അന്നയാൾ പറഞ്ഞു -പ്രവാസികൾ മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കാൻ അഷ്റഫ് ഭായി ഉണ്ടല്ലോ ' ;പിന്നീടയാളെ കണ്ടത് മോർച്ചറിയുടെ തണുപ്പിൽ
text_fieldsദുബൈ: ''അഷ്റഫ് ഭായി, നിങ്ങള്‍ ഇവിടെയുളളതാണ് ഞങ്ങള്‍ പ്രവാസികള്‍ക്ക് ഏക ആശ്വാസം, പ്രവാസികളായ ഞങ്ങള്‍ മരണപ്പെടുകയാണെങ്കില്‍ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലേക്ക് അയക്കാന്‍ ആളുണ്ടല്ലോ " - പ്രവാസ ലോകത്തെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയെ കുറച്ച് ദിവസം മുമ്പ് പരിചയപ്പെട്ടപ്പോൾ കോട്ടയം പാമ്പാടി സ്വദേശി എബ്രഹാം പറഞ്ഞ വാക്കുകളാണിത്.
രണ്ട് ദിവസം മുമ്പ് അഷ്റഫ് വീണ്ടും എബ്രഹാമിനെ കണ്ടു. മോർച്ചറിയിൽ മരവിച്ച നിലയിൽ. മോർച്ചറിയിലെ തണുപ്പിനെക്കാളേറെ മനസ്സ് മരവിച്ച് പോയ ആ നിമിഷത്തെ കുറിച്ച് അഷ്റഫ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് മനുഷ്യ ജീവിതത്തിൻ്റെ, പ്രത്യേകിച്ച് പ്രവാസി ജീവിതത്തിൻ്റെ നൈമിഷികതയെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലായുകയാണ്. പ്രവാസി ഗ്രൂപ്പുകളിൽ അതിവേഗം പ്രചരിക്കുന്ന അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം -
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പരിപാടിയില്‍ പങ്കെടുക്കുവാന്‍ പോയപ്പോള്‍ ഒരു അപരിചിതന്‍ എന്നെ വന്ന് പരിചയപ്പെടുകയുണ്ടായി.എന്നിട്ട് അയാള്‍ പറഞ്ഞു അഷ്റഫ് ഭായി നിങ്ങള്‍ ഇവിടെയുളളതാണ് ഞങ്ങള്‍ പ്രവാസികള്‍ക്ക് ഏക ആശ്വാസം, പ്രവാസികളായ ഞങ്ങള്‍ മരണപ്പെടുകയാണെങ്കില്‍ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലേക്ക് അയക്കാന്‍ ആളുണ്ടല്ലോ എന്ന് പറഞ്ഞ് അയാള്‍ ചിരിച്ചു.കുറച്ച് നേരം നിന്ന് ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചിട്ട് അദ്ദേഹം യാത്ര പറഞ്ഞ് പോവുകയും ചെയ്തു.
രണ്ട് ദിവസം മുമ്പ് എനിക്ക് ഒരു മരണവാര്‍ത്ത വന്നു,ദുബായിലെ ആശുപത്രിയില്‍ വെച്ചാണ് മരണം.മരണകാരണം ഹൃദയാഘാതം. പേപ്പറുകള്‍ ശരിയാക്കുന്നതിന്‍റെ ഭാഗമായി ആശുപത്രിയില്‍ പോയി മൃതദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ ആകെ മരവിച്ചു പോയി.കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എന്നെ വന്ന് പരിചയപ്പെട്ട ആള്‍,ഞാന്‍ വീണ്ടും ആ മയ്യത്തിനെ നോക്കി, മുഖത്ത് യാതൊരു വിത്യാസമില്ലാതെ പുഞ്ചിരിയോടെ അയാള്‍ ഉറങ്ങുകയാണ്.ഞങ്ങള്‍ മരണപ്പെടുകയാണെങ്കില്‍ മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ അഷ്റഫ് ഭായിയുണ്ടല്ലോ എന്ന് പറഞ്ഞുകൊണ്ട് ചിരിച്ച അതേ പുഞ്ചിരി ഞാന്‍ ആ മയ്യത്തിന്‍റെ മുഖത്ത് കണ്ടു.എല്ലാം പറഞ്ഞ് ഉറപ്പിച്ചത് പോലെ,എന്‍റെ റബ്ബേ എന്തൊരു വിധിയാണ് ഇത്.കുറച്ച് നേരം ആ മോര്‍ച്ചറിയുടെ തണുപ്പിനെക്കാളേറെ മനസ്സിന് മരവിപ്പ് തോന്നി പോയി.
രാവിലെയായാല്‍ രാത്രി പ്രതീക്ഷിക്കരുത്. രാത്രിയായാല്‍ പകലും.നമ്മുടെ ഈ ജീവിതത്തില്‍ പരലോകത്തിന് വേണ്ടി നന്മകള്‍ കരുതിവെക്കുക.
ഇന്ന് നാല് മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്. നാലും മലയാളികളായിരുന്നു.അതില്‍ കുറച്ച് നേരമെങ്കിലും എന്നെ വന്ന് പരിചയപ്പെട്ട എബ്രഹാമെ,നിങ്ങളെ കുറച്ച് എഴുയിയില്ലാ എങ്കില്‍ ഈ മുഖപുസ്തകത്തിന്‍റെ ഇന്നത്തെ എഴുത്ത് പൂര്‍ത്തിയാകില്ല.
കോട്ടയം പാമ്പാടി സ്വദേശി തത്താം പളളിയില്‍ മത്തായിയുടെ മകനാണ് എബ്രഹാം.26 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രവാസ ജീവിതം ആരംഭിക്കുന്നത്.ദുബായിലെ Salem Jacobson trading കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി നോക്കി വരുകയായിരുന്നു.മക്കളെല്ലാം നാട്ടിലാണ്.മരിക്കുന്ന സമയം പരേതന് 64 വയസ്സായിരുന്നു.ഭാര്യ ലീന ഈപ്പന്‍ മയ്യത്തിനോടപ്പം പോയി.
പ്രിയപ്പെട്ട എബ്രഹാമെ നിങ്ങളുടെ മയ്യത്ത് വെെകാന്‍ ഞാന്‍ സമയം കൊടുത്തിട്ടില്ല. നിങ്ങളുടെ ആഗ്രഹം പോലെ നിങ്ങളുടെ ജന്മനാട്ടിലേക്ക് അന്ത്യകര്‍മ്മത്തിനായി യാത്രയപ്പ് നല്‍കുകയാണ്.
ഇന്ന് നീ,നാളെ ഞാന്‍ എന്ന ഉത്തമബോധത്തോടെ
അഷ്റഫ് താമരശ്ശേരി
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പരിപാടിയില്‍ പങ്കെടുക്കുവാന്‍ പോയപ്പോള്‍ ഒരു അപരിചിതന്‍ എന്നെ വന്ന്...
Posted by Ashraf Thamarasery on Monday, 11 January 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.