Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_right'ചോര കുടിക്കാന്‍...

'ചോര കുടിക്കാന്‍ പതുങ്ങിയിരിക്കുന്ന ദല്‍ഹി 'കുറുക്കന്‍മാര്‍' തടിച്ച് കൊഴുക്കും'; തന്നെ വിമർശിച്ച കന്യാസ്ത്രീക്ക് മറുപടിക്കുറിപ്പുമായി കെ.ടി.ജലീൽ

text_fields
bookmark_border
KT Jaleel MLA with a reply to the nun
cancel

തിരുവനന്തപുരം: തന്നെ വിമർശിച്ച കന്യാസ്ത്രീക്ക് മറുപടിക്കുറിപ്പെഴുതി കെ.ടി.ജലീൽ എം.എൽ.എ.'ഹിജാബും കന്യാസ്ത്രീ വേഷവും കോടതികളും' എന്ന തലക്കെട്ടിൽ ജലീൽ എഴുതിയ ഫേസ്ബുക്ക് കുറിപ്പിനെ വിമർശിച്ച കന്യാസ്ത്രീക്കാണ് മറുപടി നൽകിയിരിക്കുന്നത്. കന്യാസ്ത്രീകളായ ടീച്ചര്‍മാര്‍ക്ക് 'ഹിജാബ്' അനുവദിക്കുമ്പോള്‍ വിദ്യാർഥിനികള്‍ക്ക് സമാന അവകാശം അനുവദിക്കില്ലെന്ന വാശി ദുരൂഹമാണെന്നായിരുന്നു ജലീല്‍ പറഞ്ഞിരുന്നത്.

ഇതിന് മറുപടിയായിട്ട് ഡി.എസ്.ജെ സന്യാസ സമൂഹത്തിലെ അംഗമായിരുന്ന സിസ്റ്റര്‍ സോണിയ തെരേസ് രംഗത്തെത്തിയിരുന്നു. മുസ്‌ലിം യുവതികള്‍ ധരിക്കുന്ന ഹിജാബിനെ ക്രൈസ്തവ സന്യസ്തര്‍ ധരിക്കുന്ന ശിരോവസ്ത്രത്തോട് (vale) താരതമ്യം ചെയ്യരുതെന്നായിരുന്നു സോണിയ തെരേസിന്റെ പ്രതികരണം.

സോണിയ തെരേസിന്റെ ഈ പരാമര്‍ശത്തിന് മറുപടിയെഴുതുകയാണ് കെ.ടി. ജലീല്‍ ഇപ്പോൾ ചെയ്തിരിക്കുന്നത്. താന്‍ പറഞ്ഞ ഹിജാബിനെ നിഖാബായാണ് സിസ്റ്റര്‍ മനസിലാക്കിയതെന്നും അതില്‍ ചില തെറ്റിദ്ധാരണകള്‍ കടന്നുകൂടിയത് കൊണ്ടാണ് ഇങ്ങിനെയൊരു തുറന്നകത്ത് എഴുതുന്നതെന്നും ജലീല്‍ ഫേസ്ബുക്കിൽ കുറിച്ചു. മുസ്‌ലിം സ്ത്രീയോട് ഇസ്‌ലാംമതം അനുശാസിക്കുന്ന വേഷം മുന്‍കയ്യും മുഖവും ഒഴിച്ച് ബാക്കി ശരീര ഭാഗങ്ങള്‍ മറക്കണമെന്നാണ്. മദര്‍ തെരേസയുടെ വസ്ത്രമാണ് മുസ്‌ലിം സ്ത്രീകള്‍ ഇഷ്ടപ്പെടുന്നതെങ്കില്‍ അവര്‍ക്ക് അത് ഏറ്റവും യോജ്യമായ വേഷമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും കെ.ടി. ജലീല്‍ എഴുതുന്നു.

ഇപ്പോഴുള്ള വിവാദങ്ങള്‍ സമീപ കാലത്ത് ഉണ്ടായിട്ടുള്ള മുസ്‌ലിം-ക്രൈസ്തവ അകല്‍ച്ചയില്‍ നിന്ന് ഉല്‍ഭൂതമായതാണ്. അത് നീങ്ങണമെങ്കില്‍ ക്രിയാത്മക ചര്‍ച്ചകള്‍ ഇരുവിഭാഗങ്ങളിലെ ഉത്തരവാദപ്പെട്ടവരും ഒന്നിച്ചിരുന്ന് നടത്തണമെന്നും ജലീല്‍ കുറിച്ചു.

കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

തുറന്ന കത്ത്… പ്രിയപ്പെട്ട സിസ്റ്റര്‍, ക്ഷേമം നേരുന്നു. മുസ്‌ലിം പെണ്‍കുട്ടികള്‍ ധരിക്കുന്ന 'ഹിജാബ്' അഥവാ ശിരോവസ്ത്രവുമായി(തട്ടം, സ്‌കാഫ്) ബന്ധപ്പെട്ട് ഞാന്‍ എഴുതിയ കുറിപ്പിന് സഹോദരിയുടെ ഒരു മറുകുറിപ്പ് കാണാനിടയായി. അതില്‍ ചില തെറ്റിദ്ധാരണകള്‍ കടന്ന് കൂടിയത് കൊണ്ടാണ് ഇങ്ങിനെയൊരു തുറന്ന കത്ത്.

1) 'ഹിജാബ്' അഥവാ ശിരോവസ്ത്രം മുഖംമൂടിയാണെന്നാണ് സഹോദരി തെറ്റിദ്ധരിച്ചിരിക്കുന്നത്. മുഖംമൂടിക്ക് പറയുന്ന പേര് 'നിഖാബ്' എന്നാണ്. മണല്‍ കാറ്റില്‍ നിന്ന് രക്ഷനേടാന്‍ അറേബ്യന്‍ സ്ത്രീകള്‍ പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന സംബ്രദായമാണത്. അതിന് ഇസ്‌ലാമുമായി ഒരു ബന്ധവുമില്ല. വിശ്വാസിനിയായ ഒരു മുസ്‌ലിം സ്ത്രീയോട് ഇസ്‌ലാംമതം അനുശാസിക്കുന്ന വേഷം മുന്‍കയ്യും മുഖവും ഒഴിച്ച് ബാക്കി ശരീര ഭാഗങ്ങള്‍ മറക്കണമെന്നാണ്.

അത്, സാരി ഉള്‍പ്പടെ ലോകത്തിലെ ഏത് വേഷവിധാനം സ്വീകരിച്ചുമാകാം. പര്‍ദ്ദ തന്നെ ആയിക്കൊള്ളണം എന്ന് ഒരു നിര്‍ബന്ധവുമില്ല. മദര്‍ തരേസയുടെ വസ്ത്രമാണ് മുസ്‌ലിം സ്ത്രീകള്‍ ഇഷ്ടപ്പെടുന്നതെങ്കില്‍ അവര്‍ക്ക് ഏറ്റവും യോജ്യമായ വേഷമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കാരണം മുഖവും മുന്‍കയ്യുമൊഴിച്ച് ബാക്കി ശരീരഭാഗങ്ങളെല്ലാം അതിലൂടെ മറയും.

മുഖംമൂടി അഥവാ നിഖാബ് ധരിച്ച് കോളേജുകളില്‍ വരുന്നതിനോട് ശക്തമായി വിയോജിക്കുന്ന വ്യക്തിയാണ് ഞാന്‍. എം.ഇ.എസ് (മുസ്‌ലിം എജ്യുക്കേഷണല്‍ സൊസൈറ്റി) അവരുടെ കോളേജുകളില്‍ 'നിഖാബ്' (മുഖംമൂടി) ധരിച്ച് വരുന്നത് വിലക്കിയപ്പോള്‍ ഒരധ്യാപകന്‍ എന്ന നിലയില്‍ ഞാനതിനെ ശക്തമായി പിന്തുണക്കുകയാണ് ചെയ്തത്. ആള്‍മാറാട്ടം തടയുന്നതിനും പെണ്‍കുട്ടികളുടെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനും അത്തരം തീരുമാനങ്ങള്‍ അനിവാര്യമാണ്.

2.) ഒരു കന്യാസ്ത്രി തന്റെ തിരുവസ്ത്രത്തെ എത്ര മഹത്തരമായാണോ കാണുന്നത് സമാനമായാണ് വിശ്വാസിനിയായ മുസ്‌ലിം സ്ത്രീ 'ഹിജാബ്' അഥവാ ശിരോവസ്ത്രം ഉള്‍പ്പടെയുള്ള അവരുടെ വസ്ത്രധാരണ രീതിയേയും കാണുന്നത്. അതിനുള്ള അവകാശം ഒരു മുസ്‌ലിം സ്ത്രീക്ക് മാത്രം നിഷേധിക്കുന്നത് അനീതിയല്ലേ?

