‘ബ്രാഹ്മിൻ ബിസ്ക്ക’റ്റിന്റെ ചിത്രം പങ്കുവച്ച് ബേക്കറി; ജാതി പ്രചരണത്തിന് പുതിയ വഴിയാണോ എന്ന് നെറ്റിസൺസ്
text_fieldsഭക്ഷണത്തിലെ ജാതി ചർച്ചകൾ സജീവമായി നിൽക്കെ ബ്രാഹ്മിൻ ബിസ്ക്കറ്റിന്റെ ചിത്രം പങ്കുവച്ച് ബേക്കറി. ബെംഗളൂരുവിലുള്ള ബേക്കറിയാണ് ബിസ്ക്കറ്റ് നിർമിച്ചത്. ബിസ്ക്കറ്റ് ഉണ്ടാക്കിയ ഫ്രെഡീസ് ബേക്കിങ്ങ് സ്റ്റുഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ചത്. പൂണൂൽ ധരിച്ച ഒരു ബ്രാഹ്മണരൂപമാണ് ബിസ്ക്കറ്റിന്റേത്. ഇതിനെ ചുറ്റിപ്പറ്റി സമൂഹമാധ്യമങ്ങളിൽ സംവാദവും ചൂടുപിടിക്കുകയാണ്.
ഒരു ഉപനയന ചടങ്ങിനോട് അനുബന്ധിച്ച് പ്രത്യേകമായി കസ്റ്റമൈസ് ചെയ്ത ബിസ്ക്കറ്റ് ആണിതെന്നാണ് ബേക്കറി ഉടമകൾ വിവരിക്കുന്നത്. ആദ്യമായാണ് ഉപനയന ചടങ്ങിന് തങ്ങൾ ഇത്തരത്തിൽ മധുരം ഉണ്ടാക്കുന്നതെന്നും അവരുടെ ആചാരങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഫ്രെഡീസ് ബേക്കിങ്ങ് സ്റ്റുഡിയോ ചിത്രത്തിനോടൊപ്പം കുറിച്ചിരുന്നു. പിന്നാലെ പലരും ഈ ബിസ്ക്കറ്റിന്റെ ചിത്രങ്ങൾ ഷെയർ ചെയ്യുകയും വലിയ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു.
ഒരു സ്വകാര്യ വ്യക്തിക്കുവേണ്ടി ഉണ്ടാക്കിയതാണെങ്കിലും ഇത്തരം സൃഷ്ടികൾ ഉണ്ടാക്കുന്നതും അത് പരസ്യപ്പെടുത്തുന്നതും സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു. ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഇന്നും ജാതീയതയും ജാതി മേൽക്കോയ്മയുമൊക്കെ നിലനിൽക്കുന്നുണ്ട്. ചിലപ്പോൾ പല ചിഹ്നങ്ങളും അടയാളങ്ങളുമൊക്കെയായി ചിലർ അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. അത്തരത്തിലൊന്നാണ് ‘ബ്രാഹ്മിൺ ബിസ്ക്കറ്റ്’ എന്നാണ് വിമർശനം ഉയരുന്നത്.
‘ജാതി വ്യവസ്ഥയെ ഒരു ലജ്ജയും കൂടാതെ സംരക്ഷിക്കാൻ ഇവർ പുതിയ വഴികൾ കണ്ടെത്തുന്നു’ എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവിന്റെ കമന്റ്. ‘അവർക്ക് ഇപ്പോൾ സ്വന്തമായി കച്ചവടമുണ്ടോ’എന്ന് ചോദിച്ചാണ് മറ്റൊരാൾ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ‘കച്ചവട മാർഗങ്ങളിലൂടെ ബ്രാഹ്മണർ പ്രചാരം നൽകുന്നു’ എന്ന് മറ്റൊരാൾ കുറിച്ചു.
‘ബ്രാഹ്മിൺ’ എന്ന ബോർഡ് വെച്ച് പ്രവർത്തിക്കുന്ന ബെംഗളുരുവിലെ റസ്റ്റോറന്റുകളുടെയും കഫേകളുടെയും ചിത്രങ്ങൾ പീലി രാജ എന്നയാൾ മുൻപ് ട്വിറ്ററിൽ പങ്കു വെച്ചിരുന്നു. തുടർന്ന് ഇതേക്കുറിച്ചുള്ള ചർച്ചകളും സജീവമായിരുന്നു. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സൊമാറ്റോ, സ്വിഗ്ഗി എന്നിവയിലും ഇവരുടെ ഭക്ഷണം ലഭ്യമാണെന്നും പീലി പറഞ്ഞിരുന്നു. ട്വീറ്റിനു താഴെ പലരും ജാതീയതയുടെ പേരിൽ കുട്ടിക്കാലം മുതൽ തങ്ങൾ നേരിട്ടിട്ടുള്ള ദുരനുഭവങ്ങളും പങ്കുവെച്ചിരുന്നു. ബ്രാഹ്മിൻസ് തട്ട് ഇഡ്‌ലി, ബ്രാഹ്മിൻസ് എക്‌സ്പ്രസ്, അമ്മാസ് ബ്രാഹ്മിൺ കഫേ, ബ്രാഹ്മിൺ ടിഫിൻസ് & കോഫി തുടങ്ങിയ ഹോട്ടലുകളുടെ ചിത്രങ്ങളാണ് പീലി രാജ പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.