നന്ദി മെഹ്ബൂബ്, ആ ജീവൻ മുറുകെ പിടിച്ചതിന്- ട്രെയിനിനടിയിൽപ്പെട്ട പെൺകുട്ടിയെ രക്ഷിച്ച് യുവാവ്
text_fieldsഭോപാൽ: മധ്യപ്രദേശിൽ നീങ്ങിക്കൊണ്ടിരിക്കുന്ന ട്രെയിനിനടിയിൽപ്പെട്ട പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച് യുവാവ്. ഫെബ്രുവരി അഞ്ചിന് നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് വിവരം പുറംലോകമറിയുന്നത്. ആശാരിയായ മുഹമ്മദ് മെഹ്ബൂബ് എന്ന 37കാരനാണ് സ്വന്തം ജീവൻ പോലും പണയംവെച്ച് പെൺകുട്ടിയെ രക്ഷിച്ചത്. പെണ്‍കുട്ടിയെ പിടിച്ചുമാറ്റാനുള്ള സമയമില്ലാത്തതിനാല്‍ ട്രെയിന്‍ കടന്നുപോകുന്നത് വരെ അവളെയും പിടിച്ച് ട്രാക്കില്‍തന്നെ കിടക്കുകയായിരുന്നു മെഹ്ബൂബ്.
അഞ്ചിന് വൈകുന്നേരം ബർഖേഡി ഏരിയയിലെ തന്റെ പണിശാലയിലേക്ക് പോകുമ്പോളാണ് മെഹ്ബൂബ് പൈൺകുട്ടി അപകടത്തിൽപ്പെടുന്നത് കണ്ടത്. ഗുഡ്‌സ് ട്രെയിൻ കടന്നുപോകുന്നതിന് വേണ്ടി കാത്തുനിന്ന മെഹ്ബൂബ് മാതാപിതാക്കളോടൊപ്പം നിൽക്കുകയായിരുന്ന പെൺകുട്ടി പെട്ടെന്ന് ട്രാക്കിൽ വീഴുന്നത് കാണുകയായിരുന്നു. ട്രെയിൻ പെൺകുട്ടിക്ക് തൊട്ടടുത്തെത്തിയെന്ന് മനസ്സിലാക്കിയ മെഹ്ബൂബ് സ്വന്തം ജീവനെ കുറിച്ച് പോലും ചിന്തിക്കാതെ എഴുന്നേൽക്കാൻ പാടുപെടുന്ന പെൺകുട്ടിയുടെ അടുത്തേക്ക് ഓടിയെത്തി.
പെൺകുട്ടിയെ രക്ഷിക്കാൻ അധികം സമയമില്ലെന്ന് മനസ്സിലാക്കിയ മെഹ്ബൂബ് ട്രാക്കിലൂടെ ഇഴഞ്ഞുനീങ്ങി പെൺകുട്ടിയുടെ അടുത്തെത്തുകയും ജീവൻ രക്ഷിക്കാനായി ട്രാക്കിന് നടുവിലേക്ക് കിടത്തുകയുമായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ തട്ടാതിരിക്കാൻ തല താഴ്ത്തി പിടിക്കുകയും ചെയ്തു. ട്രെയിൻ കടന്നുപോയതോടെ അവിടെ കൂടിയിരുന്നവർ മെഹ്ബൂബിനെ അഭിനന്ദനങ്ങൾ കൊണ്ടു മൂടി. പെൺകുട്ടിയുടെ മാതാപിതാക്കളും ഓടിയെത്തി മെഹ്ബൂബിനെ ആലിംഗനം ചെയ്തു.
'ചുവന്ന സൽവാർ ധരിച്ചിരുന്ന പെൺകുട്ടി പ്ലാറ്റ്ഫോമിൽ നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ആളുകൾ ഉച്ചത്തിൽ നിലവിളിക്കുന്നത് കേട്ടപ്പോളാണ് പെൺകുട്ടി ട്രാക്കിൽ വീണ് കിടക്കുന്നത് കണ്ടത്. വേറെ ഒന്നും ആലോചിക്കാതെ ട്രെയിനിനു മുന്നിലേക്കു കുതിക്കുകയായിരുന്നു. വേറെ ആർക്കു വേണ്ടിയാണെങ്കിലും ഞാൻ ഇതുതന്നെ ചെയ്യുമായിരുന്നു' – മെഹ്ബൂബ് പറയുന്നു.
തങ്ങൾക്കൊപ്പം പ്ലാറ്റ്ഫോമിൽ നിന്നിരുന്ന പെൺകുട്ടി പൊടുന്നനെ കാൽവഴുതി ട്രാക്കിൽ വീഴുകയായിരുന്നുവെന്നും മെഹ്ബൂബിന്റെ മനഃസ്സാന്നിധ്യം കൊണ്ടുമാത്രമാണ് മകളുടെ ജീവൻ തിരികെ കിട്ടിയതെന്നുമായിരുന്നു പെൺകുട്ടിയുടെ മാതാപിതാക്കളുടെ പ്രതികരണം. പെൺകുട്ടി ട്രാക്കിൽ വീഴുന്നതുകണ്ട് ആളുകൾ അമ്പരന്നുനിന്നപ്പോൾ മെഹ്ബൂബ് നടത്തിയ ധീരശ്രമത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.