Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightഒരുമിച്ച് ഭക്ഷണം...

ഒരുമിച്ച് ഭക്ഷണം കഴിച്ച്, അവസാന ഉരുളയും വാരിത്തന്ന്....

text_fields
bookmark_border
ഒരുമിച്ച് ഭക്ഷണം കഴിച്ച്, അവസാന ഉരുളയും വാരിത്തന്ന്....
cancel

നിച്ചാൽ മരിക്കും എന്നത് ഏറ്റവും ഉറപ്പുള്ള കാര്യമാണ്. എന്നാൽ അതെന്നായിരിക്കുമെന്ന് ആർക്കും പ്രവചിക്കാൻ സാധിക്കില്ല. യാത്ര ചെയ്യുമ്പോഴോ ഉറക്കിടക്കുമ്പോഴോ കൂട്ടുകാരോട് സംസാരിച്ചു നിൽക്കുമ്പോഴോ എപ്പോൾ വേണമെങ്കിലും മരണം വന്ന് കൂട്ടിക്കൊണ്ടുപോകാം....അത്രമേൽ സ്നേഹിക്കുന്നവരെ വിട്ട് പിരിയുന്നത് എ​ത്രമാത്രം വേദനയാർന്ന കാര്യമാണെങ്കിലും പിന്നീട് നമ്മളതു​മായി പൊരുത്തപ്പെടും. അവരില്ലാത്ത ലോകത്ത് ജീവിക്കാൻ പഠിക്കും. സ്നേഹിച്ച് കൊതിതീരും മുമ്പേ വിടപറഞ്ഞ ഭർത്താവിനെ കുറിച്ച് ജീവിത പങ്കാളി എഴുതിയ ഒരു കുറിപ്പ് പങ്കുവെക്കുകയാണിവിടെ. അകാലത്തിൽ പൊലിഞ്ഞ സോളിഡാരിറ്റി സംസ്ഥാനസമിതിയംഗവും കോഴിക്കോട് കുറ്റ്യാടി ഐഡിയൽ കോളജ് പ്രിൻസിപ്പലുമായ ഡോ. മിസ്അബ് ഇരിക്കൂറിനെ കുറിച്ച് ഭാര്യ സുലൈഖ എഴുതിയ കുറിപ്പാണിത്.

ഒരുമിച്ച് ഭക്ഷണം കഴിച്ച്, അവസാന ഉരുളയും വാരിത്തന്ന്....

-------------------

അന്ന് കോളജിലെ പരിപാടി കഴിഞ്ഞ് മിസ്അബ്ക്ക വന്നത് മഗ്‌രിബോടെയായിരുന്നു. വന്ന് നമസ്കരിച്ചു കടയിൽ പോയി സാധനങ്ങളൊക്കെ വാങ്ങി തിരികെവന്നു.

ശേഷം പതിവ്പോലെ നമ്മൾ ഒരുമിച്ചാണ് ഭക്ഷണം കഴിക്കാൻ ഇരുന്നത്. ഇടക്കിടക്ക് രാത്രി നമ്മൾക്ക് എല്ലാവർക്കും ഇക്ക ഭക്ഷണം വാരിത്തരാറുണ്ട്. ആദ്യ ഉരുള മിസ്അബ്ക്ക കഴിക്കും. എന്നിട്ടെനിക്ക് വാരിത്തരും. പിന്നെ മക്കൾക്ക് ഓരോരുത്തർക്കും... അന്ന് എനിക്കും മക്കൾക്കും അവസാനമായി ഭക്ഷണം വാരി തന്നു.....

സമയം ഏതാണ്ട് 10.40. ഭക്ഷണ ശേഷം പിറ്റേ ദിവസത്തെ ഖുർആൻ ക്ലാസ്സ്‌ റെഫർ ചെയ്ത് ഡയറിയിൽ എഴുതിക്കൊണ്ടിരിക്കെ ചെറിയ രണ്ടു മക്കളുടെ ഇടയിൽ നിന്നാണ് മിസ്അബ്കാ "യാ അല്ലാഹ് "എന്ന് വിളിച്ച് കൊണ്ട് വീഴുന്നത്... ‘അല്ലാഹുവേ നമ്മളെ ഉപ്പാക്ക് ഒന്നും ആകല്ലേ’ എന്ന മക്കളുടെ കൂട്ട നിലവിളി കേട്ട് ബഷീർ സാഹിബ്‌ ഓടി വന്നു. അതിനിടയിൽ ഞാൻ താങ്ങിപിടിച്ചു ഇരുത്തിയിരുന്നു. കുഴയുന്നത് പോലെ തോന്നിയതിനാൽ കിടത്തി.

ബഷീർ സാഹിബ്‌ സി.പി.ആർ കൊടുത്തു. തുടർന്ന് ഞാനും. നിനക്ക് എന്ത് ആവശ്യമുണ്ടെങ്കിലും കോളേജിലെ ഹോസ്റ്റൽ വിദ്യാർഥികളെ വിളിക്കണമെന്ന് ജൂണിൽ തന്നെ പറഞ്ഞേല്പിച്ചിരുന്നു. അങ്ങനെയാണ് ഞാൻ ബിലാലിനെയും മറ്റും വിളിക്കുന്നത്. നിമിഷ നേരം കൊണ്ട് ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. എന്നാൽ, അല്ലാഹുവിലേക്ക് യാത്രയായതായി 11.16ന് സാലിഹ് സർ എന്നോട് പറഞ്ഞു.....

-------------------

‘നമ്മുടെ മക്കളുടെ മുടിയൊക്കെ നല്ല സൂക്ഷ്മത വേണം’

-------------------

മനുഷ്യനാണ്, എപ്പോ വേണമെങ്കിലും മരണം സംഭവിക്കാമെന്നും അതിന് ഒരുങ്ങിയിരിക്കണമെന്നും എന്റെ മിസ്അബ്കാ എപ്പോഴും പറയാറുണ്ട്. എന്ത് സംഭവിച്ചാലും മക്കളുടെ മുന്നിൽനിന്ന് കരയാൻ പാടില്ലെന്ന് പല സന്ദർഭങ്ങളിലായി എന്നോട് പറഞ്ഞിരുന്നു. അതിനാൽ, ഞാൻ പരമാവധി കരയാതെ പിടിച്ചു നിന്നു..

മുൻപ് ഒരു മരണ വീട്ടിൽ പോയി വന്നിട്ട് എന്നോട് പറഞ്ഞു, അദ്ദേഹത്തിന്റെ മക്കളുടെ മുടി വല്ലാതെ വളർന്ന രീതിയിലായിരുന്നുവെന്ന്. അതുകൊണ്ട് തന്നെ നമ്മുടെ മക്കളുടെ മുടിയൊക്കെ നല്ല സൂക്ഷ്മത വേണമെന്ന്. മരണപ്പെടുന്നതിന്റെ ഏതാനും ദിവസങ്ങൾക്കു മുൻപാണ് മക്കളുടെ മുടിയൊക്കെ മുറിച്ചത്.. അത്രത്തോളം ഓരോ കാര്യത്തിലും സൂക്ഷ്മത പുലർത്തിയിരുന്നു.

-------------------

‘സമ്മാനപ്പൊതികളുമായി ഉപ്പ അല്ലാഹുവിങ്കൽ കാത്തു നിൽക്കുന്നു’

-------------------

ഒരുപാട് സമ്മാനപ്പൊതികളുമായി നമ്മെ വരവേൽക്കാൻ ഉപ്പ അല്ലാഹുവിങ്കൽ കാത്തു നിൽക്കുന്നുണ്ടെന്ന് ഞാൻ മക്കളെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. അപ്പോൾ മൂന്നു വയസ്സുള്ള മോൻ ചോദിക്കും ‘എപ്പോഴാ നമ്മൾ പോവുക’ എന്ന്. ഇൻഷാ അല്ലാഹ്...! മിസ്അബ്കാ കാണിച്ചു തന്ന വഴികളിലൂടെ മുന്നേറി, മക്കളെ മൂന്നു മിസ്അബുമാരാക്കി വളർത്തിയെടുക്കാനുള്ള ദീനും കഴിവും ശക്തിയും എല്ലാം ലഭിക്കാൻ വേണ്ടി അല്ലാഹുവിനോട് ആത്മാർത്ഥമായി പ്രാർഥിക്കാം.

രാത്രി ഉറങ്ങുന്നതിനു മുൻപ് മിസ്അബ്ക്ക മക്കൾക്ക് നബിമാരുടെ കഥ പറഞ്ഞു കൊടുക്കുമായിരുന്നു. ചെറിയ മോളാണെങ്കിലും അവളുടെ ഡ്രസ്സ്‌ എടുക്കുന്നതിലും ഇക്കാക്ക് നല്ല ശ്രദ്ധ ഉണ്ടായിരുന്നു. കൈയ്യില്ലാത്തതും കാൽമുട്ടിന് മുകളിൽ വരുന്നതുമായ ഉടുപ്പുകൾ എടുക്കാൻ സമ്മതിക്കുമായിരുന്നില്ല.

-------------------

ഇത്രയും യോഗ്യനായ ഒരാൾ എന്നെ ഇഷ്ടപ്പെടുമോ?

