മോർബിയിലെ ബി.ജെ.പി സ്ഥാനാർഥിയുടെ 'വ്യാജ' രക്ഷാപ്രവർത്തനം; വിഡിയോ വൈറൽ
text_fieldsഗുജറാത്ത് നിയമസഭാ തിരെഞ്ഞടുപ്പിൽ മോർബി മണ്ഡലത്തിൽ നിന്ന് വിജയിച്ച കാന്തിലാൽ അമൃതീയയുടെ വിഡിയോ വൈറലാകുന്നു. മോർബി തൂക്കുപാല ദുരന്തമുണ്ടായ സമയത്ത് പ്രചരിച്ച വിഡിയോയാണ് വീണ്ടും ജനശ്രദ്ധ ആകർഷിക്കുന്നത്. മോർബി അപകടം നടന്നപ്പോൾ ലൈഫ് ജാക്കറ്റുമിട്ട് കാന്തിലാൽ അമൃതീയ രക്ഷപ്രവർത്തനത്തിനായി നദിയിലേക്ക് ഇറങ്ങിയിരുന്നു. എന്നാൽ അന്ന് അദ്ദേഹം നടത്തിയത് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നാണ് വിമർശകർ പറയുന്നത്.
മോർബി ദുരന്ത സമയത്ത് അമൃതീയയുടെ വീഡിയോകളും ഫോട്ടോകളും നവമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷയെയും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെയും ടാഗ് ചെയ്ത് വീഡിയോ അമൃതീയ തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തു. താൻ സ്ഥലത്തുണ്ടെന്നും അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അമൃതീയ വീഡിയോയ്ക്ക് ഒപ്പം കുറിച്ചു.
അപകടത്തിന്റെ നടുക്കം മാറുംമുൻപേ നവംബർ പത്തിനാണ് ബി.ജെ.പി ഗുജറാത്തിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. 160 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടികയിൽ മോർബിയും ഉണ്ടായിരുന്നു. അതുവരെ സ്ഥാനാർഥിയായി ഒരു സാധ്യതയും ഇല്ലാതിരുന്ന അമൃതീയ നാടകീയമായി മത്സരാർഥികളുടെ പട്ടികയിൽ ഇടം പിടിക്കുന്നതാണ് പിന്നീട് കാണുന്നത്. 38 സിറ്റിങ് എം.എൽ.എമാരെ മാറ്റിയപ്പോൾ മോർബിയിൽ സീറ്റ് ഉറപ്പിച്ച മന്ത്രിയും സിറ്റിംഗ് എം.എൽ.എയുമായ ബ്രിജേഷ് മെർജയും പട്ടികയ്ക്ക് പുറത്തായി. അതുവരെ പരിഗണനയിൽ പോലും ഉണ്ടാകാതിരുന്ന കാന്തിലാൽ അമൃതീയ രക്ഷപ്രവർത്തനത്തിൽ പങ്കാളിയായി എന്ന ഒറ്റകാരണം കൊണ്ടു പട്ടികയിൽ ഇടം പിടിക്കുകയും ചെയ്തു.
മോർബിയിലെ രക്ഷപ്രവർത്തകന് ഒരു വോട്ട് എന്നതായിരുന്നു മണ്ഡലത്തിൽ ബിജെപിയുടെ പ്രചാരണ മുദ്രാവാക്യം. അമൃതീയയുടെ സ്ഥാനാർഥിത്വം ബി.ജെ.പിയ്ക്ക് ഗുണം ചെയ്തു. കോൺഗ്രസ് സ്ഥാനാർഥി ജയന്തിലാൽ പട്ടേലിനെയും ആംആദ്മി പാർട്ടിയുടെ പങ്കജ് ജയന്തിലാലിനെയും ബഹുദൂരം പിന്നിലാക്കി അമൃതീയ വലിയ വിജയം നേടി.
എന്നാൽ കാന്തിലാൽ അമൃതീയ നടത്തിയ രക്ഷാപ്രവർത്തന നാടകം തട്ടിപ്പാണെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. മോർബി ദുരന്ത സമയത്ത് ഇദ്ദേഹം പങ്കുവച്ച വിഡിയോയിൽ ഒരുവശത്തുകൂടി ആളുകൾ നടന്നുപോകുന്നത് കാണാമായിരുന്നു. നടന്നുപോകാൻ തക്കവണ്ണം ആഴമുള്ള ഇടത്ത് ലൈഫ് ജാക്കറ്റുമിട്ട് തുഴഞ്ഞുപോയ കാന്തിലാൽ അവസാനം എം.എൽ.എ സീറ്റ് അടിച്ചെടുക്കുന്ന കാഴ്ച്ചയാണ് കണ്ടെതെന്ന് വിമർശകർ പറയുന്നു.
തന്റെ രക്ഷാപ്രവർത്തനങ്ങളെ കാന്തിലാൽ തന്നെ വൻതോതിൽ പ്രമോട്ട് ചെയ്തിരുന്നു. താൻ ലൈഫ് ജാക്കറ്റുമിട്ട് നദിയിലിറങ്ങിയപ്പോൾ കോൺഗ്രസ് ആം ആദ്മി പാർട്ടി നേതാക്കൾ ചാനലുകൾക്ക് ഇന്റർവ്യൂ നൽകുകയായിരുന്നു എന്നാണ് അന്ന് കാന്തിലാൽ പറഞ്ഞത്.
എന്നാൽ അന്നുതന്നെ വിഡിയോയ്ക്ക് താഴെ പരിഹാസവുമായി രവധിപേർ വന്നിരുന്നു. എം.എൽ.എ സ്ഥാനം മുന്നിൽകണ്ട് അമൃതീയ നടത്തിയ വ്യാജ രക്ഷാപ്രവർത്തനം വിജയം കണ്ടു എന്നാണ് വിമർശകർ പറയുന്നത്. ഈ വിഡിയോകൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.