അമ്പലപ്പറമ്പിൽ നാടൊരുമിച്ചു; ഗിരിജയുടെ കൈ പിടിച്ച് രാകേഷും
text_fieldsവേങ്ങര(മലപ്പുറം) : മനാട്ടിപ്പറമ്പ് റോസ് മാനർ ഷോർട്ട് സ്റ്റേ ഹോമിലെ പാലക്കാട്ടുകാരി ഗിരിജയുടെ വിവാഹത്തിന് നാടൊരുമിച്ചു. വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രസന്നിധിയിൽവെച്ച് ഗിരിജയുടെ കഴുത്തിൽ എടയൂരിലെ ബാലന്‍റെ മകൻ രാകേഷ് മിന്നുചാർത്തി. പിതാവ് ഉപേക്ഷിച്ചതിനെ തുടർന്ന് അമ്മക്കും അനിയത്തിക്കുമൊപ്പം പത്ത് വർഷമായി റോസ് മാനറിലെ അന്തേവാസിയാണ് ഗിരിജ. ചെറുപ്പത്തിൽ അമ്മയോടൊപ്പം വലിയോറയിലെത്തിയ ഗിരിജക്ക് പിന്നെ നാട്ടുകാരായിരുന്നു ബന്ധുക്കൾ.
കല്യാണം വിളിച്ചതും സദ്യയൊരുക്കിയതും അമ്പലപ്പറമ്പിൽ അതിഥികളെ സ്വീകരിച്ചതുമൊക്കെ വേങ്ങര മനാട്ടിപറമ്പിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ. ക്ഷേത്രം ഭാരവാഹികൾ എല്ലാവിധ പിന്തുണയുമായി കൂടെയും.
സ്നേഹവും പിന്തുണയുമായി ഒരുനാട് മുഴുവൻ എത്തിയതോടെ ഗിരിജ-രാകേഷ് കല്യാണം നാടിന്‍റെ ഉത്സവമായി. വിവാഹ ചടങ്ങുകൾക്ക് എളമ്പുലക്കാട്ട് ആനന്ദൻ നമ്പൂതിരി നേതൃത്വം നൽകി.
പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, ബ്ലോക്ക് പ്രസിഡന്‍റ് മണ്ണിൽ ബൻസീറ, പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. ഹസീന, ജില്ല പഞ്ചായത്ത് അംഗങ്ങളായ എ.പി. ഉണ്ണികൃഷ്ണൻ, ടി.പി.എം. ബഷീർ, ബ്ലോക്ക് അംഗം പറങ്ങോടത്ത് അസീസ് എന്നിവർ ആശംസകൾ നേർന്നു.
ടി.വി. ഇഖ്ബാൽ, ഫത്താഹ് മുഴിക്കൽ, മങ്കട മുസ്തഫ, പറങ്ങോടത്ത് മൊയ്തീൻ, കെ. സാദിഖ്, കെ. മജീദ്, റോസ് മാനർ സൂപ്രണ്ട് ധന്യ കാടാമ്പുഴ എന്നിവർ വിവാഹഘോഷങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.