കുഞ്ഞു വാമികയുടെ ചിത്രം വൈറലായി; കോഹ്ലി പ്രതികരിച്ചത് ഇങ്ങനെ
text_fieldsന്യൂഡൽഹി: ഒരു വയസ് ആവാറായിട്ടും ക്യാമറക്കണ്ണുകളിൽ നിന്ന് മറച്ചുപിടിച്ചായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ വിരാട് കോഹ്ലിയുടെയും ബോളിവുഡ് താരം അനുഷ്ക ശർമയും മകൾ വാമികയെ വളർത്തിയത്. അവളുടെ സ്വകാര്യതയെ മാനിക്കുന്ന കൊണ്ടാണ് ചിത്രങ്ങൾ പങ്കുവെക്കാത്തതെന്നാണ് സെലിബ്രിറ്റി കപ്പിൾസ് ഇതിന് വിശദീകരണമായി പറഞ്ഞത്.
ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം മത്സരത്തിനിടെ അനുഷ്കയുടെയും മകളുടെയും ചിത്രം സമൂഹിക മാധ്യമങ്ങളിൽ വൈറലായി. കോഹ്ലി അർധസെഞ്ച്വറി തികച്ചതിന് പിന്നാലെയാണ് ചാനൽ ക്യാമറകൾ അനുഷ്ക ശർമയുടെ നേരെ തിരിഞ്ഞത്. വിഡിയോ ഇന്റർനെറ്റിൽ വൈറലാകുകയും 'വാമിക' ട്വിറ്ററിൽ ട്രെൻഡിങ്ങാകുകയും ചെയ്തു. ഇതിനിടെ വാമികയുടെ ചിത്രം സ്ക്രീൻ ഷോട്ട് എടുത്ത് ഒരാൾ ട്വിറ്റർ അക്കൗണ്ട് വഴി പ്രചരിപ്പിച്ചു.
'വാമിക ഇന്ന് ട്രെൻഡിങ്ങിൽ വരും, 71ാം സെഞ്ച്വറി അടിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കിങ് കോഹ്ലി അത് തന്റെ ഭാഗ്യവതിയായ വാമികയ്ക്ക് സമർപ്പിക്കും' -ചിത്രത്തിനൊപ്പം ട്വിറ്റർ ഉപയോക്താവ് കുറിച്ചു.
എന്നാൽ മകളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് വിലക്കി കോഹ്ലി സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തി. മത്സത്തിനിടെ ക്യാമറകൾ മകളുടെ ചിത്രം പകർത്തുന്ന കാര്യം അറിയില്ലായിരുന്നുവെന്നും ഈ വിഷയത്തിൽ ഞങ്ങളുടെ നിലപാടും അഭ്യർഥനയും അതേപടി തുടരുന്നതായും കോഹ്ലി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. തങ്ങൾ നേരത്തെ വിശദീകരിച്ച കാരണങ്ങളാൽ വാമികയുടെ ചിത്രങ്ങൾ ക്ലിക്ക് ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തില്ലെങ്കിൽ അതിനെ അഭിനന്ദിക്കുമെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു.
ഇന്‍റർനെറ്റിൽ തരംഗമായ ചിത്രം പങ്കുവെച്ചതിനെ വിമർശിച്ചും, കൈയ്യടിച്ചും നിരവധി പ്രതികരണങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. അവരുടെ സ്വകാര്യതയെ മാനിച്ച് ചിത്രം ഇന്‍റർനെറ്റിൽ നിന്നും നീക്കം ചെയ്യണമെന്ന് ഒരു വിഭാഗം കോഹ്‌ലി ആരാധകർ ആവശ്യപ്പെടുമ്പോൾ മകളുടെ മുഖം കാണിക്കേണ്ടതില്ലെങ്കിൽ അനുഷ്‌ക എന്തിനാണ് വാമികയെ ക്യാമറയ്ക്ക് മുൻപിൽ കൊണ്ട് വന്നതെന്ന് മറ്റൊരു വിഭാഗം ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.