'കൊന്തശാപ'ത്തിൽ പ്രതികരിച്ച് ഉഷ ജോർജ്; കൊന്തയുടെ ശക്തികൊണ്ട് നമ്മുക്ക് വെള്ളപ്പൊക്കം വരെ നിർത്താം
text_fieldsമന്ത്രി സജി ചെറിയാന്റെ രാജിക്കുപിന്നാലെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതാണ് മുൻ എം.എൽ.എ പി.സി. ജോര്‍ജിന്റെ ഭാര്യ ഉഷാ ജോര്‍ജിന്റെ 'കൊന്ത' പരാമര്‍ശം. സംഗതി സോഷ്യൽമീഡിയ ഏെറ്റടുത്തതോടെ വൈറലായി. ട്രോളന്മാർ കുറച്ചുദിവസം കൊന്തശാപത്തിന് പിന്നാലെയായിരുന്നു.
പീഡനക്കേസില്‍ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്ന ഉഷാ ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയനെ വെടിവച്ച് കൊല്ലാന്‍ ആഗ്രഹമുണ്ടെന്നും തന്റെ കയ്യിലെ കൊന്തക്ക് ശക്തിയുണ്ടെങ്കില്‍ ഒരാഴ്ച്ചക്കുള്ളില്‍ അയാള്‍ അനുഭവിക്കുമെന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ശരിക്കും പറഞ്ഞാല്‍ അയാളെ എനിക്ക് വെടിവെച്ച് കൊല്ലണമെന്നുണ്ട്. നിങ്ങളിത് ചാനലില്‍ കൂടി വിട്ടാല്‍ എനിക്ക് കുഴപ്പമില്ല. എന്റെ അപ്പന്റെ റിവോള്‍വറാണ് ഇവിടെയുള്ളത്. കുടുംബത്തിലെ എല്ലാവരും വേദനിക്കുന്നുണ്ട്. എന്റെയീ കൈയില്‍ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ച്ചക്കുള്ളില്‍ അയാള്‍ അനുഭവിക്കും. അനുഭവിച്ചേ തീരു. ഇത്രയും പ്രായമായ ഒരാളെ പിടിച്ച് ജയിലില്‍ ഇടാമോ'എന്നും ഉഷാ ജോർജ് ചോദിച്ചിരുന്നു.
'തെറ്റ് ചെയ്യാത്ത മനുഷ്യനാണ് പി.സി. ജോര്‍ജ്. ഇത് പിണറായിയുടെ കളിയാണ്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നത് ശരിയാണോ. എല്ലാവരെയും മോനേ മോളേയെന്നെ അദ്ദേഹം വിളിക്കൂ. സിന്‍സിയര്‍ ആയതുകൊണ്ട് പറ്റിയതാണ്. തന്നെ പീഡിപ്പിക്കാത്ത വ്യക്തിയുണ്ടെങ്കില്‍ അത് പി.സി. ജോര്‍ജ് ആണെന്നും അച്ഛന് തുല്യമാണ് എന്നുമാണ് പരാതിക്കാരി മുന്‍പൊരിക്കല്‍ പറഞ്ഞത്. അറസ്റ്റിനെ കുറിച്ച് സൂചന ഇല്ലായിരുന്നു. സാക്ഷിയാക്കാമെന്ന് പറഞ്ഞാണ് പൊലീസ് വിളിച്ചു കൊണ്ട് പോയത്. പിണറായിയുടെ പ്രശ്‌നങ്ങള്‍ പുറത്ത് വരാതിരിക്കാനാണ് പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. വാര്‍ത്തകള്‍ അങ്ങനെ തിരിച്ചു വിടാനാണ് ശ്രമം. കേസിനെ നിയമപരമായി നേരിടും. ഇതിന് പിന്നില്‍ കളിച്ചവര്‍ക്ക് കുടുംബത്തിന്റെ ശാപം കിട്ടും'-ഉഷ ആരോപിച്ചിരുന്നു.
സംഗതി വൈറലായതോടെ ഉഷ ജോർജ് ഇന്ന് വീണ്ടും ഈ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. സജി ചെറിയാന്റെ രാജി കൊന്തശാപമാണോ എന്നാണ് മാധ്യമപ്രവർത്തകർ ചോദിച്ചത്. അന്നത്തെ പ്രതികരണം അപ്പോഴത്തെ വിഷമം കൊണ്ട് പറഞ്ഞുപോയതാണെന്നും രാജിവെച്ച മന്ത്രി സജി ചെറിയാനോട് വ്യക്തിപരമായ ദേഷ്യമൊന്നും ഇല്ലെന്നും ഉഷ ജോർജ് പറഞ്ഞു. പിണറായിക്കതിരേ തോക്കെടുക്കുമെന്ന് പറഞ്ഞത് കുറച്ചുകടന്നു പോയി. അത് വേണ്ടായിരുന്നു എന്ന് പിന്നീട് പലരും പഞ്ഞു. എന്തായലും പിണറായി ഒരു മുഖ്യമന്ത്രി ആണല്ലോ. അത്തരം കാര്യങ്ങൾ ഇനി സൂക്ഷിച്ചേ പറയുകയുള്ളൂ. കൊന്തക്കുരിശ് മാലയുടെ ശക്തിയിൽ തനിക്ക് വലിയ വിശ്വാസമുണ്ട്. കൊന്തയുടെ ശക്തികൊണ്ട് നമ്മുക്ക് വെള്ളപ്പൊക്കം വരെ നിർത്താമെന്നും ഉഷ ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.