3.) 'ഹിജാബ്' (ശിരോവസ്ത്രം) ബുദ്ധി ഉദിക്കാത്ത പ്രായത്തില്‍ രക്ഷിതാക്കള്‍ അടിച്ചേല്‍പ്പിക്കുന്നതാണ് എന്ന സിസ്റ്ററുടെ അഭിപ്രായം ശരിയാണെങ്കില്‍ അതേ കുട്ടികളുടെ മേല്‍ ഒരു സ്‌കൂള്‍ മാനേജ്‌മെന്റ് നിശ്ചയിക്കുന്ന യൂണിഫോമും അടിച്ചേല്‍പ്പിക്കലാവില്ലേ? രക്ഷിതാക്കളുടെ അടിച്ചേല്‍പ്പിക്കല്‍ പിന്തിരിപ്പനും സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ അടിച്ചേല്‍പ്പിക്കല്‍ പുരോഗമനപരവുമാകുന്നത് എങ്ങിനെയാണ്?

4) കുട്ടികള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാകാതിരിക്കാന്‍ ഏകീകൃത വേഷവിധാനം വേണമെന്നതിനോട് എനിക്കും യോജിപ്പാണ്. അത് പക്ഷെ, വിശ്വാസ സ്വത്വം ബലികഴിച്ചു കൊണ്ട് വേണം എന്ന് ശഠിക്കുന്നതാണ് പ്രശ്‌നം. എന്നാല്‍ അധ്യാപകരുടെ വേഷത്തില്‍ മതസ്വത്വം വേണ്ടെന്ന് വെക്കുന്നുമില്ല. ഇതിനെ ഇരട്ടത്താപ്പെന്നല്ലാതെ മറ്റെന്താണ് പറയുക? എന്നും കുട്ടികളുടെ മാതൃക അധ്യാപകരല്ലേ?

5) കേരളത്തില്‍ 'ഹിജാബ്' അഥവാ ശിരോവസ്ത്ര വിവാദം വിരലിലെണ്ണാവുന്ന കൃസ്ത്യന്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ മാത്രമാണ് ഉയര്‍ന്ന് കേള്‍ക്കാറ്. എന്ത് കൊണ്ടാണ് ഹൈന്ദവ(എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി) മാനേജ്‌മെന്റുകള്‍ നടത്തുന്ന സ്‌കൂളുകളില്‍ നിന്നോ കോളേജുകളില്‍ നിന്നോ ഇന്നോളം 'തട്ടവിവാദം' കേള്‍ക്കേണ്ടി വരാതിരുന്നത്? ഹൈന്ദവ മാനേജ്‌മെന്റ് സ്‌കൂളുകള്‍ മുസ്‌ലിം പെണ്‍കുട്ടികളോട് കാണിക്കുന്ന സഹിഷ്ണുത സഹോദര സമുദായ മാനേജ്‌മെന്റുകളും കാണിച്ചിരുന്നെങ്കില്‍ തീരുന്നതല്ലേയുള്ളൂ ഈ അനാവശ്യ വിവാദങ്ങള്‍.

6) ഏതെങ്കിലും ഒരു ക്രൈസ്തവ വിദ്യാര്‍ത്ഥിക്ക് ഒരു മുസ്‌ലിം മാനേജ്‌മെന്റ് സ്ഥാപനത്തില്‍ നിന്ന് വേഷത്തിന്റെ പേരില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിപ്പോകേണ്ട ഗതികേട് ഇന്നോളം ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഒരു സംഭവം ചൂണ്ടിക്കാണിച്ചാല്‍ നന്നായിരുന്നു.

സഹോദരീ, ഈ വിവാദങ്ങള്‍ സമീപ കാലത്ത് ഉണ്ടായിട്ടുള്ള മുസ്‌ലിം-ക്രൈസ്തവ അകല്‍ച്ചയില്‍ നിന്ന് ഉല്‍ഭൂതമായതാണ്. അത് നീങ്ങണമെങ്കില്‍ ക്രിയാത്മക ചര്‍ച്ചകള്‍ ഇരവിഭാഗങ്ങളിലെ ഉത്തരവാദപ്പെട്ടവരും ഒന്നിച്ചിരുന്ന് നടത്തണം. അല്ലെങ്കില്‍ കുട്ടനും മുട്ടനും ഏറ്റുമുട്ടി വീഴുന്ന ചോര കുടിക്കാന്‍ പതുങ്ങിയിരിക്കുന്ന ദല്‍ഹി 'കുറുക്കന്‍മാര്‍' തടിച്ച് കൊഴുക്കും. അതുണ്ടാവാതെ നോക്കണം. നന്‍മകള്‍ നേര്‍ന്ന് കൊണ്ട്, സ്‌നേഹപൂര്‍വം സ്വന്തം സഹോദരന്‍, ഡോ. കെ.ടി.ജലീല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KT Jaleel
Next Story