‘റഹ്മാൻ ജിഹാദി’; കേരളത്തെ പ്രകീർത്തിച്ചതിന് പിന്നാലെ സൈബർ ആക്രമണം
text_fields‘ദി കേരള സ്റ്റോറി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്നതിനിടെ കേരളത്തിൽ നടന്ന മതസൗഹാർദ്ദ വിവാഹത്തിന്റെ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ച സംഗീത സംവിധായകൻ എ.ആർ റഹ്മാനെതിരേ സംഘപരിവാർ സൈബർ ആക്രമണം. ചേരാവള്ളി ജുമാമസ്ജിദിൽ ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തെ സംബന്ധിച്ച വാർത്തയാണ് റഹ്മാൻ പങ്കുവെച്ചത്. മനുഷ്യരോടുള്ള സ്നേഹം നിരുപാധികമായിരിക്കണമെന്ന് ഓർമിപ്പിച്ചാണ് റഹ്മാൻ വാർത്തശകലം ട്വിറ്ററിൽ പങ്കുവെച്ചത്.
ഇതിനുപിന്നാലെ റഹ്മാനെതിരെ സംഘപരിവാർ അണികൾ സൈബർ ആക്രമണം നടത്തുകയാണ്. റഹ്മാൻ ജിഹാദിയാണെന്നും, ദി കേരള സ്റ്റോറി എന്ന സിനിമയും റഹ്മാന്റെ ജീവിതവും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും സംഘപരിവാർ ആക്ഷേപിക്കുന്നു. കൂടാതെ കേരളത്തിൽ നിന്ന് മതപരിവർത്തനം നടത്തി ഐ.എസിലേക്ക് പോയെന്ന പേരിൽ വ്യാജ കണക്കുകളും ഇവർ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്.
ആലപ്പുഴയിലെ അഞ്ജുവിന്‍റെയും ശരത്തിന്‍റെയും കല്ല്യാണമാണ് റഹ്മാന്‍ ട്വിറ്ററിലൂടെ ലോകത്തിന് മുന്നില്‍ എത്തിച്ചത്. ചേരാവള്ളി മുസ്‍ലിം ജമാഅത്താണ് അഞ്ജുവിെൻറ വിവാഹം ഏറ്റെടുത്ത് പള്ളിമുറ്റത്തുതന്നെ പന്തലിട്ട് നടത്തിയത്. ചേരാവള്ളി ജമാഅത്ത് പരിധിയിലെ ചേരാവള്ളി ക്ഷേത്രത്തിന് സമീപം അമൃതാഞ്ജലിയിൽ പരേതനായ അശോകെൻറയും ബിന്ദുവിെൻറയും മകൾ അഞ്ജുവിെൻറ വിവാഹമാണ് മഹല്ല് ഏറ്റെടുത്തത്. വാടകവീട്ടിൽ താമസിക്കുന്ന നിർധന കുടുംബമായ ബിന്ദുവിെൻറ സഹായ അഭ്യർഥന ഏറ്റെടുത്തായിരുന്നു കമ്മിറ്റി വിവാഹം നടത്തിയത്. മുസ്‍ലിം ജമാഅത്തിന്റെ ലെറ്റർപാഡിൽ തന്നെയായിരുന്നു വിവാഹക്ഷണക്കത്തും അടിച്ചത്.
ദി കേരള സ്റ്റോറി എന്ന സിനിമവഴി മതനിരപേക്ഷതയെ അവഹേളിക്കുന്ന പ്രചരണം സംഘപരിവാർ നടത്തുമ്പോഴായിരുന്നു റഹ്മാന്റെ തുറന്ന പ്രതികരണം.റഹ്മാന്‍ പങ്കുവച്ച വിഡിയോയില്‍ നൂറ് കണക്കിനാളുകളാണ് കേരളത്തെയും അഭിനന്ദിച്ച് കമന്‍റുകള്‍ ചെയ്‌തിരിക്കുന്നത്. ഇതാണ് യഥാര്‍ഥ കേരള സ്റ്റോറിയെന്നും നിരവധിപേര്‍ പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.