അറിയാമോ ഈ ചിത്രത്തിലെ കുട്ടിയെ? 20 വർഷം മുമ്പുള്ള ചിത്രത്തിലെയാളെ തിരഞ്ഞ് സോഷ്യൽ മീഡിയ
text_fieldsകോഴിക്കോട്: 20 വർഷം മുമ്പ് കളഞ്ഞുകിട്ടിയ ഒരു ചിത്രത്തിലെ കുട്ടിയായ യുവതിയെ അന്വേഷിച്ച് സോഷ്യൽ മീഡിയ. രണ്ടു ചിത്രങ്ങളിൽ കാണുന്ന പെൺകുട്ടിയെ തിരഞ്ഞാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ.
സുൽത്താൻ ബത്തേരിക്കാരനായ സതീഷിന് 20 വർഷം മുമ്പ് കോട്ടക്കുന്നിൽനിന്ന് കളഞ്ഞുകിട്ടിയതാണ് ചിത്രങ്ങൾ. വർഷങ്ങളോളം ചിത്രങ്ങൾ സൂക്ഷിച്ചുവെച്ചു. കഴിഞ്ഞദിവസം പഴയതെല്ലാം പൊടി തട്ടി കുടഞ്ഞപ്പോൾ ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പിൽ പങ്കുവെക്കുകയായിരുനനു ചിത്രങ്ങളും ഒരു കുറിപ്പും. ചിത്രത്തിൽ കാണുന്ന കുട്ടിയായ യുവതിയെ കണ്ടെത്തിയാൽ ചിത്രങ്ങൾ തിരികെ ഏൽപ്പിക്കാമായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു. സതീഷിന്റെ പോസ്റ്റ് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
കുറിപ്പ് വായിക്കാം
ഒരിരുപതു കൊല്ലം മുൻപാണ്. ചെറുമഴയുള്ള ഒരു ഞായറാഴ്ച്ച നാട്ടിൽ, സുൽത്താൻ ബത്തേരി കോട്ടക്കുന്നിലെ അവളക്കാന്റെ അടച്ചിട്ട കടയുടെ തിണ്ണയിലെ ഉപ്പുപ്പെട്ടിക്കുമേൽ അന്ന് സിനിമ ടിക്കറ്റുകളും മറ്റു ഉപദംശങ്ങളുമൊക്കെ വാങ്ങി തന്ന് എന്നെ സ്ഥിരം തീറ്റിപോറ്റിയിരുന്ന കട്ടചങ്ക് അസറു (അഷ്റഫ്) നെയും കാത്ത്, സന്തോഷിൽ പീപ്പീംങ്ങ് ടോം രണ്ടാമതും (അതോ മൂന്നാമതോ) കാണാൻ പോകുന്നതിന്റെ രസത്തിൽ ഒറ്റക്ക് ഞാനങ്ങനെ കാലാട്ടിയിരിക്കുമ്പോൾ തൊട്ടടുത്ത് അനാഥമായി കിടന്ന ഒരു കവറിനുള്ളിൽ നിന്ന് കിട്ടിയതാണ് ഈ കുഞ്ഞിന്റെ ഈ രണ്ട് മനോഹര ഫോട്ടോകൾ.
പിറ്റേന്ന് ആ പരിസരത്തു മുഴുവൻ അന്വേഷിച്ചെങ്കിലും ഇതാരാണ് ആരുടേയാണ് എന്നാർക്കും അറിയില്ലയിരുന്നു.. അങ്ങിനെ അന്നു മുതൽ ഞാനീ ഫോട്ടോകളുടെ വളർത്തച്‌ഛനായി പിന്നീട് ആൽബം തുറക്കുമ്പോഴെല്ലാം വാത്സല്യത്തോടെ തലയിലും താഴത്തും വെക്കാതെ പരിപാലിച്ചു.. താലോലിച്ചു ആ സമയങ്ങളിൽ കെട്ട്യോൾടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഒരു ക്വൊസ്റ്റ്യൻമാർക്കിന്റെ വളഞ്ഞ കുന്തമുനയുണ്ടോ എന്ന് വരെ ഞാൻ സംശയിച്ചു.
പിന്നെ പിന്നെ..ഈ കുഞ്ഞിനെ മറന്നും പോയിരുന്നു. ഈ അടുത്ത് പഴയതെല്ലാം ഒന്ന് തട്ടി കുടഞ്ഞപ്പോൾ അവളിതാ അതേ പാൽ പുഞ്ചിരിയോടെ ആർക്കെങ്കിലും അറിയാമോ ഇന്ന് യുവതിയായ ഈ കുഞ്ഞിനെ ?
ഈ ഫോട്ടോസ് തിരിച്ചേൽപ്പിക്കാമായിരുന്നു...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.