-------------------

ചുവന്നു തുടുത്ത സുമുഖനായ ചെറുപ്പക്കാരൻ. JNU വിലെ Phd Scholar. കണ്ട ഉടൻ ഞാൻ ചിന്തിച്ചത് ഇത്രയും യോഗ്യനായ ഒരാൾ എന്നെ ഇഷ്ടപ്പെടുമോ എന്നായിരുന്നു. 2013 ഡിസംബർ 22നായിരുന്നു ആ ദിനം. അന്ന് ഞാൻ ജോലി ചെയ്യുന്ന വാദിഹുദയിൽ എന്നെ പെണ്ണ് കാണാൻ വന്നപ്പോഴാണ് ഞാൻ ആദ്യമായി മിസ്അബ്ക്കയെ കാണുന്നത്. മാധ്യമത്തിൽ ഞാൻ ഇന്റേൺഷിപ് ചെയ്യുമ്പോൾ പരിചയപെട്ട Salih Abdulla TV കൂടെയായിരുന്നു മിസ്അബ്ക്ക വന്നത്.

രാവിലെ അരമണിക്കൂറോളം എന്നോട് സംസാരിച്ചിരുന്നു. ഉച്ചക്ക് ശേഷം വീണ്ടും വന്നുകണ്ടു. ഒരു മണിക്കൂർ നീണ്ടു നിന്ന ഈ സംസാരത്തിൽ മിസ്അബ്ക്കയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്നോട് പങ്കു വെച്ചു. "എനിക്ക് വെറും 5000 രൂപ സ്കോളർഷിപ് " മാത്രമാണുള്ളത് എന്ന് മുതൽ എല്ലാം എന്നോട് തുറന്നു പറഞ്ഞു.

അന്ന് രാത്രി തന്നെ മിസ്അബ്ക്ക എന്റെ ഇക്കാക്കയെ വിളിച്ച് ‘സുലൈഖയെ ഇഷ്ടപ്പെട്ടു’വെന്ന് അറിയിച്ചു. അന്ന് രാത്രി ഞാനനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാവുന്നതിലും അപ്പുറമായിരുന്നു. അഞ്ചാംദിനം, ഡിസംബർ 27ന് വൈകീട്ട് ഉപ്പയും ഉമ്മയും അടക്കം 5 പേര് ഉറപ്പിക്കാൻ വന്നു. ഇതായിരുന്നു പെണ്ണ് കാണൽ ചടങ്ങ്. ഏറ്റവും ലളിതം.

-------------------

പന്തൽ പോലുമില്ലാത്ത വിവാഹം

-------------------

2014 ഏപ്രിൽ 26. അന്ന് വൈകീട്ട് 4 മണിക്കായിരുന്നു നമ്മൾ ഒന്നായത്. അന്ന് മുതൽ എന്റെ ജീവിതം വർണാഭമാകുകയായിരുന്നു. മിസ്അബ്ക്ക പഠിച്ച ഇരിക്കൂർ എ.എം.ഐ സ്കൂളിന്റെ അങ്കണത്തിൽ പന്തൽ പോലുമിടാതെയിരുന്നു നിക്കാഹ്. വെറുമൊരു ചായ സൽക്കാരം. ആകെ ചിലവായത് 15,000 രൂപ. അത് അമ്മാവന്മാർ ചേർന്നു ഏറ്റെടുത്തു.

നമുക്ക് രണ്ട് പേർക്കും ഒരു പോലെ സുപരിചിതനായ പി.കെ. സാജിദ് നദ്‌വിയായിരുന്നു വിവാഹ ഖുതുബ നിർവഹിച്ചത്. എന്റെ ചെറുപ്രായത്തിൽ തന്നെ ഉപ്പ മരണപ്പെട്ടതിനാൽ മൂത്ത ഇക്കാക്കയാണ് (മിസ്അബ് എന്നാണ് ഇക്കാക്കയുടെയും പേര്) എന്റെ രക്ഷിതാവായി നികാഹിൽ കൈ കൊടുത്തത്.

കല്യാണം കഴിക്കാൻ സാമ്പത്തികം ഒരു വിഷയമേയല്ല എന്ന കാര്യം മിസ്അബ്ക്കയുടെ ജീവിതത്തിൽ നിന്നും ഞാൻ മനസ്സിലാക്കി. പെണ്ണുകാണൽ, വിവാഹം, ജീവിതം എല്ലാം അതിലളിതമായിരുന്നു.

നിഷ്കളങ്കനായിരുന്നു എന്റെ ഇക്ക. മനസ്സിൽ ഒന്ന് വെച്ചു പുറമെ മറ്റൊരു വർത്തമാനം പറയുമായിരുന്നില്ല. ഓരോ കാര്യവും ദീർഘ വീക്ഷണത്തോടെ ആലോചിച്ചു മാത്രമേ സംസാരിക്കുമായിരുന്നുള്ളു. വാക്കാലോ പ്രവർത്തിയാലോ അറിഞ്ഞുകൊണ്ട് ആരെയും വേദനിപ്പിക്കുമായിരുന്നില്ല.

നാട്ടിൽ നടക്കുന്ന പെണ്ണുകാണൽ ചടങ്ങുകളോട് മിസ്അബ്ക്കാക്ക് എതിർപ്പായിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ പോയി വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച്​, രണ്ട് ദിവസം കഴിഞ്ഞ് നിസാരകാര്യം ചൂണ്ടിക്കാട്ടി പെൺവീട്ടുകാരോട് പെണ്ണിനെ ഇഷ്ടമായില്ല എന്ന് പറയും. അങ്ങനെയുള്ളവരോട് എനിക്ക് പുച്ഛമാണെന്ന് കുറച്ചു ദിവസം മുൻപ് വരെ മിസ്അബ്കാ എന്നോട് പറഞ്ഞിരുന്നു.

-------------------

സബർമതിയിലെ ഒറ്റമുറി, സന്തോഷക്കൊട്ടാരം

-------------------

വിവാഹ നിശ്ചയം കഴിഞ്ഞ ഉടൻ തന്നെ മിസ്അബ്കാക്ക് ‘വിഷൻ 2026’ൽ ജോലി ലഭിച്ചിരുന്നു. ചെറിയ ശമ്പളമായിരുന്നുവെങ്കിലും അത് ഭയങ്കര ആശ്വസമായിരുന്നു. വിവാഹം കഴിഞ്ഞ് വെറും 20 ദിവസത്തിന് ശേഷം വീണ്ടും ഡൽഹിയിലേക്ക് പോയി.. പിന്നീട് പെരുന്നാളിന് ജൂലൈ അവസാനം നാട്ടിലേക്ക് വരുമ്പോൾ ജെ.എൻ.യുവിൽ സബർമതി ഹോസ്റ്റലിൽ സിംഗിൾ റൂം ലഭിച്ചിരുന്നു. അങ്ങനെ തിരിച്ച് പോകുമ്പോൾ എന്നെയും കൂടെ കൂട്ടി. അത് ചെറിയൊരു ബാൽക്കണി ഉള്ള ഒറ്റമുറിയായിരുന്നു. ഒരു സിംഗിൾ ബെഡ്, കസേര, മേശ ഇതായിരുന്നു അന്ന് റൂമിൽ ഉണ്ടായിരുന്നത്. കാന്റീനിൽ നിന്ന് ഫുഡ് കൊണ്ടുവന്ന് നമ്മൾ കഴിക്കും. നല്ല രസമായിരുന്നു ഒറ്റമുറിയിലെ ആ കാലം.

SIO അന്ന് JNUവിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന സമയമായിരുന്നു. ഓഗസ്റ്റിൽ jnuവിൽ ആദ്യമായി എസ്.ഐ.ഒവിന്റെ പേരിൽ മിസ്അബ്കായുടെ നേതൃത്വത്തിൽ ഒരു പബ്ലിക് ടോക്ക് സംഘടിപ്പിച്ചു. രാത്രികളിൽ ഓരോ സെന്ററുകളിലും അതിന്റെ നോട്ടീസ് ഒട്ടിക്കാൻ പോകുമ്പോ ഞാനും കൂടെ പോകുമായിരുന്നു.

രാവിലെ എട്ടുമണിക്ക് തന്നെ വിഷൻ ഓഫിസിലേക്ക് പുറപ്പെടും. വൈകീട്ട് 7:30 -8 മണിയൊക്കെ ആവും തിരിച്ചെത്താൻ. ഡൽഹിയിലെ ട്രാഫിക്കൊക്കെ താണ്ടി വന്ന് വേഗം ഭക്ഷണം കഴിച്ച് അവിടെ നടക്കുന്ന ഓരോ പബ്ലിക് ടോക്ക്കുകളും കേൾക്കാൻ പോകുമായിരുന്നു. ജീവിതത്തിൽ റെസ്റ്റെടുത്തത് വളരെ കുറവായിരിക്കും. ഒന്നിൽ നിന്ന് വിരമിച്ചാൽ മറ്റൊന്നിലേക്ക് എന്നതായിരുന്നു മിസ്ബകയുടെ നിലപാട്.

