'മക്കൾക്ക് വേണ്ടി തെരുവിലിറങ്ങുന്നു; വണക്കം പറഞ്ഞ് കാല് നക്കാനല്ല, കണക്ക് പറഞ്ഞ് നീതി തേടാൻ'
text_fieldsകോഴിക്കോട്: ഗർഭിണിയായ ഭാര്യക്ക് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ നീതി തേടി താൻ തെരുവിലേക്കിറങ്ങുകയാണെന്ന് കുഞ്ഞുങ്ങളുടെ പിതാവ് എൻ.സി. ഷെരീഫ്. വണക്കം പറഞ്ഞ് കാല് നക്കാനല്ല, മറിച്ച് കണക്ക് പറഞ്ഞ് നീതി തേടാനായി താൻ അധികാരികൾക്ക് മുന്നിലേക്ക് വരുമെന്നും കൂടെ പ്രിയപ്പെട്ടവളും ഉണ്ടാകുമെന്നും ഷെരീഫ് കുറിച്ചു.
പരാതിയുമായി ഒരു മാസക്കാലം നടന്നെങ്കിലും കൊലയാളികൾക്കെതിരെ ചെറുവിരലനക്കാൻ ആർക്കുമായിട്ടില്ല. എന്നാലും പിറകോട്ടില്ലെന്നും പ്രതികരിക്കാനുള്ള കരുത്തുണ്ടെന്നും ഷെരീഫ് വ്യക്തമാക്കി.
ആശുപത്രിയിൽ നിന്ന് കുഞ്ഞുങ്ങളെ ഏറ്റുവാങ്ങിയതും റോഡിൽ വാഹനം നിർത്തി അവരെ നെഞ്ചോട് ചേർത്ത് പിടിച്ച നടന്നതും തവനൂർ പള്ളിപറമ്പിലെ ആറടി മണ്ണിലേക്ക് ഇറക്കിവെക്കുമ്പോൾ നിറകണ്ണുകളോടെ മുത്തം നൽകിയതുമൊന്നും മറക്കാൻ പറ്റില്ല. തൻെറ പൊന്നോമനകളുടെ ഓർമകൾ കെടാതെ സൂക്ഷിക്കണമെന്നും അതിലൂടെ 'ക്രൂരന്മാർക്ക്' മറക്കാനാകാത്ത ഓർമകൾ സമ്മാനിക്കണമെന്നും അവരുടെ നെഞ്ചെരിയണമെന്നും ഷെരീഫ് കുറിച്ചു.
സെപ്തംബർ 27നാണ് സുപ്രഭാതം മഞ്ചേരി റിപ്പോർട്ടറായ എൻ.സി. ഷെരീഫിൻെറ ഗർഭിണിയായ ഭാര്യ സഹല തസ്നീമിന് ചികിത്സ കിട്ടാതെ ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിക്കുന്നത്. പ്രസവ വേദന അനുഭവപ്പെട്ടിട്ടും ആശുപത്രികൾ പ്രവേശനം നിഷേധിക്കുകയായിരുന്നു. കോവിഡ് പരിശോധനയായ ആർ.ടി.പി.സി.ആറിൻെറ റിസൽട്ട് ഇല്ലെന്ന പേരിലാണ് വിവിധ ആശുപത്രികൾ മണിക്കൂറുകളോളം ഇവരെ വലച്ചത്.
എൻ.സി ഷെരീഫിൻെറ ഫേസ്ബുക്ക് പോസ്റ്റ്
മക്കൾ യാത്ര പോയിട്ട് ഒരു മാസമായി. അരികില്ലേലും എന്നും കിനാവിൽ വരാറുണ്ട് രണ്ട് പേരും. ചിലപ്പോയൊക്കെ ഒത്തിരി നേരം താലോലിക്കും. ആശുപത്രിയിൽ നിന്ന് ഒരു നോക്ക് കാണാനേ പറ്റിയൊള്ളു, എന്നാലും ൻ്റെ മക്കളുടെ മുഖം മായാതെ കിടപ്പുണ്ട്.
ആശുപത്രിയിൽ നിന്ന് രണ്ട് പൈതങ്ങളേയും ഏറ്റുവാങ്ങിയത്, റോഡിൽ വാഹനം നിർത്തി നെഞ്ചോട് ചേർത്തുപിടിച്ച് വീട്ടിലേക്ക് നടന്നത്, തവനൂർ പള്ളിപറമ്പിലെ ആറടി മണ്ണിലേക്ക് ഇറക്കിവെക്കുമ്പോൾ നിറകണ്ണുകളോടെ മുത്തം നൽകിയത്... ഇല്ല, ഒന്നും മറന്നിട്ടില്ല. മറക്കാൻ പറ്റില്ല, ൻ്റെ പൊന്നോമനകളുടെ ഓർമകൾ കെടാതെ സൂക്ഷിക്കണം. അതിലൂടെ 'ക്രൂരന്മാർക്ക്' മറക്കാനാകാത്ത ഓർമകൾ സമ്മാനിക്കണം. അവരുടെ നെഞ്ചെരിയണം.
ഇന്ന് അവർ രണ്ടാളും ഉണ്ടായിരുന്നെങ്കിൽ എന്ത് സന്തോഷമായിരുന്നു. കുഞ്ഞു മിഴികൾ ചിമ്മുന്നതും, പാല്‍ കുടിക്കുന്നതും, ഉമ്മച്ചിയേയും ഉപ്പച്ചിയേയും നോക്കി ചിരിക്കുന്നതും.. അങ്ങനെ ഓരോ ദിവസവും അവർ വളരുന്നതും കാത്തിരിക്കാമായിരുന്നു. ഇന്ന് പ്രിയപ്പെട്ടവൾ തനിച്ച് കിടപ്പാണ്. ഉറക്കമുണർന്നാൽ അവൾ അറിയാതെ പരതി നോക്കും. മക്കളെങ്ങാനും അടുത്തുണ്ടോയെന്ന്. 10 മാസത്തോളം വേദന സഹിച്ചത് അവർക്ക് വേണ്ടിയായിരുന്നല്ലൊ.
പരാതിയുമായി ഒരു മാസക്കാലം നടന്നു. കൊലയാളികൾക്കെതിരെ ചെറുവിരലനക്കാൻ ആർക്കുമായിട്ടില്ല. എന്നാലും പിറകോട്ടില്ല. പ്രതികരിക്കാനുള്ള കരുത്തുണ്ട്. എൻ്റെ മക്കൾക്ക് വേണ്ടി തെരുവിലിറങ്ങുകയാണ്. അധികാരികൾക്ക് മുന്നിലേക്ക് വരുന്നുണ്ട്. കൂടെ പ്രിയപ്പെട്ടവളും ഉണ്ടാകും. വണക്കം പറഞ്ഞ് കാല് നക്കാനല്ല. കണക്ക് പറഞ്ഞ് നീതി തേടാൻ.
മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് രണ്ട് കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട മലപ്പുറം ജില്ലയിലെ ഒരു കുടുംബം വ്യാഴാഴ്ച വീട്ടിലേക്ക് വരുന്നുണ്ട്. സമാന അനുഭവമുള്ള മറ്റു ചിലരുമായും സംസാരിച്ചിട്ടുണ്ട്. എല്ലാവരേയും ചേർത്തുപിടിച്ച് സമര രംഗത്തിറങ്ങും. വിശദമായി അറിയ്ക്കാം. പ്രിയപ്പെട്ടവരുടെ പിന്തുണ ഉണ്ടാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.