യു.പിയിലെ പട്ടിണിക്കാർ തന്നെ കേരളത്തിലെ ജനസംഖ്യയുടെ മൂന്നിരട്ടി വരും -എം.എ ബേബി
text_fieldsകോഴിക്കോട്: യു.പി കേരളം ആകാതിരിക്കാൻ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്ക് മറുപടിയുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഉത്തർപ്രദേശിലെ പട്ടിണിക്കാർ തന്നെ കേരളത്തിലെ ജനസംഖ്യയുടെ മൂന്നിരട്ടി വരുമെന്നും ഇന്ത്യയിലെ ബഹുഭൂരിപക്ഷം പട്ടിണിക്കാരും ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, അസം എന്നീ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. കേന്ദ്ര സർക്കാരിൻറെ നീതി ആയോഗ് പുറത്തുവിട്ട കണക്കുകളും അദ്ദേഹം പങ്കുവെച്ചു.
എം.എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്ത്യാ സർക്കാരിൻറെ നീതി ആയോഗ് കണക്കനുസരിച്ച് ഉത്തർപ്രദേശിലെ ജനസംഖ്യയുടെ 37.79 ശതമാനം പേർ ദരിദ്രരാണ്. അതായത് ഏകദേശം ഒമ്പത് കോടി മനുഷ്യർ അന്നന്നത്തെ അന്നത്തിനു വകയില്ലാത്ത കഷ്ടപ്പാടുകാർ. ഉത്തർപ്രദേശിലെ പട്ടിണിക്കാർ തന്നെ കേരളത്തിലെ ജനസംഖ്യയുടെ മൂന്നിരട്ടി വരും. ഇന്ത്യയിലെ ബഹുഭൂരിപക്ഷം പട്ടിണിക്കാരും ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, അസം എന്നീ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ഇവിടങ്ങളിൽ നിന്ന് പട്ടിണി പോയാൽ ഇന്ത്യ ഏതാണ്ട് പട്ടിണിയില്ലാത്ത രാജ്യമാകും.
ഇന്ത്യയിൽ ദരിദ്രർ ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്, 0.79 ശതമാനം പേർ. അതും കുറച്ചു കൊണ്ടു വരാനുള്ള കഠിനശ്രമത്തിലാണ് നമ്മൾ.
അപ്പോഴാണ് ഈ പട്ടിണിക്കൂനയുടെ മുകളിൽ കയറി ഇരുന്ന് ആദിത്യനാഥ് പറയുന്നത്, യു പി കേരളം ആകാതിരിക്കാൻ വോട്ട് ചെയ്യുക എന്ന്!!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.