സെപ്റ്റംബറിൽ ഞാൻ പ്രെഗ്നന്റ് ആവുകയും ക്യാന്റീൻ ഭക്ഷണം തീരെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റാതാവുകയും ചെയ്തപ്പോൾ മാസവസാനം എന്നെ നാട്ടിലേക് കൊണ്ടുവിട്ടു. മൂത്ത മകൻ ബാസിമിനെ പ്രസവിച്ച് 3 മാസം വരെ ഞാൻ നാട്ടിൽ. അതായിരുന്നു എന്റെയും മിസ്അബ്കയുടെയും 10 വർഷം നീണ്ട ജീവിതത്തിനിടയിൽ നമ്മൾ ആകെ വിട്ടുനിന്നത്. ഇതിനിടയിൽ മിസ്അബ്ക്കാന്റെ ഉപ്പാക്ക് സുഖമില്ലാതായി. അങ്ങനെ രണ്ടാഴ്ചയോളം നാട്ടിൽ നിന്നു.

കുഞ്ഞുമായി തിരികെ പോകുമ്പോഴേക്ക് JNU വിൽ തന്നെ ഫാമിലി കോർട്ടേഴ്‌സ് കിട്ടി. ‘കൈക്കുഞ്ഞുമായി അവളെ കൊണ്ട് പോയാൽ നിങ്ങൾ ബുദ്ധിമുട്ടി പോകും, അവൾക് അങ്ങനെ ഒന്നും ഒറ്റയ്ക്ക് ഹാൻഡ്‌ൽ ചെയ്യാൻ കഴിയില്ല’ എന്ന് എന്റെ ഇക്കാക്ക മിസ്ബകയോട് പറഞ്ഞിരുന്നു. ‘എല്ലാം ശരിയാകും, അവള് എല്ലാം പഠിക്കും’ എന്ന് പറഞ്ഞ് മിസ്അബ്ക്ക എന്നെ കൂടെ കൂട്ടുകയായിരുന്നു. ​എന്റെ വീട്ടിലെ 8ാമത്തെ ആളാണ് ഞാൻ. വീട്ടിൽ പണിയെടുക്കേണ്ട ആവശ്യമേ എനിക്കുണ്ടായിരുന്നില്ല. വെറുമൊരു ചായ മാത്രമേ ഉണ്ടാക്കാൻ അറിയുമായിരുന്നുള്ളൂ. ഇന്ന് അൽഹംദുലില്ലാഹ് മിസ്അബ്ക്കയുടെ കൂടെ കൂടിയശേഷം എല്ലാം ഞാൻ പഠിച്ചു.

-------------------

മിസ്അബ്ക്കയുടെ ജീവിതത്തിലെ അവസാന കടം

-------------------

ഉപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടർ എഴുതിയ മരുന്ന് വാങ്ങാൻ പണം തികയാതെ വന്നപ്പോൾ Fajru Sadiq കയ്യിൽ നിന്ന് 1000 രൂപ കടം വാങ്ങേണ്ടി വന്നിട്ടുണ്ട്. സാമ്പത്തികമായി ഏറെ പ്രതിസന്ധിയിലായിരുന്നു ആ സമയം. പിന്നീട് അത് തിരിച്ച് കൊടുത്തുവെങ്കിലും അദ്ദേഹം വാങ്ങിയില്ല. അതായിരുന്നു മിസ്അബ്ക്ക ജീവിതത്തിൽ അവസാനമായി വാങ്ങിയ കടം. ഈ സംഭവത്തെ കുറിച്ച് എന്നോടെപ്പോഴും പറയുമായിരുന്നു, എന്റെ കൈയ്യിലുള്ളത് മുഴുവൻ തീർന്ന ശേഷം മാത്രമാണ് എനിക്ക് അങ്ങനെ ചോദിക്കേണ്ടി വന്നതെന്ന്. കടത്തെ എപ്പോഴും പേടിച്ചിരുന്നു മിസ്അബ്ക. സാമ്പത്തികമായി എന്റെ കൈയ്യിൽ ഒന്നും ഇല്ല എന്നും നിനക്ക് സ്വന്തമായി ജോലി ഉള്ളതിനാൽ അത്യാവശ്യം നിന്റെ കാര്യങ്ങൾ നിനക്ക് നോക്കാൻ പറ്റുമല്ലോ എന്നും പെണ്ണ് കാണാൻ വന്നപ്പോൾ തന്നെ എന്നോട് പറഞ്ഞിരുന്നു.

"ഞാനൊന്നും മരിച്ചാൽ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല.. ഒരു രൂപയുടെ കടം പോലും ഇല്ലാതെയാണ് ഞാൻ പോവാ.." എന്ന് പറയാറുണ്ട്. സാമ്പത്തികമായി സൂക്ഷ്മത ഇല്ലാത്തവർക്ക് ഒരിക്കലും കടം കൊടുക്കരുതെന്ന് പറയാറുണ്ട്.

ഞാൻ മരിച്ചു കഴിഞ്ഞാൽ എന്റെ പൈസ കൊണ്ട് തന്നെ എല്ലാം ചെയ്യണമെന്ന് പറഞ്ഞിരുന്നു. ഞാൻ പറഞ്ഞു എന്റെ കയ്യിൽ മിസ്അബ്ക്കാന്റെ പൈസ ഇല്ലല്ലോ എന്ന്. അപ്പോൾ എന്റെ ATM ൽ നിന്ന് എടുത്തുകൊടുക്കണമെന്നായിരുന്നു മറുപടി. എനിക്ക് പിൻ നമ്പർ അറിയില്ലല്ലോ എന്ന് പറഞ്ഞപ്പോൾ എ ടി എം ന്റെ പിൻ നമ്പർ മിസ്അബ്ക്കാന്റെ ഫോണിന്റെ പാസ്സ്‌വേർഡ്‌ ആക്കി വെച്ചു, ഞാൻ മറന്നു പോകാതിരിക്കാൻ വേണ്ടി.

-------------------

മരണത്തിന് മണിക്കൂറുകൾ മുമ്പ് കൊണ്ടുവന്ന ഹോർലിക്സും ഡ്രൈ ഫ്രൂട്ട്സും

-------------------

കേൾക്കുമ്പോൾ നിങ്ങൾക്കൊക്കെ ചിരി വരുന്നൊരു സ്വഭാവം മിസബ്കാക്ക് ഉണ്ടായിരുന്നു. ഞാനും മക്കളും ഇല്ലാതെ മിസ്അബ്ക്ക പുറത്ത് നിന്ന് എന്തെങ്കിലും കഴിച്ചാൽ (കല്യാണം, പ്രോഗ്രാം, വിരുന്ന്) അതിന്റെ ചേരുവകളും വാങ്ങി വീട്ടിൽ വന്ന് അത് ഉണ്ടാക്കാൻ പറയും. ആ വിഭവം ഞാനും മക്കളും കഴിക്കണമെന്ന ആഗ്രഹമായിരുന്നു അതിനുപിന്നിൽ. മരണപ്പെടുന്നതിന് കുറച്ചു മണിക്കൂറുകൾ മുൻപ് മിസ്അബ്ക്ക ഹോർലിക്സും ഡ്രൈ ഫ്രൂട്ട്സും വാങ്ങിക്കൊണ്ട് വന്നിരുന്നു. പതിവില്ലാതെ ഹോർലിക്സ് കൊണ്ടുവന്നത് എന്തിനാണെന്ന് ചോദിച്ചപ്പോൾ, അന്ന് (അവസാന ദിവസം) കോളജിൽ നടന്ന ചടങ്ങിൽ അതിഥിയായെത്തിയ Pbm Farmees ന് കൊടുത്തത് അതായിരുന്നുവത്രെ. രാവിലെ എഴു​ന്നേറ്റാൽ നിങ്ങളും അത് കഴിക്കണം എന്നു പറഞ്ഞാണ് അത് കൊണ്ടുവന്നത്. അത്രത്തോളം നിഷ്കളങ്കനും സ്നേഹനിധിയുമായിരുന്നു മിസ്അബ്ക്ക.

കുറച്ചു ദിവസം മുൻപ് പാറക്കടവിൽ ക്ലാസ്സെടുക്കാൻ പോയപ്പോൾ ഒരു പ്രവർത്തകന്റെ വീട്ടിൽ നിന്നായിരുന്നു മിസ്അബ്ക്ക ഭക്ഷണം കഴിച്ചത്. അവിടെയുണ്ടായിരുന്ന പല വിഭവങ്ങളും പറഞ്ഞുതന്ന് ഞാൻ ഉണ്ടാക്കി. ഇനി തയാറാക്കാൻ ബാക്കിയുണ്ടായിരുന്നത് ആവോലി പൊരിച്ചതും പുട്ടുമായിരുന്നു. അത് ഞായറാഴ്ച രാവിലെ ആക്കാൻ തീരുമാനിച്ചു. മീൻ പൊരിക്കാൻ പാകത്തിൽ ആക്കി ഞാൻ ഫ്രിഡ്ജിൽ വെച്ചിട്ടുണ്ടായിരുന്നു; പക്ഷേ...

ഒരു ഭക്ഷണത്തെ പോലും കുറ്റം പറയുമായിരുന്നില്ല. ഏത് നേരവും ‘എന്താണ് ആക്കേണ്ടത്’ എന്ന് ചോദിക്കുമ്പോൾ നിനക്ക് ഏറ്റവും എളുപ്പത്തിൽ ആകുന്നത് എന്നാണ് മറുപടി പറയാറ്.

ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ 5 പേരും ഒരുമിച്ചിരിക്കും. ഒരുമണി പോലും പുറത്ത് വീഴാതെയും കളയാതെയും കഴിക്കാൻ മിസ്അബ്കാ പഠിപ്പിച്ചിരുന്നു. നമ്മുടെ ചെറിയ മോൻ (രണ്ടാഴ്ച മുൻപാണ് അവന് 3 വയസ്സ് പൂർത്തിയായത്) അടക്കം ഒരു മണി നിലത്തു വീണാൽ പ്ലേറ്റിൽ എടുത്തിട്ട് കഴിക്കും. നിലത്തു വീണു പോയ ആ ഒരു മണിയിലായിരിക്കും അല്ലാഹുവിന്റെ ബർകത് ഉണ്ടാവുക എന്നും അല്ലാഹ് പിന്നെ ഭക്ഷണം തരാതിരിക്കുമെന്ന് മക്കളെ എപ്പോഴും ഓർമപ്പെടുത്തും. പ്ലേറ്റ് വടിച്ചു വളരെ വൃത്തിയായി കഴിക്കും. ഒരു നേരം ആക്കിയ ഭക്ഷണം കഴിഞ്ഞാൽ മാത്രമേ അടുത്ത നേരത്തെ ഭക്ഷണം ആക്കുകയുള്ളു.

-------------------

മരണത്തെ പേടിക്കാത്ത, മക്കളോട് വരെ സോറി പറയുന്ന ഉപ്പ

-------------------

ഏതു സാഹചര്യത്തിലും അല്ലാഹു കൈ വിടില്ല എന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. മിസ്അബ്ക്ക മനസ്സറിഞ്ഞു പ്രാർത്ഥിച്ചപ്പോഴൊക്കെയും അല്ലാഹ് അത് സഫലീകരിച്ചു തന്നിട്ടുണ്ട്. അല്ലാഹുവിന്റെ നേരിട്ടുള്ള ഇടപെടൽ ഞാൻ പലപ്പോഴും അനുഭവിച്ചിട്ടുണ്ട്. എന്റെ ആദ്യ പ്രസവ സമയത്ത് ഉപ്പയുടെ അസുഖവുമവുമായി ബന്ധപ്പെട്ടൊക്കെ കൈയ്യിൽ ഒന്നും ഇല്ലാത്ത സമയം ആയിരുന്നു. അപ്പോഴും എന്നോട് പറയുന്നുണ്ടായിരുന്നു, ‘നീ നോക്കിക്കോ അല്ലാഹു എന്തെങ്കിലും വഴി കാണിച്ചു തരും’ എന്ന്. ആ പറഞ്ഞ പോലെ എന്നെ അഡ്മിറ്റ് ചെയ്യുന്ന അന്ന് രാവിലെ മിസബ്കാക്ക് കുറി ലഭിച്ചു. എന്നെ ഡിസ്ചാർജ് ചെയ്യേണ്ട സമയമാകുമ്പോഴേക്കും പൈസ കിട്ടി.

മരണവും ജീവിതവും എല്ലാം നമ്മുടെ ചർച്ചാ വിഷയമാകാറുണ്ട്. മരണത്തെ മിസ്അബ്ക്ക ഒരിക്കലും പേടിച്ചിരുന്നില്ല. എനിക്കാകട്ടെ, പോകുമ്പോൾ കൈയ്യിൽ കാര്യമായി ഒന്നുമില്ലല്ലോ എന്ന് ഓർത്ത് മരണത്തെ പേടിയായിരുന്നു. മിസ്അബ്ക്കാക്ക് അങ്ങനെയുള്ള പേടി തെല്ലുപോലുമുണ്ടായിരുന്നില്ല.

എന്നുമാത്രമല്ല, സ്വന്തത്തെ കുറിച്ച് നല്ല ആത്മ വിശ്വാസവും ഉണ്ടായിരുന്നു. എന്നോട് പറയുമായിരുന്നു, ‘ഞാനൊരു പച്ച മനുഷ്യനാണ്. എനിക്ക് ആരോടും ഒരു ദേഷ്യമോ വെറുപ്പോ ഒന്നുമില്ല. എല്ലാരോടും സ്നേഹം മാത്രേ ഉള്ളൂ’ എന്നൊക്കെ. ആരോടെങ്കിലും ദേഷ്യം പിടിച്ചിട്ടുണ്ടെങ്കിൽ അവരോട് സോറി എന്ന് പറയാൻ മറക്കുമായിരുന്നില്ല. സ്വന്തം മക്കളോട് തന്നെ അകാരണമായി ദേഷ്യപ്പെട്ടുപോയെങ്കിൽ അവരോട് സോറി എന്ന് പറയുമായിരുന്നു.

എന്റെ ഓരോ വഖ്ത് നമസ്കാരത്തെ കുറിച്ച് അന്വേഷിക്കും. നമസ്കരിച്ചോ എന്ന്. ഓരോ നോമ്പ് കാലത്തും മിസ്അബ്ക തറാവീഹിന് വീട്ടിൽ എനിക്കും മക്കൾക്കും ഇമാമായി നിന്ന് നമസ്കരിക്കും. ഇക്ക പള്ളിയിൽ പോയാൽ ഞങ്ങൾക്ക് തറാവീഹ് നമസ്കരിക്കാൻ സാധിക്കില്ല എന്നുള്ളത്കൊണ്ടാണ് എന്നെയും മക്കളെയുംചേർത്ത് വീട്ടിൽ നിന്ന് തറാവീഹ് നമസ്കരിക്കുന്നത്.

---------

മരണം കടന്നുവന്ന വാക്കുകൾ

----------

മരണത്തെ കുറിച്ച് സംസാരിക്കുമ്പോ പറയുമായിരുന്നു നോക്കിക്കോ ചിലപ്പോൾ ഞാനായിരിക്കും ആദ്യം പോവുക എന്ന്. അത് കേൾക്കുമ്പോ തന്നെ എന്റെ കണ്ണിൽ നിന്ന് വെള്ളം വരും. അന്നേരം എന്നോട് പറയുമായിരുന്നു, എപ്പോഴോ നടക്കുന്നത് ഓർത്തിട്ട് നീ ഇപ്പഴേ കരയുകയാണോ എന്ന്. അന്നെന്നോട് പറഞ്ഞിരുന്നു. അങ്ങനെയുള്ള സന്ദർഭത്തിൽ നിനക്ക് എല്ലാം സഹിക്കാനും ക്ഷമിക്കാനുമുള്ള കഴിവ് അല്ലാഹ് തരുമെന്ന്. സത്യം. മിസ്അബ്ക്ക പറഞ്ഞത് പോലെ തന്നെ ....

ഇദ്ദയിരിക്കുമ്പോൾ അലങ്കാരങ്ങൾ ഒഴിവാക്കിയാൽ മതിയെന്നും വെള്ള വസ്ത്രം ധരിക്കൽ നിർബന്ധമില്ലെന്നും എന്റെ ചോദ്യത്തിന് മറുപടി പറഞ്ഞിരുന്നു

-------------------

അഞ്ചു പേരുമായുള്ള സ്കൂട്ടർ യാത്ര....

-------------------

വീടെടുക്കുന്നതിനെ കുറിച്ചും പുതിയ വണ്ടി വാങ്ങുന്നതിനെ കുറിച്ചുമൊക്കെ പറയുമ്പോൾ പറയും ‘അല്ലാഹ് വിചാരിച്ചെങ്കിലും എല്ലാം നടക്കും. നീ പേടിക്കേണ്ട. അല്ലാഹ് എല്ലാം കണക്ക് കൂട്ടി വെച്ചിട്ടുണ്ടാകും’ എന്ന്. സ്വന്തമായി വണ്ടി ഉണ്ടായിരുന്നില്ല. എന്റെ വണ്ടി ആയിരുന്നു ഇക്ക ഓടിച്ചു കൊണ്ടിരുന്നത്. അതിൽ നമ്മൾ അഞ്ചു പേരും എത്രയോ യാത്ര ചെയ്തിരുന്നു. യാത്ര ചെയ്യുമ്പോൾ ആൾക്കാർ നമ്മെ കൗതുകത്തോടെ നോക്കുന്നത് കാണാറുണ്ട്. ‘വലിയ പ്രിൻസിപ്പൽ ചെറിയ വെഗോയിൽ 5 പേരെയും എടുത്ത് യാത്ര ചെയ്യുമ്പോൾ നാണമാവില്ലേ’ എന്ന് ഞാൻ ചോദിക്കാറുണ്ട്. അപ്പോൾ ‘പുതിയ കാർ എടുത്താൽ ഇത്രയും അടുത്ത് ചേർന്നിരുന്നു നമുക്ക് യാത്ര ചെയ്യാൻ കഴിയില്ല’ എന്ന് തമാശ പറയും. എനിക്കും അങ്ങനെ തന്നെ യാത്ര ചെയ്യാനായിരുന്നു ഇഷ്ടം. അഭിമാന പ്രശ്നം തോന്നിയിട്ടില്ല..

