ഇത് യു.കെയിലെ 'സ്പൈഡൻമാർ'; ചിലന്തി കടിച്ചത് 100ലേറെ തവണ
text_fieldsലണ്ടൻ: ഒരു തവണ ചിലന്തി കടിച്ച് സ്പൈഡർമാനായ പീറ്റർ പാർക്കറിനെ നമുക്കറിയാം. എന്നാൽ നൂറിലേറെ തവണ ചിലന്തി കടിച്ച യു.കെയിലെ ഒരു ഷെഫ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. സ്വന്തം ഫ്ലാറ്റിൽ വല കെട്ടി കൂടൊരുക്കിയ ചിലന്തികളാണ് റസ്സർ ഡേവിസിന്റെ ശത്രുക്കൾ.
ഫാൾഡ് വിഡോ ഇനത്തിൽപ്പെടുന്ന ചിലന്തികളുടെ പേടിപ്പെടുത്തുന്ന കഥ റസ്സൽ തന്നെ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയായിരുന്നു. കൈയിലും കഴുത്തിലും ചിലന്തികൾ കടിച്ചതിന്റെ പാടുകളുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് 55കാരൻ രംഗത്തെത്തിയത്. ശരീരം മുഴുവൻ ഇത്തരത്തിൽ ചിലന്തികൾ കടിച്ചതിന്റെ പാടുകളുണ്ടെന്നും റസ്സൽ പറയുന്നു.
രണ്ടു വർഷത്തോളമായി റസ്സൽ ഈ ഫ്ലാറ്റിൽ താമസിച്ചുവരുന്നു. എന്നാൽ, ചിലന്തികളെ നശിപ്പിക്കാൻ ഫ്ലാറ്റുടമ സമ്മതിക്കുന്നില്ലെന്നതാണ് റസ്സലിനെ നിരാശപ്പെടുത്തുന്ന കാര്യം. ക്ലാരിയോൺ ഹൗസിങ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്ലാറ്റ്.
'എനിക്ക് അതിയായ വേദനയും സങ്കടവുമുണ്ട്. എന്റെ ശരീരം മുഴുവൻ ചിലന്തികൾ കടിച്ചതിന്റെ ചുവന്ന പാടുകൾ കാണാം. ശരീരം അനക്കുമ്പോൾ ചില്ലുകൾ തറക്കുന്നതുപോലെ തോന്നും' -ഡേവിസ് റസ്സൽ പറയുന്നു. പത്തുദിവസമായി ഫ്ലാറ്റിന് പുറത്ത് ടെന്റ് കെട്ടിയാണ് റസ്സലിന്റെ താമസം.
2020 ജനുവരിയിലാണ് റസ്സൽ ഫ്ലാറ്റിലേക്ക് താമസം മാറിയത്. അവിടെയെത്തി ദിവസങ്ങൾക്കകം ഇദ്ദേഹത്തിന് ചിലന്തിയുടെ കടിയേൽക്കാൻ തുടങ്ങി. ത്വക്ക് രോഗമാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ, ഫ്ലാറ്റിൽ ചിലന്തിയെ കണ്ടതോടെ ഇവയുടെ കടിയേറ്റതാണെന്ന് ഉറപ്പിക്കുകയായിരുന്നു. കെന്റിലെ സൗത്ത്ബറോയിലെ അപാർട്ട്മെന്റിലേക്ക് മാറി താമസിക്കുന്നതിന് മുമ്പ് ഭവനരഹിതനായിരുന്നു റസ്സൽ.
ഫ്ലാറ്റിന്റെ ഉടമസ്ഥർ ചിലന്തികളെ നശിപ്പിക്കുന്നതിനായി പരിസരം മുഴുവൻ പുകച്ചുവെന്നും എന്നാൽ ഫ്ലാറ്റിൽനിന്ന് ഇവയെ ഒഴിപ്പിക്കാൻ യാതൊന്നും ചെയ്തില്ലെന്നും റസ്സൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.