Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_right'സോണിയാ ഗാന്ധിയെ...

'സോണിയാ ഗാന്ധിയെ ഇറ്റലിക്കാരി മദാമ്മ ആക്കുന്നതും അതേ വിചിത്രമനുഷ്യർ തന്നെ'

text_fields
bookmark_border
sonia gandhi 98767a
cancel

ബ്രിട്ടനിൽ ഇന്ത്യൻ വംശജനായ ഋഷി സുനക് പ്രധാനമന്ത്രിയാകുമ്പോൾ അഭിനന്ദനംകൊണ്ട് മൂടുന്ന ഇന്ത്യക്കാർ ഇറ്റലിക്കാരിയായിരുന്ന സോണിയ ഗാന്ധിയോട് കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ചൂണ്ടിക്കാട്ടി എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധ മേനോൻ. രാജ്യാതിർത്തികൾ കടന്നു നിൽക്കുന്ന വിശാലമായ മാനവികബോധമാണ് ആവശ്യം. ഇന്നത്തെ ദിവസം, എന്റെ അഭിവാദ്യങ്ങൾ അധികാര നിരാസത്തിലൂടെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ച സോണിയാഗാന്ധിക്ക് ആണെന്ന് സുധ മേനോൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

സുധ മേനോന്‍റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം...

'സോണിയാഗാന്ധി പ്രധാനമന്ത്രി ആയാൽ ഞാൻ തല മൊട്ടയടിച്ച്‌, സിന്ദൂരം ഉപേക്ഷിച്ച്, വെള്ളയുടുത്ത്, കടല മാത്രം കഴിച്ച് കട്ടിലുപേക്ഷിച്ച്‌ നിലത്ത് കിടന്നുറങ്ങും. ഒരു ഹിന്ദു വിധവയെപ്പോലെ ജീവിക്കും'

ഈ വാക്കുകൾ ആരും മറന്നിട്ടുണ്ടാവില്ല എന്ന് കരുതുന്നു. പറഞ്ഞത് മറ്റാരുമല്ല. അന്തരിച്ച ബി.ജെ.പി നേതാവ് സുഷമാ സ്വരാജ് ആയിരുന്നു. 2004ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് വിജയിക്കുകയും സോണിയാ ഗാന്ധി പ്രധാനമന്ത്രി ആകാനുള്ള സാധ്യത വർധിക്കുകയും ചെയ്തപ്പോൾ ആയിരുന്നു അവർ അങ്ങനെ പറഞ്ഞത്. മാത്രമല്ല, ഒരു വിദേശി ഇന്ത്യൻ പ്രധാനമന്ത്രി ആകുന്നതിന് എതിരെ ദേശവ്യാപകമായി സമരം നടത്താനും ബി.ജെ.പി നിശ്ചയിച്ചു. സോണിയാ ഗാന്ധി പ്രധാനമന്ത്രി ആയാൽ ബി.ജെ.പി രണ്ടാം സ്വാതന്ത്ര്യസമരം ആരംഭിക്കുമെന്ന് പറഞ്ഞത് ബി.ജെ.പിയുടെ അന്നത്തെ ഉപാധ്യക്ഷൻ ആയിരുന്ന ബാബുലാൽ മറണ്ടി ആയിരുന്നു.

സുധ മേനോൻ

എന്തായാലും ഒന്നും വേണ്ടി വന്നില്ല. ആത്മാഭിമാനമുള്ള സോണിയാഗാന്ധി ഒഴിഞ്ഞു മാറി.

വർഷങ്ങൾക്കു ശേഷം സുഷമാ സ്വരാജ് അന്തരിച്ചപ്പോൾ സോണിയാഗാന്ധിയും മകനും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി. ചുവന്ന സിന്ദൂരവും പട്ടുസാരിയും അണിഞ്ഞുകൊണ്ട് 'സുമംഗലിയായി' യാത്രക്കൊരുങ്ങിയ സുഷമാ സ്വരാജിനെ നോക്കി ആദരവോടെ അവർ കൈകൂപ്പി. ഹൃദയസ്പർശിയായ ഒരു കത്ത് അവരുടെ ഭർത്താവിന് എഴുതുകയും ചെയ്തു. ജീവിതപങ്കാളിയെ അകാലത്തിൽ നഷ്ടപ്പെട്ടുപോയ ഒരു സ്ത്രീ ആണല്ലോ സോണിയാ ഗാന്ധിയും.

