനപ്രതിനിധിയുടെ ആത്മാർത്ഥമായ അപേക്ഷ മാത്രമാണു. ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്തുകയല്ല. ആ സാധു മനുഷ്യന്റെ ദയനീയമായ നിൽപും യാചനാ സ്വരത്തിലുള്ള സംസാരവും ഒരു വശത്തും, തന്റെ മഴക്കോട്ടു പോലും അഴിച്ചു വെക്കാൻ മെനക്കെടാതെ ബിഹാറിലൊക്കെ പറഞ്ഞു കേട്ടിട്ടുള്ള മട്ടിൽ ജന്മിത്വ ധാർഷ്ട്യത്തിന്റെ ആൾ രൂപമായി അവതരിച്ച ആ ഉദ്യോഗസ്ഥദുഷ്പ്രഭുവിന്റെ അവജ്ഞാപൂർണ്ണമായ ഇടപെടലും മനസ്സിൽ തികട്ടി വരുന്നതുകൊണ്ട്‌ മാത്രമാണു; പരാതികളുമായെത്തുന്ന പാവം മനുഷ്യരെ ആത്മാഭിമാനമുള്ള സഹജീവികളായി നീതിപുർവം തിരിച്ചറിയണമെന്ന് അഭ്യർത്ഥിക്കാൻ മാത്രമാണു, ഈ കുറിപ്പ്.

ജുനൈദ് കൈപ്പാണി
ചെയർമാൻ
വയനാട് ജില്ലാ പഞ്ചായത്ത്‌
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FB postMananthavadyMananthavady Taluk Re-Survey Office
Next Story