Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightഈ തീവ്രവാദ സംഘടനയെ...

ഈ തീവ്രവാദ സംഘടനയെ കേരള ജനത പരാജയപ്പെടുത്തുക തന്നെ ചെയ്യും -മുഹമ്മദ് ഷിയാസ്

text_fields
bookmark_border
ഈ തീവ്രവാദ സംഘടനയെ കേരള ജനത പരാജയപ്പെടുത്തുക തന്നെ ചെയ്യും -മുഹമ്മദ് ഷിയാസ്
cancel

കണ്ണൂർ: പെരിയയിൽ യൂ​ത്ത് കോൺഗ്രസ് പ്രവർത്തകരായ രണ്ട് യുവാക്കളെ വെട്ടിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം പ്രവർത്തകരായ കുറ്റവാളികൾക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ സി.പി.എം പ്രവർത്തകർ സ്വീകരണം നൽകിയതിനെതിരെ എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കേരളം എല്ലാം കാണുന്നുണ്ടെന്നും ജന്മനാ ക്രിമിനൽ ആയ കുറെ സാമൂഹ്യ ദ്രോഹികളെ തീറ്റി പോറ്റി സമൂഹത്തിന് ദോഷം വരുത്തുന്ന സിപിഎം എന്ന തീവ്രവാദ സംഘടനയെ കേരള ജനത പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെ പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികളിൽ ഒമ്പതുപേർക്കാണ് ഇന്നലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ സ്വീകരണം നൽകിയത്. വിയ്യൂർ ജയിലിലായിരുന്ന ഇവരെ അപേക്ഷ പരിഗണിച്ച് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. ‘‘ധീരസഖാവേ ലാൽസലാം, പിന്നോട്ടില്ല പിന്നോട്ടില്ല, മുന്നോട്ടിനിയും മുന്നോട്ട്, ധീരസഖാവേ മുന്നോട്ട്, ആയിരമായിരം അഭിവാദ്യങ്ങൾ, നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ, ഇൻക്വിലാബ് സിന്ദാബാദ്, ലാൽസലാം ലാൽസലാം, ജയിലറ കണ്ട് വിറക്കട്ടെ, ഇൻക്വിലാബ് മുഴങ്ങട്ടെ, ഇനിയുമുറക്കെ മുഴങ്ങട്ടെ...’ എന്നിങ്ങനെ മുദ്രാവാക്യം മുഴക്കിയാണ് സ്ത്രീകളടക്കമുള്ള പാർട്ടി പ്രവർത്തകർ ജയിലിന് മുന്നിൽ കുറ്റവാളികളെ സ്വീകരിച്ചത്.

‘‘ഇത്‌ പോലൊരു നെറികെട്ട രാഷ്ട്രീയ പാർട്ടി വേറെയുണ്ടാകുമോ? രണ്ട് ചെറുപ്പക്കാരെ ക്രൂരമായി കൊന്നു തള്ളിയ സിപിഎം ക്രിമിനലുകളെ ജയിലിൽ അടക്കാൻ പോകുമ്പോൾ പുറത്ത് നിന്ന് അവർക്ക് മുദ്രാവാക്യം വിളിച്ചു കൊടുക്കുന്ന ഭാവി ക്രിമിനലുകൾ...ജയിലിലെത്തി കാര്യങ്ങൾ അന്വേഷിക്കുകയും തടവറ കാട്ടി ഭയപ്പെടുത്തേണ്ട എന്ന് പറയുകയും ചെയ്യുന്ന പി ജയരാജൻ എന്ന മറ്റൊരു കൊലക്കേസ് പ്രതിയും കൂടെ... പ്രതികളുടെ വീട്ടിൽ എത്തി ആശ്വാസം പകരുന്ന നേതാക്കൾ... ഇത്‌ പോലെ കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന ഈ നാണം കെട്ട വർഗം കേരളത്തിന്‌ അപമാനമാണ്. ബംഗാളിലും ത്രിപുരയിലുമെല്ലാം തകർന്ന് വീണതിന്റെ ഒരു കാരണം ഈ അക്രമ രാഷ്ട്രീയമാണ്’ -ഷിയാസ് കുറിപ്പിൽ പറഞ്ഞു.

ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളെയും പത്താം പ്രതിയെയുമാണ് ഞായറാഴ്ച വൈകീട്ടോടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുവന്നത്. ഇവരെ ജയിലിലെത്തിക്കുന്നതിന് തൊട്ടുമുമ്പ് പിന്തുണയുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതി അംഗം കൂടിയായ സി.പി.എം നേതാവ് പി. ജയരാജന്‍ ജയിലിന് മുന്നിലെത്തിയിരുന്നു. കെ.വി കുഞ്ഞിരാമൻ അടക്കം അഞ്ചു സഖാക്കളെ കണ്ടുവെന്ന് പി. ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘തടവറകള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് പറഞ്ഞുവെച്ചതാണ്. തടവറ കാട്ടി പേടിപ്പിക്കാമെന്ന് ആരും കരുതേണ്ട. പ്രതികളെ സന്ദര്‍ശിച്ചു. ‘കേരളം-മുസ്‍ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‍ലാം’ എന്ന എന്റെ പുസ്തകം കൈമാറി. കമ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയാകുന്നില്ല’ -ജയരാജൻ പറഞ്ഞു.

2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കാസര്‍കോട് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്ത് ലാൽ (24) എന്നിവരെ സി.പി.എം പ്രവർത്തകരടക്കമുള്ള പ്രതികൾ കൊലപ്പെടുത്തിയത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ജീപ്പിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചശേഷം ഇരുവരെയും വെട്ടുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് സി.ബി.ഐ ഏറ്റെടുത്തത്. 24 പ്രതികളിൽ 10 പേരെ തെളിവുകളുടെ അഭാവത്തിൽ ഡിസംബർ 28ന് കോടതി വെറുതെ വിട്ടിരുന്നു.

10 പ്രതികളെ ഇരട്ട ജീവപര്യന്തത്തിനും മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍ അടക്കമുള്ള നാലു പ്രതികളെ അഞ്ചു വര്‍ഷത്തെ തടവിനുമാണ് കൊച്ചി സി.ബി.ഐ പ്രത്യേക കോടതി കഴിഞ്ഞദിവസം ശിക്ഷിച്ചത്. എ. പീതാംബരന്‍, സജി. സി. ജോര്‍ജ്, കെ.എം. സുരേഷ്, കെ. അനില്‍കുമാര്‍, ഗിജിന്‍ കല്യോട്ട്, ആര്‍. ശ്രീരാഗ്, എ. അശ്വിന്‍, സുബീഷ് വെളുത്തോളി, ടി. രഞ്ജിത്ത്, എ. സുരേന്ദ്രൻ എന്നിവരാണ് ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohammed ShiyasPeriya Twin Murder Case
News Summary - Mohammed Shiyas against periya twin murder case convicted
Next Story