'വൃന്ദാവനത്തിലെ വാനരൻമാർ ഒരു ഫ്രൂട്ടിക്ക് വേണ്ടി ഐഫോൺ വിറ്റു' -വിഡിയോ
text_fieldsമധുരയിലും വൃന്ദാവനത്തിലും വാനരൻമാരുടെ സാന്നിധ്യം വളരെ കൂടുതലാണ്. പലപ്പോഴും ആളുകളുടെ കൈയിലുള്ള സാധനങ്ങൾ തട്ടിയെടുക്കുകയും മറ്റും ചെയ്ത് പ്രയാസം സൃഷ്ടിക്കാറുമുണ്ട് ഇവ. അതുപോലൊരു സംഭവമാണ് പറഞ്ഞുവരുന്നത്.വൃന്ദാവനത്തിലെ ക്ഷേത്രത്തിലെത്തിയ യുവാവിന്റെ ഐഫോൺ ആണ് കുരങ്ങ് കവർന്നത്. ജനുവരി ആറിനു നടന്ന സംഭവത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഒരു മതിലിനു മുകളിലിരിക്കുകയാണ് രണ്ട് വാനരൻമാർ. അതിൽ ഒരാളുടെ കൈയിൽ ഐഫോണുണ്ട്. അവക്കു ചുറ്റും വലിയൊരാൾക്കൂട്ടം തന്നെയുണ്ട്. കുരങ്ങിന്റെ കൈയിൽ നിന്ന് ഐഫോൺ തിരികെ വാങ്ങാനുള്ള ശ്രമത്തിലാണ് എല്ലാവരും. ഒരു ഫ്രൂട്ടി ബോട്ടിൽ കുരങ്ങുകളുടെ നേർക്ക് എറിഞ്ഞുകൊടുത്ത് ഐഫോൺ തിരികെ കിട്ടുമോയെന്നാണ് ഒരാൾ ശ്രമിച്ചുനോക്കിയത്. പെട്ടെന്ന് തന്നെ ബോട്ടിൽ പിടിച്ചെടുത്ത കുരങ്ങ് ഐഫോൺ താഴേക്കിടുകയും ചെയ്തു. ഒരാൾ താഴെ വീഴാതെ ശ്രദ്ധാപൂർവം ഫോൺ പിടിച്ചെടുക്കുകയും ചെയ്തു.
വൃന്ദാവനത്തിലെ വാനരൻമാർ ഒരു ഫ്രൂട്ടിക്ക് വേണ്ടി ഐഫോൺ വിറ്റു എന്ന അടിക്കുറിപ്പോടെ വികാസ് എന്നയാളാണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. കുരങ്ങുകൾ അതിസമർഥരാണെന്നും കൂളിങ് ഗ്ലാസുകളും ഫോണുകളും തട്ടിപ്പറിച്ചാൽ തങ്ങൾക്ക് ഭക്ഷണം ലഭിക്കുമെന്ന് അവക്ക് നന്നായി അറിയാമെന്നും വിഡിയോക്കു താഴെ ഒരാൾ കുറിച്ചു. വൃന്ദാവനത്തിലെ കുരങ്ങുകൾ മികച്ച വ്യാപാരികളാണെന്ന് മറ്റൊരാൾ കുറിച്ചു. ബാലിയിലും സമാനസംഭവം ഉണ്ടായിരുന്നു. പഴങ്ങൾ കൊടുക്കാൻ തയാറായതോടെയാണ് കുരങ്ങുകൾ യുവതിയുടെ കൈയിൽ നിന്ന് തട്ടിപ്പറിച്ച ഫോൺ തിരികെ കൊടുക്കാൻ തയാറായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.