ഹനുമാൻ ബധിരനായിരുന്നോ..? ‘ആദിപുരുഷ്’ സംവിധായകന്റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി നെറ്റിസൺസ്; വിവാദം
text_fields'ആദിപുരുഷ്' സിനിമയാണ് ഇപ്പോൾ ഇന്റർനെറ്റിൽ ചർച്ചാവിഷയം. ബാഹുബലി സിനിമകളിലൂടെ പാൻ ഇന്ത്യൻ സൂപ്പർതാരമായി മാറിയ പ്രഭാസ് നായകനായ ചിത്രം ആദ്യ ദിനം ആഗോള കളക്ഷനായി 140 കോടിയാണ് നേടിയത്. ഒരു ഹിന്ദി സിനിമ നേടുന്ന ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ കൂടിയാണിത്. കൃതി സനൺ, സെയ്ഫ് അലിഖാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. അഭിനേതാക്കളുടെ ശരാശരി പ്രകടനവും മോശം വിഎഫ്എക്സും കാരണം സമൂഹ മാധ്യമങ്ങളിൽ ചിത്രത്തിനെതിരെ ട്രോൾ വർഷമാണ്.
ചിത്രം സംവിധാനം ചെയ്തത് ഓം റൗത് ആണ്. തിയറ്ററുകളിൽ ഹനുമാന് ഒരു സീറ്റ് ഒഴിച്ചിടണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടായിരുന്നു ഓം സിനിമയുടെ പ്രമോഷനുകൾ ആരംഭിച്ചത്. ഹിന്ദു ഇതിഹാസമായ രാമായണം ഈ ഭൂമിയിൽ എവിടെ വെച്ച് പാരായണം ചെയ്താലും പ്രദർശിപ്പിച്ചാലും ഭഗവാൻ ഹനുമാന്റെ സാന്നിധ്യം അവിടെയുണ്ടാകുമെന്ന് താൻ ശക്തമായി വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്താനായിട്ടില്ല. ചിത്രത്തിലെ രംഗങ്ങൾക്കും സംഭാഷണങ്ങൾക്കുമെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പ്രത്യേകിച്ച്, ദേവ്ദത്ത നാഗെ അവതരിപ്പിച്ച ഹനുമാൻ കഥാപാത്രം പറയുന്ന ഡയലോഗുകൾ.
എന്നാൽ, തന്റെ പഴയ ഒരു ട്വീറ്റ് സംവിധായകനെ ഇപ്പോൾ, വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. 2015-ൽ അദ്ദേഹം പങ്കുവെച്ച ട്വീറ്റ് ആരോ കുത്തിപ്പൊക്കിയതോടെ, ഹനുമാനെയും ഹനുമാൻ ജയന്തിയെയും സംവിധായകൻ അപമാനിച്ചതായി ചിലർ അവകാശപ്പെടാൻ തുടങ്ങി. അതോടെ, അദ്ദേഹം ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്തു.
‘‘ഹനുമാൻ ദൈവം ബധിരനായിരുന്നോ..? എന്റെ ബിൽഡിങ്ങിലുള്ള ആളുകളെല്ലാം അങ്ങനെയാണ് കരുതുന്നത്. അവർ വളരെ ഉച്ചത്തിൽ ഹനുമാൻ ജയന്തിയുടെ പാട്ടുകൾ വെക്കുകയാണ്. എല്ലാം അപ്രസക്തമായ പാട്ടുകളും. ” - ഒരു ട്വിറ്റർ ഉപയോക്താവ് പങ്കിട്ട സ്‌ക്രീൻഷോട്ട് പ്രകാരം, അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. എന്തായാലും സംവിധായകനെതിരെ ഒരു കൂട്ടമാളുകൾ ഇതിന്റെ പേരിൽ അധിക്ഷേപങ്ങളുമായി എത്തിയിട്ടുണ്ട്.
അതേസമയം, 'ആദിപുരുഷ്' ശ്രീരാമനെയും രാമായണത്തെയും കളിയാക്കുന്നതാണെന്നാരോപിച്ച് ഡൽഹി ഹൈകോടതിയിൽ ഹിന്ദു സേന എന്ന സംഘടന പൊതുതാൽപര്യ ഹരജി നൽകിയിട്ടുണ്ട്. രാമായണത്തെയും രാമനെയും സംസ്‌കാരത്തെയും പരിഹസിച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ഹരജിക്കാരുടെ പരാതി.
രാമനെയും രാമായണത്തെയും കളിയാക്കുന്ന രീതിയിലുള്ള രംഗങ്ങൾ സിനിമയിലുണ്ടെന്നും ഇത് നീക്കം ചെയ്യാൻ കോടതി നിർദേശിക്കണമെന്നുമാണ് ഹിന്ദു സേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്തയുടെ ഹരജിയിലെ ആവശ്യം. രാമനെയും രാവണനെയും സീതയെയും ഹനുമാനെയും സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത് കൃത്യതയില്ലാതെയും അനുയോജ്യമല്ലാതെയുമാണ് -ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.