'ഹജ്ജ് ക്യാമ്പ് വഴിയുള്ള ബസിൽ 30 ശതമാനം നിരക്കിളവ്'; സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണവുമായി സംഘ്പരിവാർ
text_fieldsസ്വകാര്യ ബസുകളിൽ നിന്ന് ഏറ്റെടുത്ത റൂട്ടുകളിൽ 30 ശതമാനം നിരക്കിളവിൽ കെ.എസ്.ആർ.ടി.സി ടേക് ഓവർ സർവിസ് നടത്തുന്നതിനെ വിദ്വേഷ പ്രചാരണത്തിനുപയോഗിച്ച് ഹിന്ദുത്വവാദികൾ. ഹജ്ജ് ക്യാമ്പ് വഴി പോകുന്ന ടേക് ഓവർ സർവിസ് ബസിന്‍റെ ചിത്രം പങ്കുവെച്ചാണ് മുസ്‌ലിംകൾക്ക് മാത്രം നൽകുന്ന ഇളവെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക വിദ്വേഷ പ്രചാരണം.
പാലക്കാട് -മലപ്പുറം -കോഴിക്കോട് റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസ് മലപ്പുറം സ്വലാത്ത് നഗറിലെ ഹജ്ജ് ക്യാമ്പ് വഴി പോകുന്നതിനാൽ അത് സൂചിപ്പിക്കുന്ന സ്റ്റിക്കർ പതിച്ച ഫോട്ടോയുമായാണ് സംഘ്പരിവാർ അനുകൂലികൾ വ്യാജപ്രചാരണം നടത്തുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശ്യാം മോഹനടക്കമുള്ളവർ ഈ വ്യാജ പ്രചാരണം നടത്തുന്നുണ്ട്.
140 കിലോമീറ്ററിന് മുകളിലായുള്ള 223 ടേക്ക് ഓവർ സർവിസുകൾക്ക് കെ.എസ്.ആർ.ടി.സി 30 ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ ബസുകൾ കുത്തകയാക്കിയിരുന്ന ഈ റൂട്ടുകളിലെ സർവിസുകൾ ലാഭകരമാക്കാനാണ് ഈ നിരക്ക് ഇളവ് പ്രഖ്യാപിച്ചത്. ഇക്കാര്യം വ്യക്തമാക്കാൻ 'ഈ ബസ്സിൽ 30 ശതമാനം നിരക്കിളവ്' എന്ന സ്റ്റിക്കറും പതിച്ചിട്ടുണ്ട്. ഈ നിരക്കിളവിന്റെയും ഹജ്ജ് ക്യാമ്പിന്റെയും സ്റ്റിക്കറുകൾ ഒന്നിച്ചുള്ള ചിത്രം ഉപയോഗിച്ചാണ് ഹജ്ജിന് പോകുന്നവർക്ക് മാത്രം സർക്കാർ ഇളവ് നൽകുന്നുവെന്ന മുസ്‌ലിം വിദ്വേഷം ഹിന്ദുത്വവാദികൾ പ്രചരിപ്പിച്ചത്.
ടേക്ക് ഓവർ റൂട്ടുകളിലെ നിരക്കിളവ് ഏപ്രിൽ 13ന് പ്രഖ്യാപിച്ചതാണ്. ഇത് സംബന്ധിച്ചുള്ള വാർത്തകൾ ചൂണ്ടിക്കാട്ടി ഹിന്ദുത്വരുടെ വ്യാജ പ്രചാരണങ്ങൾ പലരും തുറന്നുകാട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.