ഹെൽമെറ്റ് ഇടാൻ മടിക്കരുത്, ഈ അപകട ദൃശ്യങ്ങൾ കണ്ടതിന് ശേഷമെങ്കിലും -VIDEO
text_fieldsബൈക്ക് യാത്രികരുടെ ജീവന്‍റെ പടച്ചട്ടയാണ് ഹെൽമെറ്റ്. ചെറിയ അപകടങ്ങൾ പോലും വലിയ ദുരന്തങ്ങളിലേക്ക് വഴിമാറുന്നത് ഹെൽമെറ്റ് ധരിക്കാതിരിക്കുമ്പോഴാണ്. ഇരുചക്രയാത്രികർക്ക് ജീവഹാനി സംഭവിക്കുന്ന അപകടങ്ങൾ ഏറെയും സംഭവിക്കുന്നത് ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുമ്പോഴാണ്.
ഹെൽമെറ്റ് ധരിച്ചുമാത്രമേ വണ്ടിയോടിക്കൂവെന്ന് ദൃഢനിശ്ചയം ചെയ്തവരുണ്ട്. അതേസമയം, എന്തുവന്നാലും ഹെൽമെറ്റിട്ട് വണ്ടിയോടിക്കാൻ തങ്ങളെ കിട്ടില്ലെന്ന നിലപാടുകാരുമുണ്ട്.
ഹെൽമെറ്റ് ധരിക്കാൻ ഇത്തരക്കാർ വിമുഖത കാട്ടുന്നതിന് കാരണം പലതാണ്. മുടികൊഴിയുമെന്നത് മുതൽ മുഖം പുറത്തുകാണില്ലെന്നതുവരെയുള്ള കാരണങ്ങൾ ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളൊരു ഇരുചക്ര വാഹനം ഓടിക്കുന്നയാളാണെങ്കിൽ ബംഗളൂരു പൊലീസ് ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ കണ്ടാൽ പിന്നെ ഹെൽമെറ്റ് ധരിക്കാതെ പുറത്തിറങ്ങില്ല. കാരണം, അത്രയേറെ ഭയാനകമായൊരു അപകടത്തിൽ നിന്ന് ബൈക്ക് യാത്രികന്‍റെ ജീവൻ രക്ഷിക്കുന്നത് തലയിൽ അണിഞ്ഞ ഹെൽമെറ്റാണ്. നിയന്ത്രണംവിട്ട് ബസിന്‍റെ പിൻചക്രത്തിനടിയിലേക്ക് ബൈക്ക് യാത്രികൻ തെറിച്ചുവീഴുകയാണ്. പിൻചക്രം തലയിൽ കയറിയെങ്കിലും ഹെൽമെറ്റ് രക്ഷകനാകുന്ന കാഴ്ചയാണ് കാണാനാവുക.
ബംഗളൂരു ട്രാഫിക് ജോയിന്‍റ് കമീഷണർ ഡോ. ബി.ആർ. രവികാന്ത് ഗൗഡയാണ് ഈ അപകടദൃശ്യം പങ്കുവെച്ചത്. ഐ.എസ്.ഐ മാർക്കുള്ള ഗുണനിലവാരമുള്ള ഹെൽമെറ്റ് ജീവൻ രക്ഷിക്കും എന്ന തലക്കെട്ടോടെയായിരുന്നു ട്വീറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.