20 കോടിയുടെ വളർത്തുനായെ സ്വന്തമാക്കി ബംഗളൂരു സ്വദേശി
text_fieldsബംഗളൂരു: സംഗതി നായ് തന്നെയാണ്. പക്ഷേ വില കേട്ടാൽ ഞെട്ടും, 20 കോടി രൂപ. റോൾസ് റോയ്സ് കാറിനെക്കാൾ വിലയുള്ള വളർത്തുനായെ സ്വന്തമാക്കിയത് ബംഗളൂരു നഗരത്തിലെ കെന്നൽ ക്ലബ് ഉടമയായ സതീഷ് ആണ്. ഒന്നരവയസ്സ് വരുന്ന കൊക്കേഷ്യൻ ഷെപ്പേർഡ് ഇനത്തിൽപെട്ട നായ്ക്കുട്ടിയെയാണ് സതീഷ് ഹൈദരാബാദിൽ നിന്ന് ആറു മാസം മുമ്പ് വാങ്ങിയത്. ഒരു കൊക്കേഷ്യൻ ഷെപ്പേർഡിന്റെ ശരാശരി ഉയരം 23-30 ഇഞ്ച് ആണ്. ഭാരം 45 മുതൽ 77 കിലോഗ്രാം വരെയാണ്. 10 മുതൽ 12 വർഷം വരെയാണ് ആയുസ്സ്. കാഡബോം ഹെയ്ഡർ എന്നാണ് നായ്ക്കുട്ടിക്ക് പേരിട്ടിരിക്കുന്നത്.
റഷ്യ, തുർക്കിയ, അർമീനിയ രാജ്യങ്ങളിൽ കണ്ടുവരുന്ന കൊക്കേഷ്യൻ നായ്ക്കൾ മികച്ച കാവൽക്കാരാണ്. പഴയ സോവിയറ്റ് യൂനിയനിലെ ബ്രീഡർമാരാണ് കൊക്കേഷ്യൻ വിഭാഗത്തെ സൃഷ്ടിച്ചെടുത്തത്.
വിലകൊണ്ട് വാർത്തകളിൽ ഇടംപിടിച്ച തന്റെ കൊക്കേഷ്യൻ ഷെപ്പേർഡിനെ പരിചയപ്പെടുത്തുന്നതിനായി ഫെബ്രുവരിയിൽ ബംഗളൂരുവിൽ മെഗാ ഇവന്റ് നടത്താനാണ് ഇന്ത്യൻ ഡോഗ് ബ്രീഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ സതീഷ് പദ്ധതിയിടുന്നത്.
നേരത്തെയും വൻ വില കൊടുത്ത് സതീഷ് ഇഷ്ട നായ്ക്കളെ സ്വന്തമാക്കിയിരുന്നു. തിബത്തൻ മാസ്റ്റിഫിനെ 10 കോടിരൂപക്കും അലാസ്കിയൻ മലമൂട്ടിനെ എട്ടു കോടിരൂപക്കും കൊറിയൻ മാസ്റ്റിഫിനെ ഒരു കോടി രൂപക്കുമാണ് നേരത്തേ സതീഷ് വാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.