‘പോക്കിരിത്തരത്തിന് ഒരതിരുവേണം, മുഖദാർ കടപ്പുറം ഒരു സമുദായത്തിലെ മതഭ്രാന്തന്മാർക്കും തീറെഴുതിക്കൊടുത്തിട്ടില്ല’-കെ.ടി. ജലീൽ
text_fieldsകോഴിക്കോട് മുഖദാർ ബീച്ചിൽ ചായക്കടകൾ റംസാൻ കാലത്ത് തുറക്കരുതെന്നും തുറന്നാൽ സ്ഥാപനങ്ങൾ അടിച്ചു പൊളിക്കുമെന്നും വ്യാപാരികളെ ഭീഷണിപ്പെടുത്തിയെന്ന വാർത്തയിൽ പ്രതികരിച്ച് കെ.ടി.ജലീൽ എം.എൽ.എ. മഹല്ല് കമ്മിറ്റിയുടെ അറിയിപ്പെന്ന വ്യാജേന ഒരു സംഘം ഗുണ്ടകൾ വന്ന് ഭീഷണി സ്വരത്തിൽ മുന്നറിയിപ്പു നൽകിയതായി പറയപ്പെടുന്ന സംഭവം സത്യമാണെങ്കിൽ അങ്ങേയറ്റം അപലപനീയമാണന്നും പോക്കിരിത്തരത്തിന് ഒരതിരുവേണമെന്നും കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ത്യ ഒരു ബഹുസ്വര രാജ്യമാണ്. ഇവിടെ ഏതൊരാൾക്കും അയാളുടെ വിശ്വാസാചാരങ്ങൾ അനുസരിച്ച് ജീവിക്കാം. വിശ്വാസമില്ലാതെയും ജീവിക്കാം. നിയമ വിധേയമായ മാർഗ്ഗങ്ങളിലൂടെ ഉപജീവനം നടത്താം. കച്ചവടം ചെയ്യാം. വ്യാപാരങ്ങളിൽ ഏർപ്പെടാം. ഒരാൾക്കും ഒന്നിൻ്റെയും പേരിൽ അതൊന്നും തടയാനാവില്ലെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം താഴെ
കോഴിക്കോട് മുഖദാർ ബീച്ചിൽ ചായക്കടകൾ റംസാൻ കാലത്ത് തുറക്കരുതെന്നും തുറന്നാൽ സ്ഥാപനങ്ങൾ അടിച്ചു പൊളിക്കുമെന്നും മഹല്ല് കമ്മിറ്റിയുടെ അറിയിപ്പെന്ന വ്യാജേന ഒരു സംഘം ഗുണ്ടകൾ വന്ന് ഭീഷണി സ്വരത്തിൽ മുന്നറിയിപ്പു നൽകിയതായി പറയപ്പെടുന്ന സംഭവം സത്യമാണെങ്കിൽ അങ്ങേയറ്റം അപലപനീയമാണ്.
ഇന്ത്യ ഒരു ബഹുസ്വര രാജ്യമാണ്. ഇവിടെ ഏതൊരാൾക്കും അയാളുടെ വിശ്വാസാചാരങ്ങൾ അനുസരിച്ച് ജീവിക്കാം. വിശ്വാസമില്ലാതെയും ജീവിക്കാം. നിയമ വിധേയമായ മർഗ്ഗങ്ങളിലൂടെ ഉപജീവനം നടത്താം. കച്ചവടം ചെയ്യാം. വ്യാപാരങ്ങളിൽ ഏർപ്പെടാം. ഒരാൾക്കും ഒന്നിൻ്റെയും പേരിൽ അതൊന്നും തടയാനാവില്ല.
റൗഡിസത്തിലൂടെ കയ്യൂക്ക് ഉപയോഗിച്ച് തോന്നിവാസം കാണിക്കാമെന്നാണ് അരുടെയെങ്കിലും ഭാവമെങ്കിൽ അതൊന്ന് കാണണം. കോഴിക്കോട് മുഖദാർ കടപ്പുറം ഒരു സമുദായത്തിലെ മതഭ്രാന്തന്മാർക്കും തീറെഴുതിക്കൊടുത്തിട്ടില്ല. അങ്ങിനെ ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ ആ പൂതി മനസ്സിൽ വെച്ചാൽ മതി.
ഞാനുൾപ്പടെ കോടാനുകോടി ഇസ്ലാം മത വിശ്വാസികൾ റംസാൻ മാസത്തിൽ വ്രതം അനുഷ്ഠിക്കുന്നവരാണ്. അത്കൊണ്ട് ആർക്കും ഒരു ബുദ്ധിമുട്ടും ഇന്നോളം ഉണ്ടാക്കിയിട്ടില്ല. നോമ്പ് നോൽക്കാത്ത ആളുകൾക്ക് ഭക്ഷണം വേണം. അതുനൽകാൻ സ്വമേധയാ ആരെങ്കിലും സന്നദ്ധമാണെങ്കിൽ അവർക്ക് സംരക്ഷണം നൽകേണ്ട ബാദ്ധ്യത നോമ്പുകാരായ വിശ്വാസികളുടേത് കൂടിയാണ്. ആരെയെങ്കിലും നിർബന്ധിച്ച് നോമ്പെടുപ്പിക്കാനും പോകേണ്ട. നോമ്പെടുക്കുന്നവരെ മുടക്കാനും മുതിരേണ്ട. കടകൾ നിർബന്ധിച്ച് തുറപ്പിക്കുകയും വേണ്ട, അടപ്പിക്കുകയും വേണ്ട. തുറക്കുന്ന കടകൾ അടിച്ച് തകർക്കാൻ വന്നാൽ പ്രതിരോധിക്കാൻ ഞാനുൾപ്പടെ നിരവധി വിശ്വാസികൾ രംഗത്തുണ്ടാകും. സംശയം വേണ്ട.
ഏതെങ്കിലും അറിവില്ലാത്ത അലവലാതികൾ ഇസ്ലാമിൻ്റെ പേരിൽ എന്തെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് തടയേണ്ട ബാദ്ധ്യത സമുദായത്തിലെ വിവേകശാലികൾക്കാണ്. കോഴിക്കോട്ടെ നല്ലവരായ ഇസ്ലാംമത വിശ്വാസികൾ ഇക്കാര്യത്തിൽ ഇടപെട്ട് കാര്യങ്ങൾ നേരെച്ചൊവ്വേ കൊണ്ടു പോകണം. രംഗം കൂടുതൽ വഷളാക്കാൻ സാമൂഹ്യദ്രോഹികൾക്കും വർഗ്ഗീയവാദികൾക്കും അവസരം നൽകരുത്. ബന്ധപ്പെട്ട മഹല്ല് കമ്മിറ്റി തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നത് ഏറെ പ്രയോജനം ചെയ്യും.
ഇത്തരം ബുദ്ധിശൂന്യമായ വർത്തമാനങ്ങൾ നാട്ടിൽ ഉണ്ടാക്കുന്ന അനർത്ഥങ്ങൾ നിരവധിയാണ്. വർഗ്ഗീയ ധ്രുവീകരണത്തിന് തക്കം പാർത്തിരിക്കുന്ന കഴുകൻമാർക്ക് ഇരയെ കൊടുക്കുന്ന ഏർപ്പാട് ഏതു ഭാഗത്തു നിന്നായാലും മുളയിലേ നുള്ളണം. സമാധാനഭംഗം ഉണ്ടാക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നവർക്കെതിരെ പോലീസ് കർശന നടപടികൾ സ്വീകരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.