ഞാൻ ‘എന്റെ വണ്ടി’ എന്ന് പറയുമ്പോൾ പറയും ‘സുലൈ, എന്റെയും നിന്റെയുമല്ല, നമ്മുടേത്’ എന്ന്. ശരിയാണ്, എല്ലാം നമ്മുടേതായിരുന്നു... നമുക്കിടയിൽ ‘ഞാൻ, നീ’ എന്ന് ഉണ്ടായിരുന്നില്ല ഒരു കാര്യത്തിലും. ‘അൽഹംദുലില്ലാഹ് ഇപ്പൊ നമുക്ക് ഇതെങ്കിലും ഉണ്ടല്ലോ, ഇതുപോലും ഇല്ലാത്ത എത്രയോ പേരുണ്ട്’ എന്ന് എപ്പോഴും ഓർമിപ്പിക്കും..

-------------------

ഗൂഗിൾ പേ ഇല്ലാത്ത പ്രിൻസിപ്പൽ

-------------------

വിലകൂടിയ ഫോൺ ഉപയോഗിച്ചിരുന്നില്ല. സാംസങ് M12 ആയിരുന്നു നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. പലരും മറ്റു വില കൂടിയ ഫോൺ വാങ്ങിക്കൂടെ എന്ന് പറയുമ്പോൾ അൽഹംദുലില്ലാഹ് ഇതിനെ കൊണ്ടും എന്റെ എല്ലാ ആവശ്യങ്ങളും പൂർത്തിയാകുന്നുണ്ട് എന്ന് പറയും. ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയതൊന്നും ഉപയോഗിക്കാറില്ല. കാരണം പൈസ വളരെ ലാഘവത്തോടെ ഉപയോഗിച്ച് പോകുമെന്ന പേടിയായിരുന്നു.

പഴ്സിൽ ഒരു പാട് പൈസ സൂക്ഷിക്കുമായിരുന്നില്ല. കാരണം, അങ്ങനെ കാണുമ്പോൾ അത്യാവശ്യമല്ലാത്ത പലതും വാങ്ങി പോകും എന്നതായിരുന്നു. ആവശ്യം, അത്യാവശ്യം എന്ന് തരം തിരിച്ചാണ് എന്ത് സാധനങ്ങളും വാങ്ങുക. ആവശ്യത്തിന് എ.ടി.എമ്മിൽ പ്പോയി പൈസ എടുക്കുന്നതായിരുന്നു പതിവ്. അത്രയും ലാളിത്യം ഉണ്ടായിരുന്നു. മക്കൾ പറയുന്നതെല്ലാം അപ്പടി വാങ്ങി കൊടുക്കുമായിരുന്നില്ല.

വാങ്ങുന്ന വസ്തുക്കൾ അത്യാവശ്യമാണോ ആവശ്യമാണോ എന്ന് മക്കളെ ബോധ്യപ്പെടുത്തും. ചോക്ലേറ്റ് വാങ്ങുമ്പോൾ ഒന്ന് വാങ്ങും, 3 പേരോടും share ചെയ്യാൻ പറയും. ഷെയറിങ് എന്ന ബാലാപഠം അവിടെ നിന്നാണ് മക്കൾ പഠിക്കുന്നത്.

പഠന കാലത്ത് സാമ്പത്തികം ഒരു വിഷയം തന്നെയായിരുന്നു. അത്കൊണ്ട് തന്നെ ഡൽഹിയിലുള്ളപ്പോൾ ജോലി ചെയ്യാൻ നിർബന്ധിതനായിരുന്നു. Phd യുമായി ബന്ധപ്പെട്ട കാര്യമായ ഒന്നും ചെയ്യാൻ ആദ്യം നാല് വർഷം സാധിച്ചിരിന്നില്ല. 9B എന്ന സംവിധാനത്തിലൂടെ 6 മാസം കൂട്ടിയെടുക്കുകയും ജോലിയിൽ നിന്നൊഴിവാകുകയും ചെയ്ത് അവസാന 6 മാസം രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അധ്വാനിച്ചാണ് phd സബ്‌മിറ്റ് ചെയ്തത്. നമ്മൾ 3 മണിക്ക് വരെ ഇരിക്കും എഴുതാൻ. കുറച്ചു കിടക്കും വീണ്ടും സുബ്ഹിക്ക് എഴുന്നേൽക്കും അങ്ങനെയായിരുന്നു അത് പൂർത്തിയാക്കിയത്.

ഇക്കാലയളവിലായിരുന്നു പ്രവർത്തകർക്കിടയിൽ സ്വത്വവാദം ഏറെ വേരോട്ടമുണ്ടായത്. ഈ തിരക്കിനിടയിലും അതിനെതിരെ ശക്തിയുക്തം വാദിച്ചിരുന്നു. അതൊരു തരം കരുതലായിരുന്നു. ദീർഘ വീക്ഷണത്തോട് കൂടിയുള്ള കരുതൽ. ഏറ്റവും സൗമ്യമായ രീതിയിലായിരുന്നു അവരോട് വാദിക്കുന്നതും. ആരോടും മനസ്സിൽ വെറുപ്പോ ദേഷ്യമോ വെച്ച് നടക്കുമായിരുന്നില്ല. അപ്പോഴൊക്കെ ഞാൻ ചോദിക്കുമായിരുന്നു, എന്തിനാ മിസബ്കാ ഇങ്ങനെ പറയുന്നേ എന്ന്. സങ്കടം കൊണ്ട് പറഞ്ഞു പോകുന്നതാണെന്നാണ് അപ്പോൾ പറയാറ്. നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തോട് അടങ്ങാത്ത കൂറായിരുന്നു...

-------------------

ഡൽഹി പൊലീസ് ചെക്കിങ്ങിനെ വരെ നേരിട്ട പഴയ ‘പേടിക്കാരി’

-------------------

എനിക്ക് ഭയങ്കര പേടിയായിരുന്നു പണ്ട്. എന്നാൽ, മിസ്അബ്ക്കയുടെ കൂടെ കൂടിയതോടെ അതൊക്കെ മാറി. മിസ്അബ്കാ എവിടെയെങ്കിലും പ്രോഗ്രാമിന് പോകുമ്പോഴും അവിടെ ബുദ്ധിമുട്ടില്ലെങ്കിൽ എന്നെയും കൂടെ കൂട്ടുമായിരുന്നു. അല്ലാത്തപ്പോൾ ഡൽഹിയിലടക്കം ഞാൻ ഒറ്റക്ക് നിൽക്കുമായിരുന്നു. JNUവിൽ നജീബിനെ കാണാതാവുകയും കനയ്യ കുമാറിനെയൊക്കെ അറസ്റ്റ് ചെയ്യുകയും ചെയ്ത സമയം. മിസ്അബ്കാക്ക് വിഷൻ ജോലിയുടെ ഭാഗമായി രണ്ടുമൂന്നു ദിവസം വീട്ടിൽ നിന്ന് മാറി താമസിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോൾ റൂമിൽ പാതിരാത്രിയുള്ള ഡൽഹി പൊലീസ് ചെക്കിങ് ഒക്കെ ധൈര്യസമേതം കൈകാര്യം ചെയ്യാനൊക്കെ എന്നെ പ്രാപ്തയാക്കിയിരുന്നു മിസ്അബ്ക്ക.

ഉളിയിൽ ജോലി ചെയ്ത് കൊണ്ടിരിക്കെ ആണ് സോളിഡാരിറ്റി നേതൃപദവിയിലെത്തുന്നതും കൂടുതൽ തിരക്കാവുന്നതും. രാവിലെ 9 മണിക്ക് കോളേജിൽ പോയാൽ വൈകീട്ട് തിരിച്ച് വരും. പിന്നാലെ കണ്ണൂരിലെ സെക്രട്ടേറിയറ്റ് യോഗം അടക്കം പല പരിപാടികളിലേക്കും തിരിയും. മൊബൈൽ കലണ്ടറിലെ വീക്കെൻഡ് എല്ലാം schedule ചെയ്ത് വെച്ചിട്ടുണ്ടാകും. ജീവൻ രക്ഷാ പ്രവർത്തന കൂട്ടായ്മയായ ഐ.ആർ.ഡബ്ല്യുവിന്റെ (ഐഡിയൽ റിലീഫ് വിങ്) മെമ്പർ ആയത്കൊണ്ട് അതിന്റെ പരിപാടികളും ഉണ്ടാകും.

-------------------

വിരുന്നൂട്ടാനും വിരുന്ന് പോകാനും മത്സരിച്ചിരുന്നു

-------------------

ആരെങ്കിലും ഒരാൾ എന്തെങ്കിലും കാര്യത്തിന് ക്ഷണിച്ചാൽ എത്ര ബുദ്ധിമുട്ടിയാണെങ്കിലും അവിടേക്ക് പോകും. കോളേജിലെ കുട്ടികളുടെ കല്യാണത്തിന് ക്ഷണിച്ചാൽ ദൂരം എത്രയായാലും പോകും. നമ്മൾ പോകണം എന്നുള്ളത്കൊണ്ടാണ് അവർ ഓർത്തു വിളിച്ചതെന്നും അത് കൊണ്ട് എങ്ങനെയെങ്കിലും അവിടെ എത്തണമെന്നും പറയും. വീട്ടിലേക്ക് ആൾക്കാരെ ക്ഷണിക്കാൻ ഭയങ്കര ഇഷ്ടമായിരുന്നു. അത്കൊണ്ട് തന്നെ വീട്ടിൽ ഒരുപാട് നോമ്പ് തുറയും അല്ലാതെയുമുള്ള പരിപാടികൾ നടന്നിട്ടുണ്ട്.

