ആരതിയുഴിഞ്ഞ് ഹോളിവുഡ് നടൻ, പ്രകീർത്തിച്ച് സംഘ് പ്രൊഫൈലുകൾ; യാഥാർഥ്യമെന്ത് ?
text_fieldsസംഘപരിവാറുമായി ബന്ധമുള്ള ആളുകളുടെ ട്വിറ്റർ ഹാൻഡിലുകളിൽ കഴിഞ്ഞ ദിവസം നിറഞ്ഞു നിന്നത് ഹോളിവുഡ് നടനും മുൻ ഗുസ്തി താരവുമായ ഡ്വയിൻ ജോൺസന്റെ ചിത്രങ്ങളായിരുന്നു. ഹിന്ദു പൂജാരിയെ പോലെ വേഷമിട്ട് ആരതിയുഴിയുന്ന ജോൺസന്റെ ചിത്രങ്ങളാണ് സംഘ് പ്രൊഫൈലുകളിൽ നിറഞ്ഞത്. അമ്പലമെന്ന് തോന്നിക്കുന്ന ഒരു സ്ഥലത്ത് നിന്നായിരുന്നു അദ്ദേഹത്തിന്റെ ആരതിയുഴിയൽ.
സൂറത്ത് ലിറ്റററി ഫൗണ്ടേഷന് വേണ്ടി പ്രവർത്തിക്കുന്ന ഗോപാൽ ഗോസ്വാമിയാണ് ചിത്രം പങ്കുവെച്ചവരിലെ പ്രമുഖരിൽ ഒരാൾ. ട്വീറ്റിന് ഒരു മില്യണിലേറെ ലൈക്കുകളാണ് കിട്ടിയത്. റിന്തി ചാറ്റർജി പാണ്ഡേയെന്ന ട്വിറ്റർ അക്കൗണ്ടിലും ചിത്രം പ്രത്യക്ഷപ്പെട്ടു. സനാതനമാണ് സത്യമെന്ന കാപ്ഷനോടെയായിരുന്നു ചിത്രം വന്നത്. പിന്നീട് 'ഹിന്ദു ഹൃദയ സാമ്രാട്ട് ഡ്വയിൻ ജോൺസൺ' എന്ന കാപ്ഷനോടെ ദീപ്തി എന്ന അക്കൗണ്ടിൽ നിന്നും ട്വീറ്റ് വന്നു. ഇതേ തുടർന്ന് നിരവധി ഫേസ്ബുക്ക്, ട്വിറ്റർ യൂസർമാരാണ് ചിത്രം പങ്കുവെച്ചത്.
എന്നാൽ, ആൾട്ട് ന്യൂസ് ചിത്രം വിശദമായി പരിശോധിച്ചതിൽ നിന്നും ഇത് വ്യാജമാണെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഡ്വയിൻ ജോൺസൺ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ അടുത്തിടെ അപ്ലോഡ് ചെയ്ത ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ ഇടതു കൈയിൽ നിന്നും തുടങ്ങി കഴുത്ത് വരെ നീളുന്നൊരു ടാറ്റുവുണ്ട്. എന്നാൽ, വൈറൽ ചിത്രങ്ങളിൽ ടാറ്റു കൈയിൽ മാത്രം ഒതുങ്ങുകയാണ്. ചില ചിത്രങ്ങളിൽ ടാറ്റു തന്നെ ഇല്ല. അതുപോലെ ചിത്രങ്ങളിലുള്ള ടാറ്റുവിന് ജോൺസന്റെ കൈയിലുള്ളതുമായി ഒരു സാമ്യവുമില്ല.
എ.ഐയുടെ സഹായത്തോടെ തയാറാക്കിയ വ്യാജ ചിത്രങ്ങളാണ് സംഘ് പ്രൊഫൈലുകൾ പങ്കുവെച്ചതെന്ന് ഇതിലൂടെ വ്യക്തമാകും. ഇതിന് പിന്നാലെ അഹമ്മദാബാദിൽ നിന്നുള്ള ഫോട്ടോഗ്രാഫറായ ഭാർഗവ് വലേറ ചിത്രങ്ങൾ താൻ സൃഷ്ടിച്ചതാണെന്ന അവകാശവാദവുമായി രംഗത്തെത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.