അന്ന് കോമഡി മാൻ; ഇന്ന് സൂപ്പർ മാൻ - ഭഗവന്ത് മാനിന്റെ പഴയ കോമഡി വീഡിയോകൾ വൈറൽ
text_fieldsഅമൃത്സർ: പഞ്ചാബിൽ തകർപ്പൻ വിജയം കൈവരിച്ച ആം ആദ്മി പാർട്ടിയുടെ മുൻനിര നായകൻ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിന്റെ പഴയ കോമഡി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മുമ്പ് കോമഡി ഷോകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ഭഗവന്ത് മാൻ, തെരഞ്ഞെടുപ്പിൽ തോറ്റ കോൺഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദു ജഡ്ജ് ആയ ഷോയിൽ അടക്കം പരിപാടി അവതരിപ്പിക്കുന്ന വീഡിയോകൾ ആണ് പ്രചരിക്കുന്നത്.
സിദ്ദു ജഡ്ജ് ആയ സ്റ്റാർ പ്ലസ് ചാനലിലെ 'ജോക് സഭ' പരിപാടിയിൽ അവതരിപ്പിച്ച സ്റ്റാൻഡ് അപ് കോമഡിയിൽ രാഷ്ട്രീയത്തെയും ജനാധിപത്യത്തെയും സർക്കാറിനെയുമൊക്കെ കുറിച്ചുള്ള മാനിന്റെ തമാശകൾക്ക് ചിരിക്കുന്ന സിദ്ദുവിനെയും വീഡിയോയിൽ കാണാം. 'പണ്ട് സിദ്ദുവിനെ ചിരിപ്പിച്ചു, ഇന്ന് സിദ്ദുവിനെ ചിന്തിപ്പിക്കുന്നു' തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മാൻ ഒരു വിദ്യാർഥിയായി അഭിനയിക്കുന്ന മറ്റൊരു വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 'വലുതാകുമ്പോൾ ആരാകാനാണ് ആഗ്രഹം?' എന്ന് അധ്യാപകൻ ചോദിക്കുമ്പോൾ 'മതിയായ വിദ്യാഭ്യാസം കിട്ടിയാൽ ഞാൻ ഒരു ഉദ്യോഗസ്ഥനാകും, ഇല്ലെങ്കിൽ എം.എൽ.എയോ മന്ത്രിയോ ആകും' എന്നാണ് മാൻ മറുപടി നൽകുന്നത്. ഇപ്പോൾ രാഷ്ട്രീയ നേതാവായി മാറിയ മാനിന്റെ പുതിയ രൂപവും കൂടി ചേർത്താണ് വീഡിയോ തയാറാക്കിയിരിക്കുന്നത്.
പഞ്ചാബിലെ 117 നിയമസഭ സീറ്റിൽ 92ഉം സ്വന്തമാക്കിയാണ് ആം ആദ്മി പാർട്ടി വൻ നേട്ടം കൊയ്തത്. തന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഭഗത് സിങിന്റെ ജന്മഗ്രാമത്തിലാകും നടക്കുകയെന്ന് ഭഗവന്ത് മാൻ വിജയാഘോഷത്തിനുശേഷം പറഞ്ഞിരുന്നു. 'ഒരു സർക്കാർ ഉദ്യോഗസ്ഥന്റെയും പക്കൽ മുഖ്യമന്ത്രിയുടെ ചിത്രം ഉണ്ടാകില്ല. പകരം ഭഗത് സിങിന്റെയും ബി.ആർ. അംബേദ്കറുടെയും ചിത്രമാണ് ഉണ്ടാകുക'- മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.