നമ്മുടെ വീട്ടിലുള്ള ബിരിയാണി പാത്രം മീഡിയം സൈസ് ആയിരുന്നു. അത്കൊണ്ട് തന്നെ ആഴ്ചകൾക് മുൻപ് കോളേജ് ഹോസ്റ്റലിലെ കുട്ടികളെ വീട്ടിൽ ക്ഷണിച്ചപ്പോൾ 2 പാത്രത്തിലായിട്ടാണ് ബിരിയാണി വെച്ചത്. അതിന്റെ ബുദ്ധിമുട്ടൊക്കെ മനസ്സിലാക്കി മരണപ്പെടുന്നതിന്റെ കുറച്ചു ദിവസം മുൻപ് വലിയ പാത്രം വാങ്ങിത്തന്നിട്ട് പറഞ്ഞിരുന്നു, ഇനി നമുക്ക് എത്ര ആൾകാരെയും ധൈര്യത്തോടെ വിളിക്കാമെന്ന്. ഭക്ഷണപ്രിയനായിരുന്നു. കൂടാതെ മറ്റുള്ളവരെ വിരുന്നൂട്ടുന്നതിലും അതീവ താത്പര്യമായിരുന്നു.

-------------------

‘നിങ്ങളൊന്നും കൂടെ ഇല്ലാതെ കുറെ സമ്പാദിച്ചിട്ട് ഞാൻ മരിച്ചു പോയാലോ...’

-------------------

പലപ്പോഴും സ്ഥലം വാങ്ങുന്നത് വീട് എടുക്കുന്നതിനെ പറ്റിയൊക്കെ ഞാൻ പറയുമ്പോൾ മിസ്അബ്കാ പറയുമായിരുന്നു ‘നമ്മൾ ആഗ്രഹിക്കുന്നതെല്ലാം ഈ ഭൂമിയിൽ നിന്ന് തന്നെ കിട്ടിയാൽ അതിന് ഒരു രസമുണ്ടാവില്ല’ എന്ന്. ബാക്കിയുള്ളതൊക്കെയും പടച്ചോൻ തരുമെന്നും. നല്ല ജോലി തേടി മറുനാട്ടിൽ പോകുന്നതിനെക്കുറിച്ചു പറയുമ്പോൾ ആദ്യ കണ്ടിഷൻ ആയി പറയുക ‘എനിക്ക് നിന്നെയും മക്കളെയും കൊണ്ട് പോവണം’ എന്നായിരുന്നു. അങ്ങനെയാണേൽ മാത്രമേ പോവുകയുള്ളൂ. അപ്പോൾ സമ്പാദിക്കാൻ കഴിയില്ലല്ലോ എന്ന് പറയുമ്പോൾ ചിരിച്ചു കൊണ്ട് മറുപടി പറയും: ‘സന്തോഷത്തോടെയും സമാധാനത്തോടെയും നിന്റെയും മക്കളെയും കൂടെ ജീവിക്കാനാണിഷ്ടം. എന്തിനാ കൂടുതൽ സാമ്പാദിക്കുന്നേ. ഇന്ന് കഴിഞ്ഞല്ലേ നാളെ. നാളെ എന്താണെന്ന് പടച്ചോൻ തീരുമാനിക്കും. നിങ്ങളൊന്നും കൂടെ ഇല്ലാതെ കുറെ സമ്പാദിച്ചിട്ട് ഞാൻ മരിച്ചു പോയാലോ’ എന്ന്...

കുടുംബത്തോടൊപ്പം താമസിക്കാതെ, ജോലി സ്ഥലത്തേക്ക് കുടുംബത്തെ കൊണ്ട് പോകാത്തവരെ മിസ്അബ്കാ ഹതഭാഗ്യർ എന്നാണ് വിശേഷിപ്പിക്കാറ്.

-------------------

നന്ദിയുള്ളവനായിരുന്നു, സൗമ്യനായിരുന്നു....

-------------------

എവിടെയെങ്കിലും വിരുന്നു പോയാൽ ഇറങ്ങുന്നതിനു മുൻപ് വീട്ടുകാരോട് ഭക്ഷണത്തെ കുറിച്ചൊക്കെ നല്ലത് പറഞ്ഞേ മടങ്ങുമായിരുന്നുള്ളു. എന്നെയും ഓർമിപ്പിക്കുമായിരുന്നു അങ്ങനെ പറയാൻ. മനസ്സറിഞ്ഞു എല്ലാറ്റിനും നന്ദി പറയുമായിരുന്നു.

ഒരുദിവസം കുറ്റ്യാടി കോളേജിൽ കുട്ടികൾ തമ്മിൽ അടി നടന്നു. അന്ന് വൈകുന്നേരം അടി കൊണ്ട കുട്ടിയുടെ ഉമ്മ മിസ്അബ്ക്കാനെ ഫോൺ വിളിച്ചു ‘നീ എന്താടാ എന്റെ മോനെ ചെയ്തത്’ എന്ന് ചോദിച്ചു മിസ്അബ്ക്കയോട് കയർക്കുമ്പോഴും, ഉമ്മാ എന്ന് വിളിച്ചു വളരെ സ്നേഹത്തോടെയും സൗമ്യമായും ആണ് ആ മാതാവിനോട് സംസാരിച്ചത്. തെറ്റ് ചെയ്ത വിദ്യാർത്ഥികളാണെങ്കിൽ പോലും, അത് ചോദ്യം ചെയ്യാൻ അവരെ പ്രിൻസിപ്പൽ റൂമിലേക്ക് വിളിപ്പിച്ചാൽ ആദ്യം അവരെ മുൻപിലുള്ള കസേരയിൽ ഇരുത്തും. എന്നിട്ട് അവർക്ക് പറയാനുള്ളത് മുഴുവൻ കേൾക്കും.

കൂടെ ഉള്ളവരെ വല്ലാതെ പരിഗണിക്കുമായിരുന്നു. നേതൃ പദവിയിലുള്ളപ്പോഴും കോളേജിലായിരുന്നപ്പോഴും. ഏതെങ്കിലും പുതിയ ആളെ പരിചയപ്പെടുമ്പോൾ ഞാൻ മിസ്അബ് എന്ന് മാത്രമേ പറയുമായിരുന്നുള്ളു. എന്താ ചെയ്യുന്നേ എന്ന് ചോദിച്ചാൽ ഒരു കോളജിൽ ജോലി ചെയ്യുന്നു എന്ന് മാത്രമേ പറയുമായിരുന്നുള്ളൂ. ഞാൻ അവിടെ പ്രിൻസിപ്പൽ ആണെന്നോ, JNU വിൽ നിന്ന് PhD എടുത്തതാണെന്നോ ആരോടും പറയുമായിരുന്നില്ല. മിതമായ സംസാരം. സംസാരിക്കേണ്ടിടത് മാത്രമേ സംസാരിക്കുകയുള്ളൂ...

------------

'ഇനി ഉപ്പാക്ക് വേഗം നല്ല കാറൊക്കെ കിട്ടുമല്ലേ'

------------

മിസ്അബ്ക്കാക്ക് പെങ്ങൾ ഇല്ലാത്തതിനാൽ മോളെ വല്യ ഇഷ്ടമായിരുന്നു. ഐഫ മോൾ ഇടകിടക്ക് പറയും ഉപ്പ എന്റേത് മാത്രമാണെന്ന്. മോളെ ഇക്ക തന്നെയാണ് കൊണ്ട് നടക്കാറ്.

കുറച്ചു ദിവസങ്ങൾക്കു മുൻപ് മോളെ നെഞ്ചോട് ചേർത്ത് കിടത്തി ഉറക്കുമ്പോൾ ഞാൻ അങ്ങനെ നോക്കിയിരുന്നു. അന്നേരം എന്നോട് ചോദിച്ചിരുന്നു : 'എന്താണ് ഇങ്ങനെ ചിന്തിക്കുന്നെ' എന്ന്. ചെറുപ്പത്തിലേ ഉപ്പയെ നഷ്ടമായ എനിക്ക് കിട്ടാത്ത ഭാഗ്യമാണ് എന്റെ മോൾക്ക് കിട്ടുന്നതെന്ന് പറഞ്ഞപ്പോൾ പുഞ്ചിരിച്ചു. പക്ഷേ, ഇപ്പോൾ എന്റെ മോൾക്കും ഉപ്പയെ.....

