കറുത്തവംശക്കാരിയായതിനാൽ വിവാഹവസ്ത്രം ധരിക്കാനായില്ല; പതിറ്റാണ്ടുകൾക്ക്ശേഷം 94കാരിക്ക് ആഗ്രഹ പൂർത്തീകരണം
text_fieldsവെള്ള ഗൗണിൽ വധുവിനെപ്പോലെ അണിയിച്ചൊരുക്കുകയായിരുന്നു അലബാമയിലെ 94കാരിയെ. മുത്തശ്ശിയുടെ പതിറ്റാണ്ടുകൾ നീണ്ട ആഗ്രഹ പൂർത്തീകരണത്തിന് കൂട്ടുനിന്നത് കൊച്ചുമക്കളും.
വെള്ളഗൗൺ അണിഞ്ഞ് വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങണമെന്നായിരുന്നു മുത്തശ്ശിയുടെ ആഗ്രഹം. സ്വന്തം വിവാഹത്തിൽ വെള്ള വസ്ത്രമണിഞ്ഞ് എത്താൻ സാധിക്കാതെ വന്നതോടെ ആഗ്രഹം ഉള്ളിലൊതുക്കി പതിറ്റാണ്ടുകളോളം 94 കാരിയായ മാർത്ത മേയ് ഒഫീലിയ മൂൺ ടക്കർ കഴിഞ്ഞു. 1952 ലായിരുന്നു മാർത്തയുടെ വിവാഹം. അക്കാലത്ത് കറുത്തവർഗക്കാരെ ബ്രൈഡൽ ഷോപ്പുകളിൽ പ്രവേശിപ്പിക്കില്ലായിരുന്നു. അതിനാൽ തന്നെ സാധാരണ വസ്ത്രം ധരിച്ചായിരുന്നു മാർത്തയുടെ വിവാഹചടങ്ങുകളും.
ആഗ്രഹം തിരിച്ചറിഞ്ഞ കൊച്ചുമക്കൾ മുത്തശ്ശിക്കായി ബ്രൈഡൽ സ്റ്റോറിൽ അപ്പോയ്ൻമെന്റ് ബുക്ക് ചെയ്തു. തുടർന്ന് മുത്തശ്ശിയെ അവിടെയെത്തിച്ച് നവവധുവിനെപ്പോലെ ഒരുക്കുകയായിരുന്നു. വിവാഹവസ്ത്രമണിഞ്ഞ് നിൽക്കുന്ന മുത്തശ്ശിയുടെ വിഡിയോ വൈറലായി. വിഡിയോയിൽ പുഞ്ചരിച്ച് നിൽക്കുന്ന 94കാരിയെ കാണാം.
'മുത്തശ്ശി ഞങ്ങൾക്കായി ഒരുപാട് ത്യാഗം ചെയ്തു. അതിനാൽ അവരുടെ ആഗ്രഹ പൂർത്തീകരണത്തിനായി ഞാൻ പരിശ്രമിച്ചു. ഇതെനിക്ക് വിലമതിക്കാനാകാത്തതാണ്' -കൊച്ചുമകൾ ആഞ്ചല സ്ട്രോസിയർ പറയുന്നു.
വിവാഹവസ്ത്രം അണിഞ്ഞ് ഒരുങ്ങാൻ സാധിച്ചതിൽ താൻ വളരെയധികം സന്തോഷവതിയാണെന്ന് മുത്തശ്ശി പ്രതികരിച്ചു. വിവാഹവസ്ത്രം അഴിച്ചുവെക്കാൻ തോന്നുന്നില്ലെന്നായിരുന്നു മുത്തശ്ശിയുടെ മറ്റൊരു കമന്‍റ്.
വിഡിയോക്ക് കീഴിൽ നിരവധിപേർ സന്തോഷം പങ്കുവെച്ചെത്തി. കൂടാതെ കറുത്തവർഗക്കാർക്ക് വിവാഹവസ്ത്രം ധരിക്കാൻ പാടില്ലെന്ന വിലക്കിനെതിരെ ഞെട്ടൽ രേഖപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.