കൗമാരക്കാരിയെ വയോധികൻ വിവാഹം കഴിച്ചോ? വൈറലായ വിഡിയോയുടെ സത്യം ഇതാണ്
text_fieldsആർക്കും എന്തും പ്രചരിപ്പിക്കാവുന്ന ഇടങ്ങളായി സമൂഹമാധ്യമങ്ങൾ മാറിയിട്ട് ഏറെക്കാലമായി. പലപ്പോഴും ഫാക്ട് ചെക്കുകൾ നടത്തുമ്പോഴാണ് ഇത്തരം സംഭവങ്ങളിലെ സത്യം വെളിപ്പെടുന്നത്. അടുത്തിടെ ഇങ്ങിനെ പ്രചരിച്ച വിഡിയോയുടെ സത്യം പുറത്തുവന്നിരിക്കുകയാണിപ്പോൾ.
ഉത്തര്‍പ്രദേശില്‍ ബാല വിവാഹം നടത്തുന്ന ദൃശ്യങ്ങള്‍ എന്ന പേരിലാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ശൈശവ വിവാഹം നിരോധിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളും 21 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുമാണ് നിയമത്തിന്റെ പരിധിയില്‍ വരുന്നവര്‍. 18 വയസില്‍ നിന്ന് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഈ ബില്‍, പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.
അതിനിടെ പുറത്തുവന്ന വിഡിയോ വലിയ പ്രചാരമാണ് നേടിയത്. 'യോഗിയൂടെ യു.പിയില്‍ ആണ്. പട്ടിണി മുതലെടുത്ത് 2 ലക്ഷം രൂപ കൊടുത്ത്18 വയസ്സ് പോലും തികയാത്ത പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ എന്ന വ്യാജേന കൊണ്ടുവന്ന് ഈ ചെറ്റ കല്യാണം കഴിച്ച് പീഡിപ്പിക്കാന്‍ കൊണ്ടുവന്നതാണ്. ഇവന്‍ ചാണകം ആയതുകൊണ്ട് അവിടത്തെ ഒരൊറ്റ ചാണക സംഘിക്കും ഒരു പരാതിയും ഇല്ല' എന്ന അടിക്കുറുപ്പോടെയാണ് വിഡിയോ പ്രചരിച്ചത്.
എന്നാല്‍, പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഒരു ദേശീയ മാധ്യമം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഈ വിഡിയോ യഥാര്‍ഥ സംഭവത്തിന്റെതല്ല എന്നാണ് ലഭിക്കുന്ന വിവരം. പ്രചരിക്കുന്ന വിഡിയോയില്‍ 50 വയസിനു മുകളില്‍ പ്രായം തോന്നിക്കുന്ന ഒരാളും ഒരു ചെറിയ പെണ്‍കുട്ടിയുമാണുള്ളത്. ഇരുവരും വിവാഹ വസ്ത്രത്തിലാണ്. വിഡിയോ എടുക്കുന്നയാള്‍ പെണ്‍കുട്ടിയോട് എത്രവയസായെന്ന് ചോദിക്കുന്നുണ്ട്. 18 വയസെന്ന് പെണ്‍കുട്ടി മറുപടി പറയുന്നു. തുടര്‍ന്ന്, പഠിപ്പിക്കാമെന്ന പേരിലാണ് തന്നെ കൊണണ്ടുവന്നതെന്നും വീട്ടുകാര്‍ക്ക് അറിയാമെന്നും പെണ്‍കുട്ടി പറയുന്നുണ്ട്. രണ്ട് ലക്ഷം രൂപയാണ് കുട്ടിയുടെ വീട്ടുകാര്‍ക്ക് നല്‍കിയതെന്ന് പെണ്‍കുട്ടിയെ വിവാഹം കഴിച്ചയാളും പറയുന്നു.
ഇങ്ങനെയൊരു സംഭവം ഉത്തര്‍പ്രദേശില്‍ നടന്നതായുള്ള മാധ്യമ വാര്‍ത്തകളൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ഒരു യുട്യൂബ് ചാനലില്‍ ഇതേ വിഡിയോ കണ്ടെത്താനായി. സാമൂഹികാവബോധം സൃഷ്ടിക്കാനായി വിഡിയോകള്‍ ചിത്രീകരിക്കുന്ന കിഷന്‍ കുമാര്‍ വ്‌ളോഗ് എന്ന പേജിലാണ് ഇത് കണ്ടെത്തിയത്.
ഒറിജിനല്‍ വീഡിയോയില്‍ ഇത് ശൈശവ വിവാഹത്തിനെതിരായ പ്രചരണത്തിനായി സൃഷ്ടിച്ചതാണെന്നും യഥാര്‍ഥമല്ലെന്നും വ്യക്തമാക്കുന്ന മുന്നറിയിപ്പ് സന്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ വിഡിയോയ്ക്ക് ശേഷം ഇത്തരം സംഭവങ്ങള്‍ പതിവായതിനാലാണ് വീഡിയോ ചെയ്ത് ബോധവത്കരണം നടത്തുന്നതെന്ന് വ്യക്തമാക്കി ഒരാള്‍ വിശദീകരണം നല്‍കുന്നുമുണ്ട്. എന്നാല്‍ ഈ ഭാഗം എഡിറ്റ് ചെയ്താണ് യഥാര്‍ഥ സംഭവം ആണെന്നും യുപിയിലേതാണെന്നുമുള്ള രീതിയില്‍ പ്രചരിപ്പിക്കുന്നത്. ഇത്തരത്തില്‍ നിരവധി ബോധവത്കരണ വിഡിയോകളാണ് ഈ യുട്യൂബ് പേജില്‍ പങ്കുവച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.