കെ.എം. ഷാജിക്കെതിരായ കള്ളക്കേസിൽ പിണറായി സർക്കാറിന് സുപ്രീം കോടതിയുടെ മുഖമടച്ചുള്ള പ്രഹരം, ഇത് സി.ജെ.പി കൂട്ടായ്മയുടെ സംയുക്ത പരാജയം -വി.ടി. ബൽറാം
text_fieldsപാലക്കാട്: കെ.എം. ഷാജിക്കെതിരെ പിണറായി വിജയൻ സർക്കാർ പടച്ചുണ്ടാക്കിയ കള്ളക്കേസിൽ ഇന്നവർക്ക് സുപ്രീം കോടതിയിൽ നിന്ന് ലഭിച്ചിച്ചത് മുഖമടച്ചുള്ള പ്രഹരമാണെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. സംസ്ഥാന രാഷ്ട്രീയത്തിൽ ഇപ്പോൾ എല്ലാവരും കൃത്യമായി തിരിച്ചറിയുന്ന ‘സി.ജെ.പി’ കൂട്ടായ്മയുടെ സംയുക്ത പരാജയം കൂടിയാണ് ഈ കേസിലെ സുപ്രീം കോടതി വിധിയെന്നും വി.ടി. ബൽറാം പറഞ്ഞു. ബി.ജെ.പി -സി.പി.എം ബാന്ധവത്തെ സൂചിപ്പിക്കാൻ കോൺഗ്രസുകാർ ഉപയോഗിക്കുന്ന ചുരുക്കപ്പേരാണ് സി.ജെ.പി അഥവാ കമ്യൂണിസ്റ്റ് ജനതാ പാർട്ടി. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നീല ട്രോളിയടക്കമുള്ള വിവാദങ്ങൾക്ക് പിന്നിൽ ബി.ജെ.പി -സി.പി.എം കൂട്ടുകെട്ടുണ്ട് എന്നാരോപിച്ചാണ് ‘സി.ജെ.പി’ എന്ന ചുരുക്കെഴുത്ത് ഉപയോഗിച്ചു തുടങ്ങിയത്.
നേരത്തേ ഹൈക്കോടതിയിൽ നിന്നും സർക്കാരിന് ശക്തമായ തിരിച്ചടി ഉണ്ടായിട്ടും വിടാതെ ഷാജിയെ കുരുക്കാൻ സംസ്ഥാന സർക്കാരും കേന്ദ്ര ഏജൻസിയായ ഇ.ഡി.യും ഒരുമിച്ച് നീങ്ങുകയായിരുന്നുവെന്നും ബൽറാം ചൂണ്ടിക്കാട്ടി.
കുറിപ്പിന്റെ പൂർണരൂപം:
കെ എം ഷാജിക്കെതിരെ പിണറായി വിജയൻ സർക്കാർ പടച്ചുണ്ടാക്കിയ കള്ളക്കേസിൽ ഇന്നവർക്ക് സുപ്രീം കോടതിയിൽ നിന്ന് ലഭിച്ചിരിക്കുന്നത് മുഖമടച്ചുള്ള പ്രഹരമാണ്. ഷാജി കൈക്കൂലി വാങ്ങി എന്ന് സ്ഥാപിക്കാൻ വേണ്ടി 54 സാക്ഷി മൊഴികൾ കോടതി മുമ്പാകെ സംസ്ഥാന സർക്കാർ ഹാജരാക്കിയെങ്കിലും അതിൽ ഒരു മൊഴി പോലും ഷാജിയെ കുറ്റപ്പെടുത്തുന്ന തരത്തിലല്ല എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് "ഇതെന്ത് തരം കേസാണ്" എന്നാണ് പരമോന്നത നീതിപീഠം ആശ്ചര്യപ്പെടുന്നത്. അത്രത്തോളം ഹീനമായ അധികാര ദുർവ്വിനിയോഗവും രാഷ്ട്രീയ പകപോക്കലുമാണ് ഈ കേസിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.
നേരത്തേ ഹൈക്കോടതിയിൽ നിന്നും സർക്കാരിന് ശക്തമായ തിരിച്ചടിയാണുണ്ടായത്. എന്നിട്ടും വിടാതെ ഷാജിയെ കുരുക്കാൻ സംസ്ഥാന സർക്കാരും കേന്ദ്ര ഏജൻസിയായ ഇ.ഡി.യും ഒരുമിച്ച് നീങ്ങുകയായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ ഇപ്പോൾ എല്ലാവരും കൃത്യമായി തിരിച്ചറിയുന്ന സി.ജെ.പി. കൂട്ടായ്മയുടെ സംയുക്ത പരാജയം കൂടിയാണ് ഈ കേസിലെ സുപ്രീം കോടതി വിധി.
ഇത്രത്തോളം സർക്കാരിന് തിരിച്ചടിയായ ഒരു വിധിപ്രഖ്യാപനം രാജ്യത്തെ പരമോന്നത കോടതി നടത്തിയിട്ടും അത് അങ്ങനെത്തന്നെ പറയാതെ "കെ എം ഷാജിക്ക് ആശ്വാസം" എന്ന് തലക്കെട്ട് കൊടുക്കുന്ന ചില മാധ്യമ വാർത്തകൾ കണ്ടു. ട്രീപോർട്ടർ, ജനം ചാനലുകൾക്കൊക്കെ ഇപ്പോഴും നിലനിൽക്കുന്ന ഈ കൃമികടിക്ക് തൽക്കാലം മരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.