തട്ടിക്കൊണ്ടുപോയയാൾക്കൊപ്പം ഒന്നിച്ചു കഴിഞ്ഞത് 14 മാസം, ഒടുവിൽ വിട്ടുപിരിയാനാകാതെ രണ്ടുവയസ്സുകാരൻ; പൊട്ടിക്കരഞ്ഞ് പ്രതിയും
text_fieldsബോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ജയ്പൂർ പൊലീസ് സ്റ്റേഷനിൽ നടന്നത്. സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.
തട്ടിക്കൊണ്ടുപോയ രണ്ടു വയസ് പ്രായമുള്ള കുട്ടി, പൊലീസ് രക്ഷിക്കാനെത്തിയപ്പോൾ പ്രതിയെ കെട്ടിപ്പിടിച്ച് കരയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രതിയിൽ നിന്ന് ബലമായി പിടിച്ചു വാങ്ങി അമ്മയെ ഏൽപിക്കാൻ ശ്രമിച്ചപ്പോൾ വിട്ടുപോകാൻ കൂട്ടാക്കാതെ കരയുകയാണ് കുഞ്ഞ്. കരച്ചിൽ കേട്ട് പ്രതിയും കരയുന്നുണ്ട്. ഒടുവിൽ വളരെ കഷ്ടപ്പെട്ട് കുഞ്ഞിനെ പ്രതിയിൽ നിന്ന് പിടിച്ചുമാറ്റി അമ്മയെ ഏൽപിച്ചു. അപ്പോഴും നിർത്താതെ കരയുകയാണ് കുഞ്ഞ്.
14 മാസം മുമ്പാണ് പൃഥ്വി എന്ന കുഞ്ഞിനെ കാണാതായത്. തട്ടിക്കൊണ്ടുപോകുമ്പോൾ കുട്ടിക്ക് 11 മാസമായിരുന്നു പ്രായം. ഇപ്പോൾ രണ്ടുവയസായി. നീണ്ട കാലത്തെ അന്വേഷണത്തിനൊടുവിൽ തനൂജ് ഛഗാർ എന്ന ആഗ്ര സ്വദേശി തട്ടിക്കൊണ്ടുപോയതാണെന്ന് കുഞ്ഞിനെ എന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം പൊലീസ് കുട്ടിയെ കണ്ടെത്തുകയും ചെയ്തു. ഇത്രയും കാലംകൊണ്ട് പ്രതിയുമായി വലിയ ആത്മബന്ധത്തിലായിക്കഴിഞ്ഞിരുന്നു കുഞ്ഞ്.
ജയ്പൂരിലെ സാൻഗാനർ സദാർ പൊലീസ് സ്റ്റേഷൻ പരിസരത്ത് നിന്നാണ് 14 മാസം മുമ്പ് കുട്ടിയെ കാണാതായത്. പ്രതിയായ തനൂജിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25000 രൂപയും പ്രഖ്യാപിച്ചു. പിടിക്കപ്പെടാതിരിക്കാൻ വൃന്ദാവനിൽ യമുന നദിക്കടുത്തുള്ള ഖദേർ പ്രദേശത്തെ കുടിലിൽ സന്യാസിയായാണ് തനൂജ് കഴിഞ്ഞത്.പൃഥ്വിയെ സ്വന്തം മകനെ പോലെയാണ് ഇയാൾ സംരക്ഷിച്ചതെന്നും പൊലീസ് പറയുന്നു.
അന്വേഷണത്തിനിടെയാണ് തനൂജ് വേഷം മാറി സന്യാസിയായി ജീവിക്കുന്ന വിവരം പൊലീസ് അറിഞ്ഞത്. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരും സന്യാസിമാരായി വേഷം കെട്ടി അതേ പ്രദേശത്ത് താമസം തുടങ്ങി. ആഗസ്റ്റ് 27ന് തനൂജ് അലിഗഡിൽ പോയെന്ന് വിവരം ലഭിച്ചു. പിന്നാലെ അലിഗഡിലെത്തിയ പൊലീസിനെ കണ്ട് കുട്ടിയെയുമായി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
കുട്ടിയുടെ അമ്മയുടെ ബന്ധുകൂടിയാണ് പ്രതി. കുട്ടിയുടെ അമ്മക്കൊപ്പം ജീവിക്കാൻ തനൂജിന് ആഗ്രഹമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. എന്നാൽ അമ്മയായ പൂനം അത് ആഗ്രഹിച്ചിരുന്നില്ല. അതിനു പിന്നാലെയാണ് 11 മാസം പ്രായമായ കുഞ്ഞിനെ സഹായികളെയും കൂട്ടി തട്ടിക്കൊണ്ടു പോകാൻ തനൂജ് പദ്ധതിയിട്ടത്. തന്റെ ആവശ്യം അംഗീകരിക്കാനും തനൂജ് പൂനത്തിനെ നിരവധി തവണ ഭീഷണിപ്പെടുത്തുകയും ചെയ്തു.
അലിഗഢിലെ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിട്ടുണ്ട് തനൂജ്. യു.പി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിലുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.