'എന്നെ ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്ററാക്കൂ, മോഡിഫിക്കേഷന് അനുമതി ഞാന്‍ തരാം'; പഴയ വിഡിയോ വിവാദമായതോടെ വിശദീകരണവുമായി മല്ലു ട്രാവലർ
text_fieldsതന്നെ ഗതാഗത മന്ത്രിയാക്കിയാല്‍ വണ്ടി ഏതു തരത്തിലും മോഡിഫിക്കേഷന്‍ നടത്താന്‍ അനുമതി നല്‍കാമെന്ന പ്രസ്താവനയുടെ പേരിൽ പുലിവാലു പിടിച്ച വ്ലോഗർ മല്ലു ട്രാവലർ വിശദീകരണവുമായി രംഗത്ത്. മല്ലു ട്രാവലര്‍ എന്ന പേരില്‍ പ്രശസ്തനായ കണ്ണൂർ ഇരിട്ടി സ്വദേശിയായ വിഡിയോ വ്ലോഗര്‍ ഷാക്കിര്‍ സുബ്ഹാന്‍ ആണ് വിശദീകരണ വിഡിയോ നൽകിയത്. ഇ-ബുൾജെറ്റ് വിവാദത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു മല്ലു ട്രാവലർ ഫേസ്ബുക് ലൈവിൽ മാസങ്ങൾക്ക് മുമ്പ് നടത്തിയ പ്രസ്താവന വിവാദമായത്.
24.5 ലക്ഷം സബ്സ്ക്രൈബേഴ്സ് ഉള്ള ചാനലാണ് മല്ലു ട്രാവലർ. നിരവധി രാജ്യങ്ങളിലൂടെ യാത്ര നടത്തിയ തന്‍റെ ആമിന എന്ന ബൈക്ക് വീട്ടിലേക്ക് കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുമ്പുള്ള വിഡിയോയിലാണ് ഷാക്കിര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
പൈസയും ടാക്സും കൊടുത്തു വാങ്ങിയ തന്‍റെ വണ്ടി മോഡിഫിക്കേഷന്‍ നടത്താന്‍ തനിക്ക് അവകാശമുണ്ടെന്നും എറണാകുളത്ത് നിന്നും കൊണ്ടു വരുന്ന വഴി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെങ്ങാനും ബൈക്ക് കസ്റ്റഡിയിലെടുത്താല്‍ അവരാകും കേരളത്തിന്‍റെ ചരിത്രത്തില്‍ ഏറ്റവും നാണം കെടുന്നവരെന്നും ഷാക്കിര്‍ വീഡിയോയില്‍ വെല്ലുവിളിക്കുന്നുണ്ട്. അഞ്ചു രാജ്യങ്ങളില്‍ ഓടിയ ബൈക്ക് കേരളത്തില്‍ പിടിച്ചാല്‍ അതിന് താനെന്താ പറയേണ്ടതെന്നും ഷാക്കിര്‍ ക്ഷുഭിതനാകുന്നുണ്ട്. തന്നെ ഗതാഗത മന്ത്രിയാക്കിയാല്‍ ഏതു നിറത്തിലും നിറമില്ലാതെയും ബംപര്‍ വെച്ചോ അല്ലാതെയോ കസ്റ്റമൈസ് ചെയ്യാനുള്ള അനുമതി താന്‍ നല്‍കുമെന്നും ഷാക്കിര്‍ വീഡിയോയില്‍ പറയുന്നുണ്ട്.
ഇത് വിവാദമായതോടെയാണ് മല്ലു ട്രാവലർ ഇന്ന് പുതിയ വിഡിയോയിൽ വിശദീകരണം നൽകിയത്. വിവാദ പരാമര്‍ശം നടത്തിയ വിഡിയോ ഒരു വര്‍ഷം മുമ്പുള്ളതാണെന്നും അന്ന് തന്നെ വാഹനത്തെ കുറിച്ച് മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചിരുന്നതായും മല്ലു ട്രാവലര്‍ പറയുന്നു. രണ്ട് വ്ളോഗേഴ്സിന്‍റെ തെറ്റിന് മുഴുവന്‍ വ്ളോഗേഴ്സിനെയും കുറ്റക്കാരാക്കുന്നതായും തന്‍റെ ആമിനയെന്ന ബൈക്ക് കേരളത്തില്‍ മോഡിഫിക്കേഷനോടെ ഓടിച്ചിരുന്നില്ലെന്നും ഷാക്കിര്‍ വ്യക്തമാക്കി.
ലോകയാത്രക്ക് വേണ്ടിയാണ് ബൈക്ക് മോഡിഫൈ ചെയ്തതെന്നും മോഡിഫൈ ചെയ്തപ്പോള്‍ അതിനുള്ള ആവശ്യം മോട്ടോര്‍ വാഹന വകുപ്പിനോട് പറഞ്ഞിരുന്നതായും ഷാക്കിര്‍ പറഞ്ഞു. കേരളത്തില്‍ ഒരു നിയമകുരുക്കിലും ബൈക്ക് പെട്ടിരുന്നില്ല. ലോകം മുഴുവന്‍ കറങ്ങിയതിന് ശേഷം ബൈക്ക് ഇപ്പോള്‍ വീടിനകത്ത് കയറ്റിയിട്ടിരിക്കുന്നതായും ഇന്‍ഷുറന്‍സ് വരെ തീര്‍ന്നതായും ഷാക്കിര്‍ പറഞ്ഞു. ബൈക്കിന് എന്തെങ്കിലും ടെക്നിക്കല്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ ട്രക്കില്‍ കയറ്റിയായിരിക്കും സര്‍വീസ് സെന്‍ററിലേക്ക് കൊണ്ടുപോവുക. ഇവിടുത്തെ നിയമം ലംഘിക്കാന്‍ ഒരു താല്‍പര്യവുമില്ലെന്നും ഷാക്കിര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.