'തെളിഞ്ഞ കാലാവസ്ഥയിൽ വിമാനത്താവളത്തിന് തൊട്ടടുത്ത് വിമാനം തകർന്നു വീണതിന് കാരണമെന്താകാം'
text_fieldsനേപ്പാളിൽ 72 പേരുമായി പറന്ന വിമാനം പൊഖറ വിമാനത്താവളത്തിന് സമീപം തകർന്നുണ്ടായ അപകടത്തിൽ 68 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാഠ്മണ്ഡുവിൽനിന്ന് കസ്കി ജില്ലയിലെ പൊഖറയിലേക്ക് പുറപ്പെട്ട യതി എയർലൈൻസിന്‍റെ എ.ടി.ആർ-72 വിമാനമാണ് ഞായറാഴ്ച രാവിലെ അപകടത്തിൽപെട്ടത്. എന്താണ് അപകട കാരണമെന്നതിന് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. അതേസമയം, അപകടം സംബന്ധിച്ചുള്ള തന്‍റെ നിഗമനങ്ങൾ പങ്കുവെച്ചിരിക്കുകയാണ് വ്യോമയാന വിദഗ്ധൻ ജേക്കബ് കെ. ഫിലിപ്പ്.
ജേക്കബ് കെ. ഫിലിപ്പിന്‍റെ വാക്കുകൾ ഇങ്ങനെ...
ഇന്നു രാവിലെ പതിനൊന്നോടെ നേപ്പാളിലെ പൊഖാര രാജ്യാന്തര വിമാനത്താവളത്തിനടുത്ത്, യെതി എയർലൈൻസിന്റെ എടിആർ72-500 വിമാനം തകർന്നു വീണ 68 പേർ മരിച്ച അപകടമുണ്ടായതെങ്ങിനെയെന്ന ചോദ്യത്തിന്റെ ഉത്തരം അൽപം സങ്കീർണമാകാനാണിട.
തെളിഞ്ഞ കാലാവസ്ഥയില്, വിമാനത്താവളത്തിന് തൊട്ടടുത്തെത്തി തകർന്നതെന്താണ് എന്നതിന് ഇതേവരെ ഏറെ മറുപടികളില്ല.
സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിച്ച. വിമാനം വീഴുന്നതിനു തൊട്ടു മുമ്പ് ആരോ എടുത്ത വിഡിയോ, വിമാനം സ്റ്റാൾ ചെയ്തതാകാമെന്നാണ് സൂചിപ്പിക്കുന്നത്.
വിമാനത്തെ അന്തരീക്ഷത്തിൽ ഉയർത്തി നിർത്താൻ ചിറകിനടിയിൽ നിന്ന് മുകളിലേക്കുള്ള ലിഫ്റ്റ് എന്ന തള്ളൽ ഇല്ലാതാകുമ്പോഴാണ് വിമാനം സ്റ്റാൾ ചെയ്തു എന്നു പറയുക. താങ്ങി നിർത്താൻ ഒന്നുമില്ലാതായി വിമാനം കല്ലിട്ടപോലെ നേരെ താഴേക്കു വീഴുകയാണ് ഫലം.
വിഡിയോയിൽ, വിമാനത്തിന്റെ മൂക്ക് മുകളിലേക്കുയർന്ന നിലയിൽ കാണുന്നത് സ്റ്റാളിനെ സൂചിപ്പിക്കുന്നു എന്നു പറയാം. നിശ്ചിത അളവിൽ കൂടുതൽ കോണിൽ വിമാനം മുകളിലേക്കുയർന്നാൽ, വായു പ്രവാഹം ചിറകിനെ വിട്ടുമാറുകയും മേൽപ്പറഞ്ഞ ലിഫ്റ്റ് ഇല്ലാതാവുകയും ചെയ്യും.
ലാൻഡു ചെയ്യാനായി വിമാനത്താവളത്തിന് 1.2 നോട്ടിക്കൽ മൈൽ അടുത്ത് എത്തിയ വിമാനം (ഏകദേശം 2.2 കിലോമീറ്റർ) എന്തു കൊണ്ടാണ് മൂക്കുയർത്തി മുകളിലേക്ക് പറക്കാൻ നോക്കിയത്?
