ഇതാ ഒരു വെറൈറ്റി ഫൈൻ! വിവാഹ വിരുന്നിന് വരാതിരുന്ന അതിഥികൾക്ക് 17,000 രൂപയുടെ ബില്ലയച്ച് ദമ്പതികൾ
text_fieldsചിക്കാഗോ: ലോക്ഡൗൺ സമയത്ത് വിവിധ ഇനം ൈഫനുകൾ കണ്ട മലയാളികൾക്ക് മുന്നിലേക്ക് ഇതാ ഒരു വെറൈറ്റി ഫൈൻ. വിവാഹ വിരുന്നിന് വരാതെ 'പറ്റിച്ച' അതിഥികളിൽ നിന്ന് ഫൈൻ ഈടാക്കാനുള്ള ശ്രമത്തിലാണ് ചിക്കാഗോയിലെ ദമ്പതികൾ. മുൻകൂട്ടി അറിയിക്കാതെ വിരുന്നിൽ പങ്കെടുക്കാഞ്ഞതിനെ തുടർന്നുള്ള നഷ്ടം നികത്താൻ 240 ഡോളർ (ഏകദേശം 17639.23 രൂപ) നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ അതിഥികൾക്ക് ബില്ല് അയച്ചിരിക്കുന്നത്. തുക അടക്കുന്നതിന് ഒരു മാസത്തെ സാവകാശവും നൽകിയിട്ടുണ്ട്്. ഒരു അതിഥിക്ക് റിസപ്ഷൻ ഡിന്നറിനും മറ്റും ഇവർക്ക് ചെലവായ തുകയാണ് 240 ഡോളർ.
ഡൗഗ്-ഡെഡ്ര സിമ്മൺസ് ദമ്പതികളാണ് തങ്ങളുടെ വിവാഹ വിരുന്നിൽ പങ്കെടുക്കാതെ നഷ്ടം വരുത്തിവെച്ച അതിഥികൾക്ക് ഇ-മെയിലിലൂടെ ബിൽ അയച്ചുകൊടുത്തത്. ജമൈക്കയിലെ റോയൽട്ടൻ നെഗ്രിൽ റിസോർട്ട് ആൻഡ് സ്പായിലായിരുന്നു ഇവരുടെ വിവാഹ വിരുന്ന്. 'വിവാഹ വിരുന്നിൽ പങ്കെടുക്കുന്നവരുടെ അവസാനവട്ട കണക്കെടുപ്പിൽ നിങ്ങൾ ഉറപ്പായും പങ്കെടുക്കുമെന്ന് പറഞ്ഞതിനാലാണ് ഈ ഇൻവോയ്സ് നിങ്ങൾക്ക് അയക്കുന്നത്. വിരുന്നിൽ ഒരാൾക്ക് ചെലവായ തുകയാണ് ഇതിൽ കാണിക്കുന്നത്. നിങ്ങൾ വരില്ലയെന്ന് മുൻകൂട്ടി വിവരം നൽകാതിരുന്നതിനാൽ, ഈ തുക നേരത്തേ അടച്ച ഞങ്ങൾക്ക് നഷ്ടം ഉണ്ടായിരിക്കുകയാണ്. അതുകൊണ്ട് ഈ തുക നിങ്ങൾ ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങൾ വഴി (സെല്ലെ അല്ലെങ്കിൽ പേപാൽ) അയക്കാവുന്നതാണ്. ദയവായി ഞങ്ങളെ ബന്ധപ്പെടുകയും ഏത് പേയ്മെന്റ് മാർഗമാണ് നിങ്ങൾക്ക് അഭികാമ്യമെന്ന് അറിയിക്കുകയും ചെയ്യുക. നന്ദി'- എന്ന കുറിപ്പും ബില്ലിനൊപ്പം വെച്ചിട്ടുണ്ട്.
നാല് തവണയിലേറെ ഓരോ അതിഥികളെയും വിളിച്ച് അവരുടെ സാന്നിധ്യം ഉറപ്പാക്കിയ ശേഷമാണ് ഭക്ഷണത്തിനും മറ്റുമുള്ള തുക അടച്ചതെന്ന് ദമ്പതികൾ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദമ്പതികൾ ഇതുസംബന്ധിച്ച വിവരങ്ങൾ പുറംലോകത്തെ അറിയിച്ചത്. തുടർന്ന് നിരവധി പേർ ഈ പോസ്റ്റ് ഏറ്റെടുത്തു. ആതിഥേയരുടെ വിഷമതകൾ മനസിലാക്കണമെന്ന് പറഞ്ഞ് ഒരു വിഭാഗം പോസ്റ്റിനെ അനുകൂലിച്ചപ്പോൾ, വിചിത്രമെന്നാണ് മറ്റ് ചിലർ പോസ്റ്റിനെ വിശേഷിപ്പിച്ചത്. തങ്ങളെ അനുകൂലിച്ച്, സമാന അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേർ സന്ദേശമയച്ചെന്ന് ദമ്പതികൾ അറിയിച്ചു. ഓരോ വിവാഹത്തിനും പിറന്നാൾ ആഘോഷത്തിനുമെല്ലാം നിരവധി പണം പണം ചെലവാകാറുണ്ടെന്നും അതിഥികൾ എത്താൻ സാധിക്കില്ലെന്ന് മുൻകൂട്ടി അറിയിച്ചാൽ ആതിഥേയരുടെ പണം പാഴായി പോകില്ലെന്നുമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.