'ഇന്ത്യൻ കറൻസിയിൽ ഉറുദുവുണ്ടല്ലോ, നോട്ട് ബഹിഷ്കരിക്കാൻ ധൈര്യമുണ്ടോ'
text_fieldsഹാൽദിറാം ഭക്ഷ്യോൽപ്പന്നത്തിന്‍റെ പാക്കറ്റിലെ ഉറുദുവിലുള്ള വിവരണത്തെ ചോദ്യംചെയ്ത് വിദ്വേഷ പ്രചാരണത്തിന് തിരികൊളുത്താൻ സംഘ്പരിവാർ അനുകൂല ടി.വി ചാനലായ സുദർശൻ ടി.വി ശ്രമം നടത്തിയിരുന്നു. എന്നാൽ, ഹാൽദിറാം സ്റ്റോർ മാനേജരുടെ കൃത്യമായ മറുപടിയിൽ സുദർശൻ ടി.വി റിപ്പോർട്ടറുടെ വിദ്വേഷ പ്രചാരണ നീക്കം പാളുകയും ചെയ്തു. വിദ്വേഷ പ്രചാരണത്തെ ധീരമായി എതിർത്ത ഹാൽദിറാമിനും സ്റ്റോർ മാനേജർക്കും വ്യാപക പ്രശംസയാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്.
ഇതിന് പിന്നാലെ വിദ്വേഷ പ്രചാരകരോട് നിരവധി ചോദ്യങ്ങളുയർത്തുകയാണ് സമൂഹമാധ്യമങ്ങൾ. 'ഉറുദുവിനോടാണ് എതിർപ്പെങ്കിൽ ഇന്ത്യൻ കറൻസി നോട്ടിൽ ഉറുദുവുണ്ടല്ലോ, നോട്ട് ബഹിഷ്കരിക്കാൻ തയാറാണോ' എന്നാണ് ഒരു ചോദ്യം. കറൻസി നോട്ടിൽ രേഖപ്പെടുത്തിയ 15 ഇന്ത്യൻ ഭാഷകളിൽ അവസാനത്തേത് ഉറുദുവാണ്. ഉറുദു ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്യുന്ന സുദർശൻ ടി.വി ചെയർമാൻ സുരേഷ് ചവാങ്കെ കറൻസി നോട്ടും ബഹിഷ്കരിക്കണമെന്നാണ് ചിലരുടെ പരിഹാസം.
ഉത്തരേന്ത്യയിൽ പലയിടത്തും സ്ഥലപ്പേരുകൾ ഉറുദുവിൽ കാണാം. യു.പിയിലെ അയോധ്യയിൽ റെയിൽവേ സ്റ്റേഷന്‍റെ പേര് ഇംഗ്ലീഷിലും ഹിന്ദിയിലും ഉറുദുവിലും നൽകിയിട്ടുണ്ട്. എന്തിനാണ് റെയിൽവേ സ്റ്റേഷന്‍റെ പേര് ഉറുദുവിൽ നൽകിയതെന്ന് റെയിൽവേ മിനിസ്റ്ററുടെ വായിൽ മൈക്ക് തിരുകി ചോദിക്കാൻ സുദർശൻ ടി.വിക്ക് ധൈര്യമുണ്ടോയെന്നാണ് മറ്റൊരു ചോദ്യം.
കഴിഞ്ഞ ദിവസമാണ് ഹാൽദിറാമിന്റെ പാക്കറ്റിലെ ഉറുദു എഴുത്തിനെതിരെ വിദ്വേഷ പ്രചാരണത്തിന് സുദർശൻ ടി.വി ശ്രമിച്ചത്. മാധ്യമപ്രവർത്തകക്ക് ഷോറൂം മാനേജർ ശക്തമായ മറുപടി നൽകുകയും ചെയ്തിരുന്നു. ഉൽപന്നം സംബന്ധിച്ച വിവരങ്ങൾ പാക്കറ്റിൽ ഇംഗ്ലീഷിലും ഉറുദുവിലും അച്ചടിച്ചിരുന്നു. ഉറുദുവിൽ പ്രിന്റ് ചെയ്തതിലൂടെ നിങ്ങൾ എന്താണ് മറയ്ക്കാൻ ശ്രമിക്കുന്നതെന്നായിരുന്നു വനിത റിപ്പോർട്ടറുടെ ചോദ്യം. ഷോറൂമിൽ ആളുകൾക്ക് മുമ്പിലായിരുന്നു റിപ്പോർട്ടർ ചോദ്യമുന്നയിച്ചത്.
എന്നാൽ, ചോദ്യത്തിന് തനിക്ക് മറുപടി നൽകാനാവില്ലെന്ന് ഹാൽദിറാമിന്റെ വനിത മാനേജർ പ്രതികരിച്ചു. വീണ്ടും ഇതേ ചോദ്യമുന്നയിച്ചതോടെ പാക്കറ്റിൽ ആളുകളുടെ ജീവന് ഹാനികരമാവുന്നതായതൊന്നുമില്ല, നിങ്ങൾക്ക് വേണമെങ്കിൽ ഇതു വാങ്ങാം, അല്ലെങ്കിൽ ഉടനെ തന്നെ ഷോറൂമിൽ നിന്നും പുറത്ത് പോകണമെന്നും മാനേജർ മാധ്യമപ്രവർത്തകയോട് ആവശ്യപ്പെട്ടു.
വിഡിയോ പുറത്ത് വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇതിനെ സംബന്ധിച്ച ചർച്ചയും സജീവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.