പൊള്ളലേറ്റ ഭാര്യയുമായി ആശുപത്രിയിലേക്ക് പോകുന്ന ഭർത്താവിന് സ്വന്തം വസ്ത്രം ഊരി നൽകി യുവാവ്
text_fieldsമാനന്തവാടി: പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഭാര്യയേയുമായി മാനന്തവാടിയിൽനിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്ന ആദിവാസി യുവാവിന് ധരിക്കാൻ സ്വന്തം ഉടുമുണ്ടും ടീ ഷർട്ടും ഊരി നൽകുന്ന യുവാവിെൻറ ചിത്രവും കുറിപ്പും പങ്കുവെച്ച് മാനന്തവാടി എം.എൽ.എ ഒ.ആർ. കേളു. 'മാനവികതയുടെ സൗന്ദര്യം ഇത്രമേൽ പൂത്തുലഞ്ഞ് നിൽക്കുന്നത് കണ്ടിട്ടുണ്ടോ....?' എന്ന ചോദ്യവുമായി ഫേസ്ബുക്കിലാണ് ഒ.ആർ. കേളു എം.എൽ.എയുടെ കുറിപ്പ്.
തവിഞ്ഞാൽ വെൺമണി സ്വദേശിയും സി.പി.എം വെൺമണി ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ വാളാട് മേഖല പ്രസിഡൻറുമായ അർജുൻ വെൺമണി എന്ന സഖാവാണ് മനുഷ്യത്വത്തിൻെറ മഹനീയ കാഴ്ചയുമായി മാതൃകയായത് -എം.എൽ.എ പറയുന്നു.
കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് വെൺമണി ആദിവാസി കോളനിയിലെ മിനിക്ക് സാരമായി പൊള്ളലേൽക്കുന്നത്. ഗുരുതരാവസ്ഥയിലായ മിനിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിക്കാൻ ഭർത്താവായ ഗോപിയാണ് ആംബുലൻസിൽ കൂടെ പോകേണ്ടത്. കൂലിപ്പണി കഴിഞ്ഞു വന്ന ഗോപിയുടെ വസ്ത്രം നിറയെ അഴുക്ക് പുരണ്ടതും ദീർഘയാത്രക്ക് പറ്റിയ ഒന്നുമായിരുന്നില്ല. പെട്ടെന്ന് വന്നതിനാൽ ആരുടേയും കയ്യിൽ പണവുമില്ല. ലോക്ഡൗൺ ആയതിനാൽ കടകളുമില്ല പുതിയതൊന്ന് വാങ്ങാൻ. 500 രൂപ കടം വാങ്ങി നൽകി, ഒട്ടും മടി കൂടാതെ താനിട്ടിരുന്ന വസ്ത്രവും ഗോപിക്ക് ഊരി നൽകി ആംബുലൻസിൽ കയറ്റി വിടുകയായിരുന്നു അർജുൻ എന്ന്OR Kelu MLA എം.എൽ.എയുടെ ഫേസ്ബുക്ക് കുറിപ്പിൽ വിവരിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം:
മാനവികതയുടെ സൗന്ദര്യം ഇത്ര മേൽ പൂത്തുലഞ്ഞ് നിൽക്കുന്നത് കണ്ടിട്ടുണ്ടോ....?
പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഭാര്യയേയും കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോകുന്ന ആദിവാസി യുവാവിന് ധരിക്കാൻ സ്വന്തം ഉടുമുണ്ടും, ടീ ഷർട്ടും ഊരി നൽകുന്ന യുവാവിന്റെ ചിത്രമാണിത്..
തവിഞ്ഞാൽ വെൺമണി സ്വദേശിയും സി.പി.ഐ.എം വെൺമണി ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ വാളാട് മേഖല പ്രസിഡന്റും ആയ അർജുൻ വെൺമണി എന്ന സഖാവാണ് മനുഷ്യത്വത്തിന്റെ മഹനീയ കാഴ്ചയുമായി മാതൃകയായത്..
കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് വെൺമണി ആദിവാസി കോളനിയിലെ യുവതി മിനിക്ക് സാരമായി പൊള്ളലേൽക്കുന്നത്. ഉടനെ
അർജുനൻ സുഹൃത്തിനൊപ്പം മിനിയുടെ ഭർത്താവ് ഗോപിയേയും കൂട്ടി ആദ്യം ഓട്ടോയിലും പിന്നീട് ആംബുലൻസിലും മാനന്തവാടി മെഡിക്കൽ കോളേജിലെത്തുകയായിരുന്നു ..
ഗുരുതരാവസ്ഥയിലായ മിനിയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകണമെന്ന് ഡോക്ടർ പറഞ്ഞു.
ഭർത്താവായ ഗോപിയാണ് ആംബുലൻസിൽ കൂടെ പോകേണ്ടത്.
കൂലിപ്പണി കഴിഞ്ഞു വന്ന ഗോപിയുടെ വസ്ത്രം നിറയെ അഴുക്ക് പുരണ്ടതും ദീർഘയാത്രക്ക് പറ്റിയ ഒന്നുമായിരുന്നില്ല.പെട്ടെന്ന് വന്നതിനാൽ ആരുടേയും കയ്യിൽ പണവുമില്ല. കൂടാതെ സമ്പൂർണ്ണ ലോക്ക് ഡൗൺ ആയതിനാൽ കടകളുമില്ല.. പുതിയതൊന്ന് വാങ്ങാൻ ....
ഒടുവിൽ മൊഴിയെടുക്കാനായി വന്ന പോലീസുകാരനോട് 500 രൂപ കടം വാങ്ങി നൽകിയ ശേഷം, ഒട്ടും മടി കൂടാതെ താനിട്ടിരുന്ന വസ്ത്രവും അർജുൻ ഗോപിക്ക് ഊരി നൽകി ആംബുലൻസിൽ കയറ്റി വിടുകയായിരുന്നു..
മിനി എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു
മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മനസുകൾ ഈ പ്രതിസന്ധി കാലഘട്ടത്തിലും ഇങ്ങനെ നിറഞ്ഞു നിൽക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു....
ഇതിനിടയിൽ അർജുൻ അറിയാതെ സുഹൃത്ത് പകർത്തിയ ചിത്രമാണിത്..
പ്രിയ സഖാവിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ ....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.