ആക്ഷേപിക്കരുത് പ്ലീസ്, ഇത്ര പണം ലഭിച്ചിട്ടും പട്ടിണിയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല -രമ്യ ഹരിദാസ്
text_fieldsകോഴിക്കോട്: ചേലക്കരയിലെ തോൽവിക്ക് പിന്നാലെ തനിക്കെതിരെ വ്യക്തിപരമായി ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന രമ്യ ഹരിദാസ്. തന്റെ ശമ്പളം സംബന്ധിച്ച മുൻ പരാമർശത്തിനും മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിന് മുൻപ് നൽകിയ പിന്തുണ സംബന്ധിച്ചുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ രമ്യ ഹരിദാസ് വിശദീകരണം നൽകിയത്.
‘പ്രധാനപ്പെട്ട ആരോപണമായി സമൂഹമാധ്യമങ്ങളിൽ എനിക്ക് നേരിടേണ്ടി വരുന്നത് എം.പി ആയപ്പോൾ എന്റെ ശമ്പളത്തെക്കുറിച്ച് ഞാൻ പറഞ്ഞതാണ്. എനിക്ക് ശമ്പളം പോരാ എന്നല്ല ഞാൻ പറഞ്ഞത്. കിട്ടുന്ന ശമ്പളം എങ്ങനെ പോകുന്നു എന്നതിനെ കുറിച്ചാണ്. എം.പി ആയതിനു ശേഷം ഇത്ര പണം ലഭിച്ചിട്ടും പട്ടിണിയാണെന്ന് ഞാൻ എവിടെയും ഒരിക്കലും പറഞ്ഞിട്ടില്ല. ശമ്പളവും അലവൻസുമായി ലഭിക്കുന്ന 1,87,096/- രൂപയിൽ നിന്ന് ഒരു രൂപ പോലും കൊടുക്കാതെ വായ്പയായി വാങ്ങിയ എന്റെ വാഹനത്തിന്റെ അടവ് പോകേണ്ടിയിരുന്നു.മിക്ക ദിവസവും എത്ര കിലോമീറ്റർ സഞ്ചരിക്കണം (ഇന്നോവയുടെ മൈലേജ് അറിയാമല്ലോ). നല്ലൊരു തുക ഡീസലിനായി മാറ്റിവെക്കണം, മെയിന്റനെൻസ് ഇതിനു പുറമേ ആണ്. ഗവൺമെന്റ് തരുന്ന ഒരു സ്റ്റാഫിനെ കൊണ്ട് മാത്രം രണ്ട് ജില്ലകളിലായി 7 നിയോജകമണ്ഡലങ്ങളുള്ള ആലത്തൂർ പാർലമെന്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിയില്ലെന്ന് ഊഹിക്കാമല്ലോ. അതിനായിവെച്ച സ്റ്റാഫുകളുടെ ശമ്പളവും ഓഫിസ് വാടകയും ഇതിൽ നിന്ന് കണ്ടെത്തണം, ഡൽഹിയിലെ ഒരു സ്റ്റാഫിന്റെ ശമ്പളം ഇതിന് പുറമേ കൊടുക്കണം.ഡൽഹിയിലെ വീടിന്റെ ചാർജുകൾ. ആലത്തൂരിൽ വീട് വാടകക്കെടുത്ത് താമസിക്കുന്ന എന്റെ വീട്ടു വാടക. എല്ലാം കൂടി ബുദ്ധിമുട്ടാണെന്നാണ് ഞാൻ പറഞ്ഞുള്ളൂ, പട്ടിണിയാണെന്ന് പറഞ്ഞിട്ടില്ല. പക്ഷെ ആ അഭിമുഖത്തിന്റെ ഹെഡിങ്ങായി വന്നത് "രമ്യ ഹരിദാസ് പട്ടിണിയിൽ" എന്നാണ്.
ഒരു സമ്പാദ്യവും എന്റേതായി എനിക്കില്ല. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന ഒരു ജീവിത സാഹചര്യത്തിൽ ജനിച്ചു വളർന്നവളാണ് ഞാൻ.സ്വന്തമായി ഒരു കുഞ്ഞു വീട് സ്വപ്നം കണ്ട് ജീവിച്ച ആളാണ്, വർഷങ്ങളോളം എടുത്താണ് അതിന്റെ പ്ലാസ്റ്റററിങ്ങ്, നിലം വിരിക്കൽ പണി പോലും ചെയ്തത്. ഒരു ആർഭാടവും ഞാനെന്റെ ജീവിതത്തിൽ അന്നും ഇന്നും കാണിച്ചിട്ടില്ല. ഒന്നും സമ്പാദിച്ചിട്ടുമില്ല. ഒരു രൂപ പോലും ജനസേവനത്തിനുവേണ്ടി എടുത്തുവെക്കാൻ എനിക്ക് എന്റേതായി വരുമാനവുമില്ല.ഒരു മാസം വണ്ടി കൂടുതൽ ഓടേണ്ടി വരുമ്പോൾ പേടിയാണ്.കാരണം ഡീസലിന് നീക്കിവവെച്ച കാശ് തീരുമോ എന്ന പേടി.ഒരു രൂപ പോലും കൈയിലില്ലാത്ത ഞാനടക്കമുള്ള പൊതുപ്രവർത്തകന്റെ അവസ്ഥ വിവരിച്ചതാണ് ആ അഭിമുഖത്തിൽ.വലിയ സമ്പാദ്യങ്ങൾ ഇല്ലാത്ത,വരുമാനമില്ലാത്ത ഏതൊരു പൊതുപ്രവർത്തകന്റെയും അവസ്ഥ ഇതുതന്നെയാണ്,ഏത് പാർട്ടിക്കാരൻ ആയാലും. അത് വിവരിക്കുക മാത്രമായിരുന്നു ഞാൻ ആ ഇന്റർവ്യൂവിൽ ചെയ്തത്. അത് യാഥാർത്ഥ്യവുമാണ്.
