'മികച്ച പ്രധാനമന്ത്രിയെ തീരുമാനിക്കാൻ അർണബിനെയും കങ്കണയെയും ചേർത്ത് സമിതിയുണ്ടാക്കിയാൽ എങ്ങനെയിരിക്കും'
text_fieldsവിവാദ കാർഷിക നിയമങ്ങൾ പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിക്കെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തുന്നത്. കാർഷിക നിയമങ്ങളെ ശക്തമായി പിന്തുണക്കുകയും നടപ്പാക്കണമെന്ന് വാദിക്കുകയും ചെയ്തവരാണ് സമിതിയിലെ അംഗങ്ങളെന്നതാണ് വിമർശനത്തിന് കാരണം.
സമൂഹമാധ്യമ ആക്ടിവിസ്റ്റും കേന്ദ്ര സർക്കാറിന്‍റെ നിരന്തര വിമർശകനുമായ ധ്രുവ് രതീ രൂക്ഷമായ വിമർശനമാണ് ഈ വിഷയത്തിൽ ഉയർത്തിയത്. 'സമിതിയിലെ നാല് അംഗങ്ങളും കാർഷിക ബില്ലിനെ പരസ്യമായി പിന്തുണക്കുന്നവരാണ്. ലോകത്തിലെ ഏറ്റവും മികച്ച പ്രധാനമന്ത്രിയെ തീരുമാനിക്കാൻ കങ്കണ റണാവത്ത്, അർണബ് ഗോസ്വാമി, സംബീത് പത്ര, രജത് ശർമ എന്നിവരുടെ സമിതി രൂപീകരിക്കുന്നതു പോലെയാണിത്' -ധ്രുവ് രതീ ഫേസ്ബുക് പോസ്റ്റിൽ പരിഹസിച്ചു.
കേന്ദ്ര സർക്കാറിന്‍റെ വിവാദ കാർഷിക നിയമങ്ങൾ സുപ്രീംകോടതി ഇന്ന് സ്റ്റേ ചെയ്തിരുന്നു. മൂന്നു കാർഷിക നിയമങ്ങളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനും ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ എന്നിവർ അംഗങ്ങളായ ബെഞ്ച് സ്റ്റേ ചെയ്തത്.
വിഷയം പഠിക്കാനായി നാലംഗ വിദഗ്ധ സമിതിയെ സുപ്രീംകോടതി രൂപീകരിച്ചു. അശോക് ഗുലാത്തി (കാർഷിക ശാസ്ത്രജ്ഞൻ), ഡോ. പ്രമോദ് കുമാർ ജോഷി (രാജ്യാന്തര നയ രൂപീകരണ വിദഗ്ധൻ), ഹർസിമ്രത് മാൻ, അനി ഗൻവന്ദ് (ശിവകേരി സംഘട്ടൻ, മഹാരാഷ്ട്ര) എന്നിവരാണ് സമിതി അംഗങ്ങൾ. ഡി.എം.കെ എം.പി തിരുച്ചി ശിവ, ആർ.ജെ.ഡി എം.പി മനോജ് കെ. ഝാ അടക്കമുള്ളവരുടെ ഹരജികൾ പരിഗണിച്ചാണ് കോടതി വിധി.
എന്നാൽ, സമിതിയുമായി സഹകരിക്കില്ലെന്നും സമരം തുടരുമെന്നുമാണ് കർഷകരുടെ നിലപാട്. സുപ്രീംകോടതി വഴി ഈ സമിതിയെ കേന്ദ്ര സർക്കാർ നിയോഗിക്കുകയാണെന്നാണ് കരുതുന്നത്. ശ്രദ്ധ തിരിക്കാനുള്ള ഉപായം മാത്രമാണ് സമിതി രൂപീകരണമെന്നും കർഷകർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.