സോണിയാ ഗാന്ധി എന്നും അങ്ങനെ ആയിരുന്നു. അതുകൊണ്ടാണ് ഭർത്താവിനെ ദാരുണമായി കൊന്ന കുറ്റത്തിന് ജയിലിൽ കിടന്ന നളിനിയോട് പോലും ക്ഷമിക്കാൻ അവർക്കു കഴിഞ്ഞത്.

ഒരു കാര്യം കൂടി ഓർമിപ്പിക്കട്ടെ. 2012 സെപ്റ്റംബര്‍ മാസം ഒന്‍പതിന്, ധവളവിപ്ലവത്തിന്റെ പിതാവും ഗുജറാത്ത് മാതൃകയുടെ 'യഥാർഥ' അവകാശികളിൽ ഒരാളുമായ വര്‍ഗീസ്‌ കുര്യന്റെ മൃതദേഹം, ആനന്ദിലെ അമുല്‍ ഡയറിയുടെ സര്‍ദാര്‍ പട്ടേല്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചിരിക്കുന്ന സമയം, അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ആ ഹാളില്‍ നിന്നും വെറും ഇരുപതു കിലോമീറ്ററിന് അപ്പുറത്ത് നദിയാദില്‍ പുതിയ കലക്ടറേറ്റ്‌ മന്ദിരം ഉദ്ഘാടനം ചെയ്യുന്നുണ്ടായിരുന്നു. ഗുജറാത്തിലെ ഗ്രാമീണമേഖലയില്‍ എമ്പാടും സമൃദ്ധിയുടെ 'നറുംപാല്‍കറന്ന' ഇന്ത്യ കണ്ട ഏറ്റവും മികച്ച 'Institution Builder' അവസാനമായി താന്‍ ജീവനെപ്പോലെ സ്നേഹിച്ച ഗുജറാത്തികളോട് യാത്ര പറയവേ, അതേ ഗുജറാത്തിന്റെ മുഖ്യമന്ത്രി, കുര്യന്റെ മൃതശരീരത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാതെ ഔദ്യോഗിക ബഹുമതികള്‍ പോലും ജീവനറ്റ ആ ശരീരത്തിന് നിഷേധിച്ചുകൊണ്ട് തൊട്ടടുത്തുകൂടി മടങ്ങിപ്പോയി... കാരണം, 'പക വീട്ടാനുള്ളതാണ്' എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

ഇന്ന്, ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി ആകുന്നതിൽ ഇന്ത്യക്കാർ അതിരറ്റ് ആഹ്ലാദിക്കുന്നത് കാണുമ്പോൾ എനിക്കും സന്തോഷമേയുള്ളൂ. പക്ഷെ അതേ വിചിത്രമനുഷ്യർ തന്നെയാണ് സോണിയാ ഗാന്ധിയെ ഇറ്റലിക്കാരി മദാമ്മ ആക്കുന്നത് എന്ന് പറയാതിരിക്കാൻ വയ്യ. 'ഇറ്റലിക്കാരി മദാമ്മയുടെ പാവാട കഴുകുന്നവർ' എന്ന് കോൺഗ്രസുകാരെ നിരന്തരം ആക്ഷേപിക്കുന്നത് അവർ തന്നെയാണ്. സോണിയാഗാന്ധി ഇന്ത്യയിൽ വരുന്നതിനു മുൻപ്-ഏതാണ്ട് 54 വർഷങ്ങൾക്കു മുൻപ്- തന്നെ ഐ.എൻ.ടി.യു.സി നേതാവും മികച്ച സംഘാടകനും ആയി മാറിയിരുന്ന ഇന്നത്തെ കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെജിയെ 'ഇറ്റലി മദാമ്മയുടെ അടുക്കളക്കാരൻ/ വിഴുപ്പ് അലക്കുന്നവൻ' എന്ന് വിളിക്കുന്നതും ഇതേ മനുഷ്യർ ആണ്.

സുഹൃത്തുക്കളെ, താടി ഉണ്ടായാൽ മാത്രം ആരും ടാഗോർ ആവില്ല. അതിന് രാജ്യാതിർത്തികൾ കടന്നു നിൽക്കുന്ന വിശാലമായ മാനവികബോധം കൂടി വേണം. അതുകൊണ്ട്, ഇന്നത്തെ ദിവസം, എന്റെ അഭിവാദ്യങ്ങൾ അധികാര നിരാസത്തിലൂടെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ച സോണിയാഗാന്ധിക്ക് ആണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sonia GandhiSudha menon
News Summary - Sudha menon facebook post on Sonia Gandhi
Next Story