ജനപ്രതിനിധി ആകുന്നതിന് മുമ്പ് നിലമ്പൂരിൽ ജോലി ചെയ്യുന്ന സമയത്ത് ലഭിച്ചിരുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഞാനും എന്റെ കുടുംബവും ജീവിച്ചിരുന്നത്. കഴിഞ്ഞതൊന്നും മറന്നിട്ടില്ല, മറക്കുകയുമില്ല. പക്ഷേ 1,87,000 കിട്ടിയിട്ടും പട്ടിണി മാറാത്തവൾ എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപം വരുമ്പോൾ മനസ്സ് വല്ലാതെ നോവുന്നുണ്ട്.ജീവിതത്തിൽ അഞ്ചു രൂപ തികച്ചെടുക്കാൻ ഇല്ലാതിരുന്ന ഒരുകാലം എനിക്കുണ്ടായിരുന്നു.അന്ന് പലരുടേയും സഹായം കൊണ്ട് ജീവിച്ചതൊന്നും മറന്നിട്ടില്ല,ഒരിക്കലും മറക്കുകയുമില്ല.അങ്ങനെയുള്ള ഒരുവൾക്ക് ജീവിക്കാൻ 187000 പോരാ എന്ന് പറഞ്ഞ് ആക്ഷേപിക്കരുത്, പ്ലീസ്...അതെന്നെ വല്ലാതെ നോവിപ്പിക്കുന്നു..(ഇനി ഞാൻ അവതരിപ്പിച്ച കണക്കിന്റെ പേരിൽ അധിക്ഷേപം വേണ്ട.പ്ലീസ്..എന്നെ സ്നേഹിക്കുന്നവരുടെ അറിവിലേക്കായി പറഞ്ഞതാണ്.)’ -രമ്യ ഹരിദാസ് വ്യക്തമാക്കി.
മറുനാടൻ എന്ന ഓൺലൈൻ മാധ്യമത്തെ സപ്പോർട്ട് ചെയ്യുന്നു എന്ന വിമർശനം സംബന്ധിച്ച് തന്റെ നിലപാട് ഒരിക്കൽ വ്യക്തമാക്കിയതാണെന്നും ഒരു ഓൺലൈൻ മാധ്യമത്തോടും തനിക്ക് മമതയോ കൂറോ ഇല്ല എന്നും രമ്യ പറഞ്ഞു. ‘അങ്ങനെ പിന്തുണയ്ക്കേണ്ട കാര്യവുമില്ല, ഞാൻ പിന്തുണയ്ക്കുന്നുമില്ല. അത്തരം മാധ്യമങ്ങളിൽ വരുന്ന വാർത്തകളെ കുറിച്ച് വ്യക്തിപരമായി എനിക്ക് അത്ര നല്ല അഭിപ്രായവും അല്ല. എതിർ ശബ്ദങ്ങളെ ഇല്ലാതെയാക്കുക എന്ന ഇടതുപക്ഷത്തിന്റെ നയങ്ങൾ നടപ്പിലാക്കുന്നത് കണ്ടപ്പോഴാണ് ഓൺലൈൻ മാധ്യമ വക്താവിന്റെ ചിത്രം വെച്ച് പിന്തുണയുമായി രംഗത്തെത്തിയത്. അത് അദ്ദേഹത്തിന്റെ എല്ലാ വാർത്തകൾക്കുമുള്ള പിന്തുണയോ വ്യക്തിക്കുള്ള പിന്തുണയോ അല്ല, ആയിരുന്നില്ല. എന്റെ പ്രിയപ്പെട്ട എന്നെ സ്നേഹിക്കുന്നവർക്ക് അന്നത്തെ പിന്തുണ വേദന സൃഷ്ടിച്ചു എങ്കിൽ ഞാൻ നിർവ്വ്യാജം ഖേദം പ്രകടിപ്പിക്കുകയാണ്’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.