കാഡ്ബറി ഡയറി മിൽക്കിൽ ജീവനുള്ള പുഴു; ദുരനുഭവം പങ്കുവെച്ച് യുവാവ്
text_fieldsഹൈദരാബാദ്: കാഡ്ബറി ഡയറി മിൽക്ക് ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. എന്നാൽ അതിൽ പുഴുവരിക്കുന്നത് കണ്ടാലോ? അത്തരമൊരു ദുരനുഭവമാണ് ഹൈദരാബാദ് സ്വദേശിയായ യുവാവ് അനുഭവിച്ചത്. നഗരത്തിലെ മെട്രോ സ്റ്റേഷനിൽ നിന്നാണ് റോബിൻ സാഷ്യൂസ് 45 രൂപ കൊടുത്ത് കാഡ്ബറി ഡയറി മിൽക്ക് വാങ്ങിയത്. പായ്ക്കറ്റ് തുറന്നപ്പോഴാണ് അതിനകത്ത് ജീവനുള്ള പുഴുക്കളെ കണ്ടത്. ഇതിന്റെ വിഡിയോയും ബില്ലും സഹിതം യുവാവ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചപ്പോഴാണ് വിവരം എല്ലാവരുമറിഞ്ഞത്.
''അമീർപേട്ടിലെ രത്നദീപ് മെട്രോയിലെ കടയിൽ നിന്ന് വാങ്ങിയ കാഡ്ബറി ചോക്കലേറ്റിൽ കണ്ട പുഴുക്കൾ. എക്സ്പെയറി കഴിഞ്ഞ ഇത്തരം ഉൽപ്പന്നങ്ങൾ കണ്ടെത്താൻ ഇവിടെ പരിശോധനയൊന്നും നടക്കുന്നില്ലേ? പൊതുജനങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതിന് ആര് സമാധാനം പറയും?''-എന്നാണ് യുവാവ് വെള്ളിയാഴ്ച എക്സിൽ കുറിച്ചത്.
പോസ്റ്റ് നിമിഷനേരം കൊണ്ടാണ് ആളുകൾ ഏറ്റെടുത്തത്. കാഡ്ബറി അധികൃതർക്കെതിരെ ഏതറ്റം വരെയും പോകണമെന്നാണ് നെറ്റിസൺസ് യുവാവിനോട് ആവശ്യപ്പെട്ടത്. നഷ്ടപരിഹാരം വാങ്ങിക്കണമെന്നും അതിനായി നല്ലൊരു അഭിഭാഷകനെ കണ്ടുപിടിച്ച് പരാതി നൽകണമെന്നും മറ്റൊരാൾ ഉപദേശം നൽകി. അങ്ങനെയാണെങ്കിൽ നല്ലൊരു തുക നഷ്ടപരിഹാരമായി ലഭിക്കുമെന്നും ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും കാഡ്ബറി കമ്പനിക്കെതിരെ വന്നിട്ടുള്ള പരാതികൾ പരിശോധിക്കണമെന്നും സൂചിപ്പിച്ചു.
ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷനും പോസ്റ്റിന് മറുപടി നൽകിയിട്ടുണ്ട്. വിഷയം ഫുഡ് സേഫ്റ്റി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതായും എത്രയും പെട്ടെന്ന് പരിഹാരമുണ്ടാകും എന്നുമാണ് അധികൃതർ അറിയിച്ചു.
അതിനു പിന്നാലെ പരാതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് കാഡ്ബറി ഡെയ്റി മിൽക്കും പോസ്റ്റിനു താഴെ പ്രതികരിച്ചു. ''താങ്ങൾക്കുണ്ടായ അനിഷ്ടകരമായ അനുഭവത്തിൽ ക്ഷമ ചോദിക്കുന്നു. താങ്കളുടെ പേരും വിവരങ്ങളുമടങ്ങിയ മുഴുവൻ വിവരങ്ങളും ഡയറി മിൽക്ക് വാങ്ങിയതിന്റെ കൂടുതൽ കാര്യങ്ങളും ദയവായി പങ്കുവെക്കണം. ഉചിതമായ നടപടി സ്വീകരിക്കാൻ ഞങ്ങൾക്ക് ആ വിവരങ്ങൾ കൂടിയേ തീരൂ. ''-എന്നാണ് കമ്പനി കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.