മക്കളോട് മിസ്അബ്ക്ക മരണവും സ്വർഗ്ഗവുമെല്ലാം പറഞ്ഞു കൊടുത്തിട്ടുണ്ട്. സ്വർഗത്തിൽ നമ്മൾ ആഗ്രഹിക്കുന്ന എല്ലാം കിട്ടുമെന്ന് ഇക്ക പറഞ്ഞപ്പോൾ ബാച്ചു ചോദിച്ചിരുന്നു 'സുപ്ര കാർ കിട്ടുമോ " എന്ന്. നിനക്ക് വേണ്ടതെല്ലാം കിട്ടുമെന്ന് അപ്പൊ പറഞ്ഞു കൊടുത്തത് കൊണ്ടായിരിക്കണം, രണ്ട് ദിവസം മുൻപ് മോൻ ചോദിച്ചത്. "ഇനി ഉപ്പാക്ക് വേഗം നല്ല കാറൊക്കെ കിട്ടുമല്ലേ" എന്ന്.

- - - - - - -

കോവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്കാരം

-------

ആദ്യ പ്രസവം അടുക്കാറായപ്പോഴാണ് നേപ്പാളിൽ ഭൂമികുലുക്കം സംഭവിക്കുന്നതും മലയാളി യുവ ഡോക്ടർമാരടക്കം കുറെ പേർ അവിടെ മരണപ്പെട്ടതും. ആ സമയത്താണ് വിഷന്റെ ഭാഗമായി 3 പേർ നേപ്പാളിലേക് പോകാൻ തീരുമാനിക്കുന്നത്. അതിൽ ഒരാൾ മിസ്അബ്കാ ആയിരുന്നു. എനിക്ക് ഭയങ്കര ടെൻഷൻ ആയിരുന്നു എന്റെ പ്രസവ സമയം കൂടെ ഉണ്ടാവില്ലല്ലോ എന്നോർത്തു. അപ്പൊൾ ഡേറ്റ് അടുത്ത സമയമായിരുന്നു. എന്നോട് പറഞ്ഞു, അല്ലാഹ് എന്തെങ്കിലും കണ്ടിട്ടുണ്ടാകുമെന്ന്. സത്യം. മിസ്അബ്കാ ഡൽഹി എയർപോർട്ടിൽ എത്തിയതിനു ശേഷം ഒരു രേഖ ഇല്ലാത്തതിനാൽ പോകാൻ സാധിച്ചില്ല.

അത്പോലെ തന്നെ കോവിഡ് മഹാമാരിയുടെ സമയത്ത് മൂന്നാമത്തെ മകനെ പ്രസവിക്കാൻ അടുത്തിരുന്നു. കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ സംസ്കാരത്തിന് വേണ്ടി വിളിച്ചപ്പോൾ മുൻപിൻ ആലോചിക്കാതെ ധൈര്യസമേതം മിസബ്കാ പോയി.

-----------

ഞാൻ ലോകം കണ്ടത് മിസ്അബ്കയിലൂടെയായിരുന്നു

------------

നമ്മൾ ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട്. പല സംസ്ഥാനങ്ങളിലേക്കും. അവസാനമായി ഈ കഴിഞ്ഞ മേയിൽ കാശ്മീരിലേക്കാണ് പോയത്. നമ്മൾ ഡൽഹിയിലായിരുന്നപ്പോൾ നമ്മുക്ക് കശ്മീരിൽ പോയാലോ എന്ന് ഞാൻ പറഞ്ഞിരുന്നു. മിസ്അബ്ക ഒരു തവണ പോയ സ്ഥലത്ത് പിന്നീട് പോവില്ല. അതാണ് പോളിസി. കശ്മീരിൽ ഇക്ക നേരത്തെ പോയിരുന്നു. പിന്നെ അക്കാലത്തു സാമ്പത്തികവും ഒരു വിഷയമായിരുന്നു. 'നിന്റെ ഒരാഗ്രഹമല്ലേ, ഞാൻ എന്റെ പോളിസി മാറ്റുന്നു" എന്ന് പറഞ്ഞാണ് നമ്മളെ കാശ്മീരിലേക്ക് കൊണ്ട് പോയത്.

അവസാനമായി നാസർ ബന്ധുവിന്റെ കൂടെ ഈ വരുന്ന ഡിസംബറിൽ ബംഗാൾ യാത്രക്ക് വേണ്ടി ഫോം ഫിൽ ചെയ്തിരുന്നു. അദ്ദേഹത്തോട് ഫാമിലിയെ കൊണ്ട് വരാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ തണുപ്പും, ഭക്ഷണവും മക്കൾക്കു ശരിയാവില്ല അത് കൊണ്ട് ബുദ്ധിമുട്ടാകും എന്നായിരുന്നു മറുപടി പറഞ്ഞത് . 'ബംഗാളിൽ എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. അവരെയൊക്കെ കണക്ട് ചെയ്ത് നമ്മൾക്കു ആ സമയം തന്നെ മക്കളെയും കൂട്ടി ബംഗാളിലേക്കു പോകാം' എന്ന് അന്ന് തീരുമാനിച്ചിരുന്നു.

---------

നിരന്തര പരിശ്രമശാലി

--------

മിസ്അബ്കാക്ക് എന്ത് കഴിവുകൾ ഉണ്ടേലും അതെല്ലാം കഠിനമായ പരിശ്രമത്തിലൂടെ സ്വയം നേടിയെടുത്തതാണ്. പഠന കാലത്ത് ദിവസവും ഇംഗ്ലീഷ് പത്രങ്ങൾ വായിക്കുകയും അതിലെ പുതിയ വാക്കുകൾ നോട്ട് ചെയ്യുകയും ചെയ്യും. ആ വാക്ക് ഉപയോഗിച്ച് ഒരു സെന്റൻസ് ഉണ്ടാക്കി അത് ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്യുന്ന ഒരു ഹോബിയുമുണ്ടായിരുന്നു മിസബ്കാക്ക് ഇടക്ക്. അങ്ങനെ പുതിയ വാക്കുകൾ നോട്ട് ചെയ്‌തുവെച്ച ബുക്കുകൾ എന്റെ കയ്യിൽ ഇപ്പോഴും ഭദ്രമായി ഉണ്ട്.

-------

എത്രയോ തവണ എന്നെ ഫോൺ വിളിക്കും, വാട്സാപ്പിൽ ചാറ്റ് ചെയ്യും

------------

നമ്മൾ സമപ്രായക്കാർ ആയതിനാൽ തന്നെ നല്ല സുഹൃത്തുക്കളുമായിരുന്നു. എന്തും എനിക്ക് തുറന്ന് പറയാമായിരുന്നു. കേട്ടിരിക്കുകയും ചെയ്യും. മിസ്അബ്ക്ക പരിചയപ്പെടുന്ന കൂട്ടുകാരെ കുറിച്ചും എല്ലാം എന്നോട് പങ്ക് വെക്കുമായിരുന്നു. കല്യാണത്തിന് മുൻപുള്ള കാര്യങ്ങളും എല്ലാം എല്ലാം... അത് കൊണ്ട് നിങ്ങളിൽ ഓരോരുത്തരെയും എനിക്ക് മിസ്അബ്കാ പരിചയപ്പെടുത്തി തന്നിട്ടുണ്ട് പല സന്ദർഭങ്ങളിലായി. രാവിലെ 9:20ന് കോളജിൽ പോയി തിരിച്ചു വരുന്നതിനിടയിൽ ഒഴിവു സമയങ്ങളിൽ എത്രയോ തവണ എന്നെ ഫോൺ വിളിക്കുകയും വാട്സാപ്പിൽ ചാറ്റ് ചെയ്യുകയും ചെയ്തുകൊണ്ടിരിക്കും.

ഒരു കല്യാണ വീടിന്റെ പ്രതീതി...

--------------

മിസ്അബ്ക്കാന്റെ സുഹൃത്തും ബന്ധുവുമായ സാലിക്ക പറഞ്ഞ പോലെ മരണ ശേഷം ഇവിടെ ഒരു കല്യാണ വീടിന്റെ പ്രതീതിയാണ് ഉള്ളത്. മിസബ്കായുടെ പെണ്ണായതിനാലാണ് എന്നെ എല്ലാരും കാണാൻ വരുന്നതും.

മരണദിവസം ഉച്ചക്ക് ഞാൻ എന്റെ കാതില ഊരി വെച്ചിട്ടുണ്ടായിരുന്നു. കോളജ് വിട്ടു വന്നപ്പോൾ അതെവിടെയാണെന്ന് ചോദിച്ചു. അത് ഭദ്രമായി പാത്രത്തിൽ വെച്ചി ട്ടുണ്ടെന്നും അത് കഴുകണമെന്നും ഞാൻ പറഞ്ഞപ്പോൾ ഫ്രിഡ്ജിന്റെ മുകളിൽ വെച്ചിട്ട് ഇത് മറക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. അവസാന നിമിഷം ആ വീട് വീട്ടിറങ്ങുമ്പോൾ മറക്കാതെ ഞാൻ അത് എടുത്തിട്ടുണ്ടായിരുന്നു.

