‘സൗകര്യം കിട്ടുമ്പോൾ പശുക്കളുടെ അടുത്ത് ചെന്ന് നിൽക്കുക. അവയുടെ കണ്ണുകളിലേക്കു നോക്കുക’-വൈകാരിക കുറിപ്പുമായി കൃഷ്‌ണകുമാർ
text_fieldsസൗകര്യം കിട്ടുമ്പോൾ പശുക്കളുടെ അടുത്ത് ചെന്ന് നിൽക്കണമെന്നും അവയുടെ കണ്ണുകളിലേക്കു നോക്കണമെന്നും ആഹ്വാനം ചെയ്ത് നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാർ. പശുക്കളെക്കുറിച്ച് കൃഷ്‌ണകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലാണ് പശുസ്നേഹം പ്രകടമാക്കിയിരിക്കുന്നത്. അതിനൊപ്പം പശുക്കളോടൊത്തുള്ള ചിത്രവും താരം ഷെയർ ചെയ്‌തിട്ടുണ്ട്.
2021ലെ അസംബ്ലി ഇലക്ഷനിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി കൃഷ്‌ണകുമാർ മത്സരിച്ചിരുന്നു. ബി.ജെ.പിയുടെ ദേശീയ കൗൺസിൽ അംഗമാണിപ്പോൾ കൃഷ്‌ണകുമാർ. തന്റെ ആരാധകരോട് സൗമ്യതയെയും ശാന്തതയെയും കുറിച്ച് പറയാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് താരം കുറിപ്പ് ആരംഭിക്കുന്നത്. ‘പേരിൽത്തന്നെ കൃഷ്ണൻ ഉള്ള എനിക്ക് ഗോക്കളോടുള്ള സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ആ ബന്ധം ഇന്നിപ്പോൾ പൂർവാധികം ദൃഢമായിരിക്കുന്നു. രാഷ്ട്രീയമായ അന്ധത ബാധിച്ച ചിലരൊക്കെ ട്രോളിയേക്കാം, പക്ഷെ ഒന്നുപറയാം ; എപ്പോഴെങ്കിലും സൗകര്യം കിട്ടുമ്പോൾ പശുക്കളുടെ അടുത്തൊന്നു ചെന്ന് നിൽക്കുക. അവയുടെ കണ്ണുകളിലേക്കു നോക്കുക. രാഷ്ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കിൽ താങ്കൾക്കും ആ നിമിഷങ്ങളിൽ മനസ് നിറയുന്നത് അനുഭവിക്കാനാകും’-കൃഷ്‌ണകുമാർ കുറിച്ചു.
അമ്മയുടെ മുലപാൽ കുടിച്ച് ജീവൻ നിലനിർത്തുന്നതു പോലെയാണ് പശുവിന്റെ പാലുമെന്ന് കൃഷ്‌ണകുമാർ പറയുന്നു. രണ്ടു പേരും അമ്മമാരാണെന്നും സമയം കിട്ടുമ്പോഴെല്ലാം താൻ പശുക്കളെ കാണാൻ വരാറുണ്ടെന്നും താരം പറഞ്ഞു. കുറിപ്പിന്റെ പൂർണരൂപം താഴെ
നമസ്കാരം സഹോദരങ്ങളേ,
ഇന്നീ വൈകുന്നേരം നിങ്ങളോട് സൗമ്യതയെപ്പറ്റിയും ശാന്തതയെപ്പറ്റിയും സ്നേഹത്തെപ്പറ്റിയും ചുരുക്കത്തിൽചില കാര്യങ്ങൾ പറയാമെന്നു കരുതി. കാരണമെന്താണെന്ന് ഇതിനൊപ്പമുള്ള ചിത്രങ്ങൾ പറയും.
പേരിൽത്തന്നെ കൃഷ്ണൻ ഉള്ള എനിക്ക് ഗോക്കളോടുള്ള സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ആ ബന്ധം ഇന്നിപ്പോൾ പൂർവാധികം ദൃഢമായിരിക്കുന്നു. രാഷ്ട്രീയമായ അന്ധത ബാധിച്ച ചിലരൊക്കെ ട്രോളിയേക്കാം, പക്ഷെ ഒന്നുപറയാം ; എപ്പോഴെങ്കിലും സൗകര്യം കിട്ടുമ്പോൾ പശുക്കളുടെ അടുത്തൊന്നു ചെന്ന് നിൽക്കുക. അവയുടെ കണ്ണുകളിലേക്കു നോക്കുക. രാഷ്ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കിൽ താങ്കൾക്കും ആ നിമിഷങ്ങളിൽ മനസ് നിറയുന്നത് അനുഭവിക്കാനാകും.
ഞാനും നിങ്ങളും ജനിച്ചുവീണുകഴിഞ്ഞു ജീവൻ നിലനിർത്തിയതും വളർന്നു വലുതായതും അമ്മയുടെ മുലപ്പാൽ കുടിച്ചാണ്. ഒരു ഘട്ടം കഴിഞ്ഞാൽപ്പിന്നെ നമ്മുടെയൊക്കെ ജീവിതത്തിൽ പാലിന്റെ പുണ്യവും പൊലിമയും നമുക്കുതരുന്നത് ഈ മിണ്ടാപ്രാണികളാണ്. രണ്ടും അമ്മമാരാണ്. ഉറപ്പിച്ചുപറയട്ടെ, എവിടെ, എപ്പോൾ സൗകര്യമുണ്ടായാലും ഞാൻ ഇവർക്കൊപ്പം ഇനിയും സമയം ചിലവിടും. താങ്കളും അങ്ങനെ ചെയ്യാൻ, ഞാൻ ആഗ്രഹിക്കുന്നു.
ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ച അച്ഛനമ്മമാർക്ക് നന്ദി. നല്ലതിനെതിരെ എന്നും ഗോബാക്ക് വിളിക്കാൻ പഠിച്ചവരോട് പരിഭവമൊന്നുമില്ല. കാരണം, അതാണ് എന്റെ ഭാരതീയ സംസ്കാരം എന്നെ പഠിപ്പിച്ചിരിക്കുന്നത്.
മനസ്സുനിറഞ്ഞു നിർത്തുന്നു. നന്മയുടെ പാലാഴി പരന്നൊഴുകട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.