- എൻജിൻ പ്രവർത്തനം തകരാറായിട്ടുണ്ടാവാം. വിമാനം താഴെ വീഴുമെന്ന തോന്നലിൽ റിഫ്‌ളക്‌സ് ആക്ഷൻ പോലെ വിമാനം ഉയർത്താൻ പൈലറ്റ് നോക്കിയതാവാം.
- വാലറ്റത്തുള്ള ഫ്‌ളാപ്പുകൾ നിയന്ത്രണമില്ലാതെ മുകളിലേക്കുയർന്നതാവാം
റൺവേ 30 ൽ (തെക്കു കിഴക്കു നിന്ന് വടക്ക് പടിഞ്ഞാറേക്ക്) ഇറങ്ങാനായി പറന്നെത്തിയ വിമാനം കൺട്രോൾ ടവറിനോട് പറഞ്ഞ് റൺവേ 12 ൽ ( വടക്കു പടിഞ്ഞാറു നിന്ന് തെക്കു കിഴക്കേക്ക്) ഇറങ്ങാൻ തീരുമാനിക്കുകായിരുന്നു. വിമാനത്തിന് എന്തെങ്കിലും തകരാറുണ്ടായിരുന്നെങ്കിൽ ആദ്യം തീരുമാനിച്ച റൺവേയിൽ തന്നെ പെട്ടെന്ന് ഇറങ്ങുന്നതിനു പകരം എന്തുകൊണ്ടാണ് വളഞ്ഞു ചുറ്റി വന്ന് റൺവേ 12 ൽ ഇറങ്ങാൻ നോക്കിയത്?
റൺവേയിൽ മഴയോ മൂടൽ മഞ്ഞോ അങ്ങിനെ കാഴ്ച മറയ്ക്കുന്നതൊന്നും ഉണ്ടായിരുന്നുമില്ല. മേഘങ്ങളും കുറവായിരുന്നു. എട്ടുകിലോമീറ്ററോളമായിരുന്നു വിസിബിലിറ്റി എന്നു പറയുന്നു.
ലാൻഡു ചെയ്യാനായി താഴ്ന്നു വന്ന വിമാനം റൺവേയുടെ അറ്റത്തിനു മുന്നേ 1.2 നോട്ടിക്കൽ മൈൽ അകലെ തകർന്നു വീണതിന്റെ അർഥം, വീഴുമ്പോള് വിമാനത്തിന്റെ ഉയരം നാനൂറ് അടിയിലും താഴെയായിരുന്നു എന്നാണ് (മൂന്നു ഡിഗ്രി ചെരിവിലാണ് വിമാനം റൺവേയെ സമീപിക്കുക). ഇത്രയും ചെറിയ ഉയരത്തിൽ വച്ച് സ്റ്റാൾ ചെയ്തതിനാൽ അതിൽ നിന്ന് പറന്നുയരാൻ സ്വാഭാവികമായും കഴിയുകയുമില്ല.
രണ്ടു തവണയായി ഒരു കൊല്ലത്തിലേറെ പറക്കാതെ ഇട്ടിരുന്നതുമാണ്, പതിനഞ്ചര കൊല്ലത്തോളം പഴക്കമുള്ള ഈ വിമാനം. 2007 ൽ നിർമിച്ച വിമാനം ആദ്യം പാട്ടത്തിനെടുത്തത് നമ്മുടെ കിങ്ഫിഷർ എയർലൈൻസായിരുന്നു. 2012 ൽ കിങ്ഫിഷർ പൂട്ടിയതിൽ പിന്നെ ഏഴുമാസം വെറുതേ കിടന്ന വിമാനം പിന്നീട് തായ്‌ലൻഡിലെ നോക് എയർ 2013 ൽ വാങ്ങി. 2018 വരെ പറന്ന വിമാനം പിന്നെ അറ്റകുറ്റപ്പണിക്കായി ഷെഡിൽ കയറ്റി. പിറ്റേക്കൊല്ലമാണ് യെതി വാങ്ങുന്നത്. വിമാനത്തിന്റെ തകരാറാണോ അപകടമുണ്ടാക്കിയതെന്ന ചോദിക്കുമ്പോൾ ഇക്കാര്യവും ഓർമിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.