മിസ്അബ്ക്ക ഒന്നും പിന്നീടെക്ക് നീട്ടി വെക്കുമായിരുന്നില്ല. എന്നാൽ, ഞാനെല്ലാം കുറച്ചു കഴിഞ്ഞിട്ട് ചെയ്യാം എന്നൊക്കെ കരുതുന്ന ആളായിരുന്നു. എന്നെ അങ്ങനെ ആവാൻ ഒരിക്കലും സമ്മതികുമായിരുന്നില്ല. നമ്മൾ തമ്മിൽ വഴക്കിടാറുണ്ടായിരുന്നു ഒരുപാട്. പക്ഷെ, അതൊക്കെ പരമാവധി ഒരു ദിവസമേ നീണ്ടുനിൽക്കൂ. മിസ്അബ്കാന്റെ ഭാഗത്തു തെറ്റുണ്ടെങ്കിൽ കണ്ണുനീരോടെ വന്ന് മാപ്പാക്കണം എന്നു പറയുമായിരുന്നു

ഒരുമിച്ച് ഒരു സ്ഥാപനത്തിൽ ജോലി ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു....

-------------------

സാഹചര്യം അനുകൂലമായപ്പോഴൊക്കെ ഞാൻ ജോലിക്ക് പോയിരുന്നു. വീട്ടിൽനിന്ന് അൽപം ദൂരെയുള്ള പെരിങ്ങോം ഗവ. കോളജിൽ അടക്കം ജേണലിസം ലക്ചറർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതിനു വേണ്ട എല്ലാ സൗകര്യങ്ങളും എനിക്ക് സംവിധാനിച്ചു തന്നിട്ടുമുണ്ട്. എന്റെ ജോലി ചെയ്ത ശമ്പളത്തിൽ നിന്ന് ഒരു രൂപ പോലും എന്നെ എടുക്കാൻ സമ്മതിച്ചിരുന്നില്ല. ജോലിക്ക് പോകുമ്പോൾ എനിക്കുള്ള എല്ലാ ആവശ്യങ്ങളുടെ പൈസയും മിസ്അബ്ക്ക തന്നെയാണ് തരാറ്.

മൂന്നാമത്തെ മോന് സെപ്റ്റംബർ 26 ന് 3 വയസ്സായപ്പോൾ കോളജിനടുത്തുള്ള അംഗനവാടിയിൽ ചേർക്കാൻ വേണ്ടി പോയി അന്വേഷിച്ചിരുന്നു. അതിനിടയിലായിരുന്നു മിസ്അബ്കാന്റെ കോളജിൽ തന്നെ മാസ്കോം ഡിപ്പാർട്മെന്റിൽ ഒഴിവു വരുന്നത്. അടുത്തടുത്തുള്ള പ്രസവം കാരണം ജോലിയിൽ ഗ്യാപ് വന്നതിനാൽ എനിക്ക് ഭയങ്കര മടിയായിരുന്നു ബയോഡാറ്റ അയക്കാൻ. മണിക്കൂറുകൾ നീണ്ടു നിന്ന സംസാരത്തിനവസാനം ഞാൻ അപേക്ഷ നൽകാൻ സമ്മതിച്ചു. മരണപ്പെട്ടതിന്റെ തൊട്ടടുത്ത തിങ്കളാഴ്ചയിരുന്നു ഇന്റർവ്യൂ പറഞ്ഞിരുന്നത്. അഭിമുഖത്തിന് നല്ലോണം പ്രിപ്പയർ ചെയ്ത് വരണമെന്നും നിന്നോട് യാതൊരു വിധ favourism ഞാൻ കാണിക്കുകയില്ല എന്നും എന്നോട് പറഞ്ഞിരുന്നു. ആഗ്രഹിച്ചിരുന്നു, ഒരു സ്ഥാപനത്തിൽ ഒരുമിച്ചു ജോലി ചെയ്യുന്നത്. പക്ഷെ....,

എപ്പോ വേണമെങ്കിലും പിരിയാവുന്ന കരാറാണ്, ‘മിസ്അബ്’ എന്ന പേര് ചേർക്കരുത്....

--------------

മിസ്അബ്ക്ക ചെയ്തതൊക്കെയും ദീർഘ വീക്ഷണത്തോടെയായിരുന്നു. മൂത്തമകൻ basim എന്നാണ് പേരിട്ടത്. ഇംഗ്ലീഷിൽ എഴുതുമ്പോൾ Misab തിരിച്ചിട്ടതാണ് അത്. ചിരിക്കുന്നത് എന്നാണ് അർത്ഥം. ഇംഗ്ലീഷിലും മലയാളത്തിലും അറബിയിലും ഒരു പോലെ എഴുതാൻ പറ്റുന്ന പേരായിരിക്കണമെന്ന് മക്കളുടെ പേരിടുന്നതിൽ കണിശത ഉണ്ടായിരുന്നു. ആർക്കും വിളിക്കാൻ കൺഫ്യൂഷൻ ഉണ്ടാവാൻ പാടില്ല എന്ന്.

ഞാനും മിസ്അബ്ക്കയും M ഉം s ഉം ആയതോണ്ട് psc പരീക്ഷകളിലൊക്കെ അവസാനമാണ് ആകാറുള്ളത്. അതൊക്കെ പരിഗണിച്ചാണ് മക്കളുടെ പേര് ഇട്ടത്. മക്കളുടെ പേരിന് ശേഷം മിസ്അബ്കാന്റെ പേര് മനഃപൂർവം ചേർത്തില്ല. കാരണം എല്ലാവരും മിസ്അബ്കന്റെ പേര് പലവിധത്തിലാണ് വിളിക്കാറ്. മക്കൾക്ക് അത് ഭാവിയിൽ ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞു.

എന്റെ പേരിന് ശേഷം മിസ്അബ്ക്കാന്റെ പേര് ചേർക്കാൻ മിസ്അബ്ക്ക സമ്മതിച്ചിരുന്നില്ല. ഞാനിത്‍വരെയും എവിടെയും അങ്ങനെ എഴുതിയിട്ടുമില്ല. കാരണം, ‘ഞാനുമായുള്ളത് ഒരു കരാറാണ്. എപ്പോ വേണമെങ്കിലും പിരിയാവുന്ന കരാർ. നീ നിന്റെ ഉപ്പയുടെ പേരാണ് ചേർക്കേണ്ടത്’ എന്ന് മിസ്അബ്ക്ക പറയും. മിസ്അബ്ക്ക നല്ല മൊഞ്ചനാണെന്നും എനിക്ക് മൊഞ്ചു കുറവാണെന്നും ഞാനെപ്പോഴും മിസ്അബ്ക്കാനോട് പറയുമായിരുന്നു. അപ്പോഴൊക്കെ എന്നോട് പറയും നിന്നെ കാണാൻ ബി.എം. സുഹറയെ പോലെയുണ്ടെന്ന്.

പ്രിയനേ, ഇൻഷാ അല്ലാഹ്... അല്ലാഹുവിങ്കൽ കാണാം...

-----------------

ജീവിച്ചിരിക്കുന്ന കാലത്ത് എന്റെയും മക്കളുടെയും കൂടെ തന്നെ വേണമെന്നതായിരുന്നു മിസ്അബ്ക്കയുടെ ആഗ്രഹം. എവിടെ ജോലിക്ക് പോകുമ്പോഴും അവിടുത്തെ മാനേജ്മെന്റിനോട് ഫാമിലി അക്കമഡേഷൻ വേണമെന്ന് പറയാറുണ്ട്. ആഗ്രഹിച്ചതുപോലെ, റൂഹ് വേർപിരിയുന്ന അവസാന നിമിഷം വരെ കൂടെ തന്നെ നിൽക്കാൻ അല്ലാഹു അനുഗ്രഹിച്ചു.. നമ്മുടെ ഇടയിൽനിന്ന് തന്നെയാണ് അല്ലാഹു മിസ്അബ്ക്കയെ വിളിച്ചു കൊണ്ട് പോയതും...

എപ്പോഴും യാത്ര പോകുമ്പോൾ സലാം പറഞ്ഞു നെറ്റിയിൽ ഉമ്മ തന്നാണ് മിസ്അബ്ക്ക പോവാറ്. അതുപോലെ ഞാനും മക്കളും സലാം പറഞ്ഞ് ഉമ്മ കൊടുത്ത് മിസ്അബ്ക്കാനെയും യാത്രയാക്കി....നമ്മുടെ പൊന്നുമോൻ ബാസിം അവസാനം ഖബറിൽ മൂന്നു പിടി മണ്ണുമിട്ടു പ്രിയപ്പെട്ട ഉപ്പയെ യാത്രയാക്കി. ഇൻഷാ അല്ലാഹ്, നാളെ അല്ലാഹുവിങ്കൽ കാണാമെന്ന വിശ്വാസത്തോടെ.....

അല്ലാഹുവേ മിസ്അബ്ക്കയെ നിന്റെ പ്രിയപ്പെട്ട അതിഥിയായി സ്വീകരിക്കണേ... ഞങ്ങളെ നേരായ പാതയിൽ ചലിപ്പിക്കണേ.... മിസ്അബ്ക്ക പ്രാർഥിക്കുന്നത് പോലെ മക്കളെ കൺകുളിർമയായി മാറ്റ​ണേ... മുത്തഖീങ്ങളുടെ നേതാവാക്കി മാറ്റണേ... പാപങ്ങൾ പൊറുത്ത് ഞങ്ങളെ മിസ്അബ്ക്കയോടൊപ്പം സ്വർഗത്തിൽ ഒരുമിപ്പിക്കണേ... ആമീൻ...


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediaMishab irikkur
News Summary - Sulaikha Muhammad writes about her husband Dr. Mishab irikkur
Next Story